പാലക്കാട് ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു; തിരക്കിൽപ്പെട്ട് ഒരാൾ മരിച്ചു, 15പേർക്ക് പരിക്ക്

Share our post

പാലക്കാട്: കല്ലേക്കാട് ഉത്സവത്തിനിടെ ആനയിടഞ്ഞതിനെ തുടർന്നുള്ള തിരക്കിൽപെട്ട് ഒരാൾ മരിച്ചു. 15പേർക്ക് പരിക്കേറ്റു.

വള്ളിക്കോട് സ്വദേശി ബാലസുബ്രഹ്മണ്യനാണ് (63) മരിച്ചത്. വെള്ളിയാഴ്ച രാത്രി 10 മണിയോടെ പാലക്കാട് പിരായിരി കല്ലേക്കാട് പാളയത്തെ മാരിയമ്മൻ പൂജാ ഉത്സവത്തിനെത്തിച്ച പുത്തൂർ ഗണേശൻ എന്ന ആനയാണ് ഇടഞ്ഞത്.

എഴുന്നള്ളത്ത് ക്ഷേത്രത്തിലെത്തി അവസാനിച്ചതിനെത്തുടർന്ന് വെടിക്കെട്ട് നടത്തിയയുടനെ ആന ഇടഞ്ഞ് ഓടുകയായിരുന്നു.

ആനപ്പുറത്തുണ്ടായിരുന്നവർ മുന്നിലുള്ള മരത്തിൽ തൂങ്ങി രക്ഷപ്പെട്ടു. ആന പിറകോട്ട് ഓടിയപ്പോൾ സമീപത്തുണ്ടായിരുന്ന ബാലസുബ്രഹ്മണ്യൻ ഓടിരക്ഷപ്പെടാൻ ശ്രമിക്കവെ വീഴുകയായിരുന്നു.

പരിക്കേറ്റ ബാലസുബ്രഹ്മണ്യനെ ജില്ലാ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവ സ്ഥലത്തുവച്ചു തന്നെ അദ്ദേഹം മരിച്ചതായാണ് നിഗമനം.

സമീപത്ത് നിർത്തിയിരുന്ന ഇരുചക്രവാഹനങ്ങളും ആന തകർത്തു. ആനയെ തളച്ച ശേഷം ലോറിയിൽ കയറ്റി പാപ്പാന്മാർ സംഭവസ്ഥലത്തുനിന്ന് മാറ്റുകയായിരുന്നു.

ഉത്സവം കാവുകയറാൻ മിനിട്ടുകൾ മാത്രം ശേഷിക്കെയാണ് അപകടമുണ്ടായത്. ആനയ്ക്കുമുന്നിലായി അമ്പലത്തോട് ചേർന്നാണ് കൂടുതൽ ആളുകളുണ്ടായിരുന്നത്.

ആനയിടഞ്ഞ് പിന്നോട്ടുപോയതിനാലാണ് വലിയ അപകടമുണ്ടാകാതിരുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!