സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വില വർദ്ധനവ് നിലവിൽ വന്നു; ഇന്ന് യു. ഡി .എഫ് കരിദിനം

Share our post

തിരുവനന്തപുരം: ബഡ്‌ജറ്റ് നിർദേശങ്ങൾ നിലവിൽ വന്നതോടെ പെട്രോളിന്റെയും ഡീസലിന്റെയും മദ്യത്തിന്റെയും വില സംസ്ഥാനത്ത് ഉയർന്നു. ഇതിന് പിന്നാലെ യു‌‌‌.ഡി.എഫ് ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും.

സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും നഗരസഭകളിലും യു.ഡി.എഫ് പ്രവർത്തകർ കറുത്ത ബാഡ്ജ് ധരിക്കും. കരിങ്കൊടി ഉയർത്തിയും പന്തം കൊളുത്തിയും പ്രതിഷേധം അറിയിക്കുമെന്നും യുഡിഎഫ് കൺവീനർ എം. എം ഹസൻ അറിയിച്ചു.

തിരുവനന്തപുരത്ത് രാവിലെ 11ന് രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും സെക്രട്ടേറിയറ്റിലേക്ക് പ്രകടനം നടത്തും. യുഡിഎഫ് ജില്ലാ കമ്മറ്റികളുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും പ്രതിഷേധം സംഘടിപ്പിക്കും. വെള്ളക്കരം, വൈദ്യുതി ചാര്‍ജ്, വീട്ടുകരം, ഇന്ധനവില എന്നിവ ഒരു നിയന്ത്രണവും ഇല്ലാതെ അശാസ്ത്രീയമായി വര്‍ദ്ധിപ്പിച്ച് ജനങ്ങള്‍ക്ക് എല്ലാ മേഖലകളിലും ദുര്‍ദിനമാണ് സമ്മാനിക്കുന്നതെന്ന് പറഞ്ഞ ഹസൻ കഴിഞ്ഞ ദിവസം വാർത്താക്കുറിപ്പിലൂടെ സർക്കാരിനെ വിമർശിച്ചിരുന്നു.

ചുട്ടുപൊള്ളുന്ന വേനല്‍ക്കാലത്ത് വെള്ളത്തിന് പോലും നികുതി ഏര്‍പ്പെടുത്തി ജനങ്ങളുടെ വെള്ളം കുടി മുട്ടിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ഇന്ധനവില വര്‍ദ്ധനവ് സമസ്ത മേഖലയിലും വില വര്‍ദ്ധനവിന് വഴിവെയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, സാമൂഹ്യസുരക്ഷ പെന്‍ഷന്‍ പണം കണ്ടെത്തുന്നതിന്‍റെ ഭാഗമായിട്ടെന്ന പേരിലാണ് പെട്രോളിനും ഡീസലിനും രണ്ട് രൂപ സെസ് വര്‍ദ്ധിപ്പിച്ചത്.

750 കോടി രൂപയാണ് സര്‍ക്കാര്‍ ഇത് വഴി ഖജനാവിലേക്ക് പ്രതീക്ഷിക്കുന്നത്. രാത്രി 12 മണി മുതല്‍ വില വര്‍ദ്ധനവ് പ്രാബല്യത്തില്‍ വന്നു. 500 മുതല്‍ 999 രൂപ വരെ വിലയുള്ള മദ്യത്തിന് 20 രൂപയും 1000 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 40 രൂപയും വർദ്ധിച്ചു.

ഭൂമിയുടെ ന്യായവില 20 ശതമാനം കൂടി. സെന്‍റിന് ഒരു ലക്ഷം രൂപ ന്യായവില ഉണ്ടായിരുന്ന ഭൂമിക്ക് ഇന്ന് മുതല്‍ 120000 രൂപ ആയി. ആനുപാതികമായി രജിസ്ട്രേഷന്‍ ചെലവും ഉയര്‍ന്നു. ഒ

രു ലക്ഷമാണ് ന്യായവിലയെങ്കില്‍ രജിസ്ട്രേഷന്‍ ചെലവ് രണ്ടായിരമായി വര്‍ദ്ധിക്കും.ഫ്ലാറ്റുകളും അപ്പാർട്ട്‌മെന്‍റുകളും നിര്‍മ്മിച്ച് ആറ് മാസത്തിനകം മറ്റൊരാള്‍ക്ക് കൈമാറുമ്പോഴുള്ള മുദ്രപത്ര നിരക്ക് അഞ്ച് ശതമാനം എന്നത് ഏഴായി വര്‍ദ്ധിച്ചു.

കെട്ടിട നികുതിയിലും ഉപനികുതികളിലും അഞ്ച് ശതമാനമാണ് വര്‍ദ്ധനവ്.വാഹനനികുതിയും വര്‍ദ്ധിച്ചു. രണ്ട് ലക്ഷം രൂപ വരെയുള്ള മോട്ടോര്‍സൈക്കിളുകള്‍ക്ക് രണ്ട് ശതമാനം അധികനികുതി ഇനി മുതല്‍ നല്‍കണം. പുതിയതായി വാഹനം രജിസ്റ്റര്‍ ചെയ്യുമ്പോൾ ഈടാക്കുന്ന ഒറ്റത്തവണ സെസ് വര്‍ദ്ധിച്ചു.

ഇരു ചക്രവാഹനങ്ങള്‍ക്ക് 50 നിന്ന് നൂറും മുന്ന്, നാല് ചക്രവാഹനങ്ങള്‍ക്ക് 100ല്‍ നിന്ന് 200 രൂപയായും ഹെവി വാഹനങ്ങള്‍ 250ല്‍ നിന്ന് 500 ആയുമായാണ് ഉയര്‍ന്നത്. ജൂഡീഷ്യല്‍ കോര്‍ട്ട് ഫീ സ്റ്റാമ്പുകളുടെ നിരക്ക് കൂടി.

മറ്റ് കോടതി വ്യവഹാരങ്ങള്‍ക്കുള്ള കോര്‍ട്ട് ഫീസില്‍ ഒരു ശതമാനം വര്‍ദ്ധനവ്. വാണിജ്യ, വ്യവസായ യൂണിറ്റുകള്‍ക്ക് ബാധകമായ വൈദ്യുതി തീരുവ അഞ്ച് ശതമാനമായി വര്‍ദ്ധിക്കും.

ചില മേഖലകളില്‍ പ്രഖ്യാപിച്ച ഇളവുകളും പ്രാബല്യത്തിലായി. വില്‍പന നടന്ന ഭൂമി മൂന്ന് മാസത്തിനുള്ളില്‍ വില്‍ക്കുകയാണെങ്കില്‍ ഇരട്ടി സ്റ്റാമ്പ് ഡ്യൂട്ടി നല്‍കണമെന്ന വ്യവസ്ഥ ഒഴിവാക്കി. 30 ചതുരശ്ര മീറ്ററില്‍ താഴെ വിസ്തീര്‍ണമുള്ള വീട്ടില്‍ താമസിക്കുന്ന ബി.പി.എല്‍ കുടുംബത്തിന് കെട്ടിട നികുതിയില്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!