കോൺഗ്രസുമായി ഏറ്റുമുട്ടാൻ പി. കെ രാഗേഷ്‌

Share our post

കണ്ണൂർ: പള്ളിക്കുന്ന്‌ സർവീസ്‌ സഹകരണ ബാങ്ക്‌ തെരഞ്ഞെടുപ്പിൽ കോൺഗ്രസും മുസ്ലിംലീഗുമായി സഹകരിക്കില്ലെന്ന്‌ ഉറപ്പിച്ച്‌ കോൺഗ്രസ്‌ നേതാവും കണ്ണൂർ കോർപറേഷൻ സ്ഥിരംസമിതി അധ്യക്ഷനുമായ പി കെ രാഗേഷ്.

2018ലെ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ പൂർണമായി ഒഴിവാക്കി ബാങ്ക്‌ ഭരണം പിടിച്ചെടുത്ത രാഗേഷ്‌ വിഭാഗം ഇത്തവണയും പ്രത്യേകം മത്സരിക്കും. മെയ്‌ 14നാണ്‌ തെരഞ്ഞെടുപ്പ്‌.1985 മുതൽ ബാങ്ക്‌ ഭരണം യുഡിഎഫിനായിരുന്നു. 2013ൽ രാഗേഷ്‌ നിയന്ത്രണം ഏറ്റെടുത്തു. 2018 മുതൽ രാഗേഷിന്റെ പൂർണ ആധിപത്യത്തിലാണ്‌.

സഹോദരൻ പി കെ രഞ്ജിത്താണ്‌ പ്രസിഡന്റ്‌. 13,000 അംഗങ്ങളുണ്ടായിരുന്ന ബാങ്കിലെ ഇപ്പോഴത്തെ അംഗസംഖ്യ 3400 മാത്രമാണ്‌. ഇതിൽ ഭൂരിഭാഗവും രാഗേഷിനെ പിന്തുണയ്‌ക്കുന്നവർ.

തലശേരി ഇന്ദിരാഗാന്ധി സഹകരണ ആസ്പത്രി തെരഞ്ഞെടുപ്പിന്‌ സമാനമായ മത്സരമാണ്‌ പള്ളിക്കുന്ന്‌ ബാങ്കിലും നടക്കാൻ പോകുന്നത്‌. ഇന്ദിരാഗാന്ധി ആസ്പത്രിയിൽ മമ്പറം ദിവാകരന്റെ പാനലിനെ പരാജയപ്പെടുത്തി കോൺഗ്രസ്‌ ഭരണം പിടിച്ചെടുത്തിരുന്നു.

ഈ മാതൃകയിൽ രാഗേഷിനെ ഒഴിവാക്കി പള്ളിക്കുന്ന്‌ ബാങ്ക്‌ ഭരണവും പിടിച്ചെടുക്കണമെന്നാണ്‌ കോൺഗ്രസും ലീഗും യുഡിഎഫ്‌ നേതൃത്വത്തോട്‌ ആവശ്യപ്പെട്ടിട്ടുള്ളത്‌. എന്നാൽ ഇത്‌ എളുപ്പമല്ലെന്ന്‌ അവർക്കും അറിയാം.
പള്ളിക്കുന്ന്‌ ബാങ്കിന്റെ കാര്യത്തിൽ രാഗേഷ്‌ പാർടിയെ അനുസരിക്കാറില്ല.

പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കണമെന്ന ഡിസിസി നിർദേശം അംഗീകരിക്കാത്തതിന്‌ പ്രസിഡന്റ്‌ പി കെ രഞ്ജിത്തിനെ കോൺഗ്രസിൽനിന്ന്‌ സസ്‌പെൻഡുചെയ്‌തിരുന്നു. കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ ആവശ്യപ്പെട്ടിട്ടും രഞ്ജിത്ത്‌ കൂട്ടാക്കിയിയിരുന്നില്ല.

പി .കെ രാഗേഷും രഞ്ജിത്തും ബാങ്കിനെ കുടുംബസ്വത്താക്കുന്നുവെന്ന ആക്ഷേപം കോൺഗ്രസിലും യുഡിഎഫിലും ശക്തമാണ്‌. രാഗേഷിന്റെ ഭാര്യ ടി വി സരമ, അനുജൻ പി .കെ സൂരജിന്റെ ഭാര്യ എം പി പ്രജിന, മറ്റൊരു സഹോദരൻ രതീപിന്റെ മകൻ ജിതിൻ രതീപ്‌ എന്നിവർ ബാങ്കിൽ ജീവനക്കാരാണ്‌.

പിരിച്ചുവിടപ്പെട്ട കല്ലാളത്തിൽ രൂപേഷ്‌ അമ്മാവന്റെ മകനും. ബാങ്ക്‌ പാർടി നിയന്ത്രണത്തിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട്‌ കോൺഗ്രസ്‌ പള്ളിക്കുന്ന്‌ മണ്ഡലം ഡിസിസിക്ക്‌ കത്ത്‌ നൽകിയിട്ടുണ്ട്‌.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!