‘ജീവനക്കാരെ ബന്ദികളാക്കുന്നു, ശമ്പളം മുടങ്ങുമെന്ന് ആരോപണം’; സെക്രട്ടേറിയറ്റിൽ ആക്സസ് കൺട്രോൾ പരിഷ്‌കാരം ഒഴിവാക്കി സർക്കാർ

Share our post

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് അകത്തേക്കും പുറത്തേക്കുമുള്ള സഞ്ചാരത്തിന് ആക്സസ് കൺട്രോൾ സംവിധാനം ഏർപ്പെടുത്തി ശമ്പള വിതരണവുമായി ബന്ധിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറി.

ജീവനക്കാരുടെ സംഘടനകളുടെ എതിർപ്പിനെ തുടർന്നാണ് തീരുമാനം. ആക്സസ് കൺട്രോൾ സംവിധാനം സുരക്ഷയ്ക്കായി മാത്രം ഉപയോഗിക്കും. പ്രധാനകവാടങ്ങളിൽ മാത്രമായിരിക്കും സംവിധാനം ഏർപ്പെടുത്തുക.

പഞ്ച് ചെയ്ത് മുങ്ങുന്ന ജീവനക്കാരെ പിടികൂടാൻ ഇന്ന് മുതൽ ആക്സസ് കൺട്രോൾ സംവിധാനം ഏർപ്പെടുത്താനായിരുന്നു തീരുമാനം. ജീവനക്കാരെ ബന്ദികളാക്കുന്നതാണ് തീരുമാനമെന്നും, ബയോമെട്രിക് പഞ്ചിംഗ് സംവിധാനത്തെ സ്പാർക്കുമായി ബന്ധിപ്പിക്കുന്നതിനാൽ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഓഫീസിനു പുറത്തിറങ്ങിയാൽപോലും ശമ്പളം നഷ്ടപ്പെടുമെന്നും ജീവനക്കാരുടെ സംഘടനകൾ ആരോപിച്ചിരുന്നുരാവിലെ 10.15 മുതൽ വൈകിട്ട് 5.15 വരെയാണ് ഓഫീസ് സമയം.

സെക്രട്ടേറിയറ്റിലെ എല്ലാ ബ്ലോക്കുകളിലും എല്ലാ ഓഫീസുകളിലും ഈ സംവിധാനം ഏർപ്പെടുത്താനായിരുന്നു തീരുമാനം. രാവിലെ ജോലിയിൽ പ്രവേശിക്കുന്നവർക്ക് ഉച്ചയൂണിന് മാത്രമേ ഇടയ്ക്കു പുറത്തിറങ്ങാൻ സാധിക്കുമായിരുന്നുള്ളൂ.

സംവിധാനം നടപ്പിലാക്കിയാൽ സെക്രട്ടേറിയറ്റിലെ ഒരു ബ്ലോക്കിൽ നിന്ന് മറ്റൊരു ബ്ലോക്കിലേക്ക് ഔദ്യോഗിക ആവശ്യത്തിന് പോകുന്നവർക്ക് പോലും ശമ്പളം നഷ്ടപ്പെടുമെന്ന ആക്ഷേപവുമായി ജീവനക്കാരുടെ സംഘടനകൾ രംഗത്തെത്തി.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് ഈ സംവിധാനം നടപ്പാക്കാൻ തീരുമാനിച്ചത്. 1.97 കോടി രൂപ ചെലവാക്കിയാണ് ഉപകരണങ്ങൾ വാങ്ങിയത്. പുതിയ സംവിധാനം വരുന്നതോടെ നിലവിലുള്ള പഞ്ചിംഗ് കാർഡിനു പകരം പുതിയ കാർഡ് വരും.

ബയോമെട്രിക് പഞ്ചിംഗ് കഴിഞ്ഞാലേ അകത്തേക്കു കയറാനുള്ള വാതിൽ തുറക്കൂ. പുറത്തു പോകുമ്പോഴും പഞ്ചിംഗ് നടത്തണം. തിരികെയെത്തുന്നത് അര മണിക്കൂറിന് ശേഷമെങ്കിൽ അത്രയും മണിക്കൂർ ജോലി ചെയ്തില്ലെന്ന് രേഖപ്പെടുത്താനും അല്ലെങ്കിൽ മതിയായ കാരണം ബോധിപ്പിക്കണമെന്നും നിർദേശമുണ്ടായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!