കാറിൽ കടത്തിയ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി; പ്രതികൾ ഓടി രക്ഷപ്പെട്ടു

കണ്ണൂർ: കക്കാട് അത്താഴക്കുന്നിൽ കാറിൽ കടത്തുകയായിരുന്ന വൻ മയക്കുമരുന്ന് ശേഖരം പിടികൂടി. ഒരു കിലോഗ്രാം ഹാഷിഷ് ഓയിൽ, 5.8 ഗ്രാം എം.ഡി.എം.എ, അഞ്ച് കിലോഗ്രാം കഞ്ചാവ് എന്നിവയാണ് കണ്ണൂർ ടൗൺ സ്റ്റേഷൻ പൊലീസ് ഇൻസ്‌പെക്ടർ പി.എ ബിനുമോഹന്റെ നേതൃത്വത്തിൽ പിടികൂടിയത്.
പ്രതികൾ ഓടി രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ നാലുമണിക്കാണ് സംഭവം. രാത്രികാല പട്രോളിംഗിനിടെ അത്താഴക്കുന്ന് ഭാഗത്ത് സംശയാസ്പദമായ നിലയിൽ സഞ്ചരിച്ചിരുന്ന കാർ കണ്ടെത്തിയതിനെ തുടർന്നാണ് പരിശോധന നടത്തിയത്.പൊലീസിനെ കണ്ട് പ്രതികൾ കാർ വേഗത്തിൽ ഓടിക്കുകയായിരുന്നു.
പിന്നീട് കാർ നിർത്തിയ പ്രതികൾ ഓടിരക്ഷപ്പെട്ടു. വാഹനത്തിൽ നിന്നു രണ്ടു മൊബൈൽ ഫോണുകളും കണ്ടെത്തിയിട്ടുണ്ട്. കാറിന്റെ ആർ.സി ഉടമയെ കണ്ടെത്തി ചോദ്യം ചെയ്തു. കാർ വാടകയ്ക്ക് നൽകിയതെന്നാണ് ആർ.സി ഉടമ പറഞ്ഞത്.
പ്രതികളെക്കുറിച്ചുള്ള വ്യക്തമായ സൂചന പൊലീസിന് ലഭിച്ചതായും വിവരമുണ്ട്. സമീപകാലത്ത് ജില്ലയിൽ നടന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. ഇത്രയധികം മയക്കുമരുന്ന് കടത്തണമെങ്കിൽ പ്രതികൾ വലിയ മയക്കുമരുന്ന് റാക്കറ്റിൽ ഉൾപ്പെട്ടവരായിരിക്കുമെന്ന് പൊലീസ് സംശയം പ്രകടിപ്പിച്ചു. ഇവർക്കായുള്ള തെരച്ചിൽ പൊലീസ് ശക്തമാക്കി.