അമ്മയെ ജീവനോടെ കുഴിച്ചുമൂടിയ കേസിൽ ശിക്ഷിക്കപ്പെട്ട മകന് സുഹൃത്തിനെകൊന്ന കേസിലും ജീവപര്യന്തം

കൊല്ലം: പട്ടത്താനത്ത് അമ്മയെ ജീവനോടെ കുഴിച്ചുമൂടിയ കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട നീതിനഗർ പ്ലാമൂട്ടിൽ കിഴക്കേതിൽ സുനിലി(54)ന്, സഹപ്രവർത്തകനെ കൊന്ന കേസിലും ജീവപര്യന്തം. കൂടാതെ രണ്ടുലക്ഷം രൂപ പിഴയും പിഴയൊടുക്കിയില്ലെങ്കിൽ ആറുമാസം അധിക തടവും വിധിച്ചിട്ടുണ്ട്.
പാർവത്യാർമുക്കിലെ കിണർതൊടി വാർക്കുന്ന സ്ഥാപനത്തിൽ ഒപ്പം ജോലിചെയ്തിരുന്ന, അയത്തിൽ ജി.വി.നഗർ-49, കാവുംപണക്കുന്നിൽവീട്ടിൽ സുരേഷ്ബാബു(41)വിനെ കൊന്ന കേസിലാണ് ശിക്ഷ.
മദ്യപിച്ച പണത്തിന്റെ പങ്കിനെ ചൊല്ലിയുള്ള തർക്കത്തെത്തുടർന്നാണ് കൊലപാതകം. കൊല്ലം അഡീഷണൽ ജില്ലാ കോടതി (നാല്) ജഡ്ജി എസ്.സുഭാഷാണ് ശിക്ഷ വിധിച്ചത്.
ഈ കേസിൽ സുനിലിനെ ജാമ്യത്തിലിറക്കിയ അമ്മ സാവിത്രിയമ്മയെയാണ് പിന്നീട് സ്വത്തിനുവേണ്ടി ജീവനോടെ കുഴിച്ചുമൂടി കൊന്നത്.
പ്രസ്തുത കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ഇയാൾ ഇപ്പോൾ ജയിലിലാണ്. ഇപ്പോൾ ശാസ്താംകോട്ട ഡിവൈ.എസ്.പി.യായ എസ്.ഷെരീഫാണ് കൊല്ലം കൺട്രോൾ റൂം ഇൻസ്പെക്ടറായിരിക്കെ കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി കെ.ബി.മഹേന്ദ്ര ഹാജരായി.
2015 ഡിസംബർ 26-ന് പട്ടത്താനം പാർവത്യാർമുക്കിലെ കിണർതൊടി വാർക്കുന്ന സ്ഥലത്തായിരുന്നു കൊലപാതകം. രാവിലെ സുനിലും സുരേഷ്ബാബുവും മറ്റും ഒന്നിച്ച് സ്നേഹമതിലിന്റെ പണിക്കു പോയി. പണം പങ്കിടാമെന്ന ധാരണയിൽ ഇവർ ഉച്ചയ്ക്കും വൈകീട്ടും മദ്യപിച്ചു.
600 രൂപ കൂലിയിൽ മദ്യത്തിന്റെ പങ്കു കിഴിച്ച് ഒരാൾക്ക് 365 രൂപയാണ് കിട്ടിയത്. ഈ തുക സുരേഷ്ബാബുവിനെ ഏൽപ്പിച്ച് വൈകീട്ട് 7.45 ആയപ്പോഴേക്കും മറ്റുള്ളവർ പോയി. എന്നാൽ, തനിക്ക് 500 രൂപ വേണമെന്നാവശ്യപ്പെട്ട് സുനിൽ, സുരേഷുമായി തർക്കവും പിടിവലിയുമായി. ഇതിനിടെ സുനിൽ ചുറ്റികകൊണ്ട് ക്രൂരമായി ആക്രമിച്ചു.
തടഞ്ഞ സഹപ്രവർത്തകൻ കൃഷ്ണൻകുട്ടിയെയും ചുറ്റികകൊണ്ട് അടിച്ചു. പിന്നീട് വെട്ടുകത്തിയും പാരയും ഉപയോഗിച്ചും സുരേഷ്ബാബുവിനെ ആക്രമിച്ചു. ഇതുകണ്ട് നിലവിളിച്ച കൃഷ്ണൻകുട്ടിയെ ഭീഷണിപ്പെടുത്തി ഓടിച്ചു.
പിറ്റേദിവസം രാവിലെയാണ് സുരേഷ്ബാബുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. പിന്നീട് എഴുകോണിലെ ബന്ധുവീട്ടിൽനിന്ന് സുനിലിനെ പൊലീസ് പിടികൂടി. പോസ്റ്റ്‌മോർട്ടത്തിൽ 61 മുറിവുകളാണ് സുരേഷ്ബാബുവിന്റെ ശരീരത്തിൽ കണ്ടെത്തിയത്. 2019-ലാണ് സുനിൽ അമ്മയെ മർദിച്ചശേഷം കുഴിച്ചുമൂടിയത്. ഇതിൽ ഈമാസം ഏഴിനാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്.