വിദ്യാര്‍ത്ഥികളുടെ വിനോദയാത്രയുമായി ബന്ധപ്പെട്ട കൊല്ലം എസ് .എന്‍ കോളേജിന്റേതെന്ന പേരില്‍ പ്രചരിച്ച സര്‍ക്കുലര്‍ വിവാദത്തിലേക്ക്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടുത്തിരിക്കരുത്, പെണ്‍കുട്ടികളുടെ താമസിക്കുന്ന മുറി നിശ്ചിത സമയത്തിന്ശേഷം പുറത്ത് നിന്ന് പൂട്ടും എന്നിവയാണ് അവയില്‍ ചിലത്.
മൂന്നാം വര്‍ഷ ജേണലിസം ബിരുദ വിദ്യാര്‍ത്ഥികള്‍ പോയ ടൂറുമായി ബന്ധപ്പെട്ടാണ് ഇത്തരം നിയമവലി പ്രചരിച്ചത്. പതിനൊന്ന് നിര്‍ദേശങ്ങളടങ്ങിയ മാന്വവിലിനെതിരെ വന്‍ പ്രതിഷേധമാണ് വിദ്യാർഥികളിൽ നിന്നുയർന്നത്.
എന്നാല്‍ കോളേജ് ഇത്തരത്തിലൊരു സര്‍ക്കുലര്‍ പുറത്ത് വിട്ടിട്ടില്ലെന്ന് അറിയിച്ചു. സര്‍ക്കുലറിന്റെ ഉറവിടം കണ്ടെത്താന്‍ പോലീസിനെ സമീപിക്കുന്നതടക്കം ആലോചിക്കുന്നതായും കോളേജ് അധികൃതർ വ്യക്തമാക്കി.
നിയമാവലിയില്‍ പറഞ്ഞിരിക്കുന്ന വിവാദമായ നിര്‍ദേശങ്ങള്‍ ഇവയാണ്
പെണ്‍കുട്ടികള്‍ക്കുള്ള സീറ്റുകള്‍ ബസിന്റെ മുന്‍ഭാഗത്ത് മാത്രം
ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരുന്നുള്ള യാത്ര അനുവദനീയമല്ല.
ആണ്‍കുട്ടികളും പെണ്‍കുട്ടികളും മാന്യമായ വസ്ത്രം ധരിക്കണം(മാന്യതയുടെ മാനഡണ്ഡം അവ്യക്തം)
വനിത അധ്യാപകരോ ടീം മാനേജരോ ഇല്ലാതെ പെണ്‍കുട്ടികള്‍ക്ക് ഒറ്റയ്ക്ക് എങ്ങോട്ടും പോവാന്‍ സാധ്യമല്ല
ഷോപ്പിങ്ങിനും സ്ഥലം കാണാനും ഇറങ്ങുമ്പോള്‍ വനിത അധ്യാപകരോ ടീം മാനേജര്‍ എന്നിവക്കൊപ്പം ഒരുമിച്ച് ഒരു ടീമായിട്ട് വേണം യാത്ര ചെയ്യാന്‍.
പെണ്‍കുട്ടികള്‍ക്കായി പ്രത്യേക സുരക്ഷിത ഇടങ്ങള്‍ ഒരുകിയിട്ടുണ്ട്. നിശ്ചിത സമയത്തിന് ശേഷം ഇവരുടെ മുറി പുറത്ത് നിന്നും പൂട്ടിയിടുന്നതായിരിക്കും
ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയും മാത്രമായി ഫോട്ടോ എടുക്കുന്നത് അനുവദനീയമല്ല അല്ലാതെ ഫോട്ടോകളെടുക്കാം. മാന്യമായ പോസുകളില്‍ മാത്രമേ ഫോട്ടോയെടുക്കാന്‍ പാടുള്ളു.
പെട്ടെന്ന് നടക്കാന്‍ പാകത്തിലുള്ള വസ്ത്രങ്ങള്‍ വേണം പെണ്‍കുട്ടികള്‍ ധരിക്കാന്‍
പെട്ടെന്ന് ധരിക്കാന്‍ കഴിയുന്ന ചെരിപ്പുകള്‍ വേണം പെണ്‍കുട്ടികള്‍ ധരിക്കാന്‍. ഹീലുകള്‍ ഒഴിവാക്കണം
ഇത്തരം നിയമാവലിയെ കുറിച്ച് തനിക്ക് അറിയില്ലെന്നും കോളേജ് ലെറ്റര്‍ ഹെഡിലല്ല വന്നതല്ലെന്നുമാണ് വിവിധ മാധ്യമങ്ങളോടായി പ്രിന്‍സിപ്പള്‍ നിഷ ജെ തറയില്‍ പ്രതികരിച്ചത്. പ്രചരിക്കുന്ന നിയമവലിയില്‍ കോളേജിന്റേതായ യാതൊരു ഔദ്യോഗിക മുദ്രകളില്ലെന്നും കോളേജ് വ്യക്തമാക്കി. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ വിവിധ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ഈ നിയമാവലിയുടെ ചിത്രങ്ങള്‍ അധ്യാപകര്‍ ഇട്ടിട്ടുണ്ടെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം.
കോളേജ് പടിവാതില്‍ക്കല്‍ സദാചാരം പടിക്ക് പുറത്തെന്ന വലിയ ബാനര്‍ എസ് എഫ് ഐ ഉയര്‍ത്തിയിട്ടുണ്ട്. കാമ്പസിനുള്ളില്‍ പാട്ടുപാടിയും നൃത്തം ചെയ്തും പ്രതിഷേധപ്രകടനവും നടത്തി. അതേസമയം സര്‍ക്കുലര്‍ കോളേജിനെ അപകീര്‍ത്തിപ്പെടുത്താന്‍ ബോധപൂര്‍വ്വം സൃഷ്ടിച്ചതാണെന്നാണ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന പ്രതികരിച്ചത്.