അപൂര്‍വ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ക്ക് നികുതി ഇളവുമായി കേന്ദ്രം

Share our post

അപൂര്‍വ രോഗങ്ങളുടെ മരുന്നുകള്‍ക്കും ചികിത്സാ ആവശ്യങ്ങള്‍ക്കായുള്ള ഭക്ഷണ സാധനങ്ങള്‍ക്കും ഇറക്കുമതി തീരുവ പൂര്‍ണമായും ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍.

ദേശീയ അപൂര്‍വരോഗ നയത്തിന്റെ പട്ടികയിലുള്ള 51 രോഗങ്ങളുടെ മരുന്നുകള്‍ക്കാണ് ധനമന്ത്രാലയം നികുതി പൂര്‍ണമായും ഒഴിവാക്കിയത്.

ഇതുവഴി വര്‍ഷത്തില്‍ പത്ത് ലക്ഷം മുതല്‍ ഒരു കോടി രൂപവരെ ചികിത്സാ ചിലവ് ലാഭിക്കാനാകുമെന്നാണ് പ്രതീക്ഷ.

അപൂര്‍വരോഗം ബാധിച്ച് വലയുന്നവര്‍ക്ക് വലിയ സഹായമാകുന്ന നിര്‍ണായക നടപടിയാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്.

2021 ലെ അപൂര്‍വ രോഗ ദേശീയ നയത്തിന്റെ ഭാഗമായുള്ള രോഗങ്ങളുടെ പട്ടികയിലെ 51 ഇനം രോഗങ്ങള്‍ക്കുള്ള മരുന്നുകളെയാണ് ഇറക്കുമതി തീരുവയില്‍നിന്നും പൂര്‍ണമായും ഒഴിവാക്കിയിരിക്കുന്നത്. ഏപ്രില്‍ 1 മുതല്‍ ഇത് പ്രാബല്യത്തില്‍വരും.

ഇളവ് ലഭിക്കുന്നതിനായി ആവശ്യക്കാര്‍ ഹെല്‍ത്ത് ഡയറക്ടറുടെയോ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അല്ലെങ്കില്‍ സിവില്‍ സര്‍ജന്റെയോ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി. മരുന്നുകള്‍ക്ക് നിലവില്‍ 10 ശതമാനമാണ് ഇറക്കുമതി തീരുവ.

ജീവന്‍ രക്ഷാ മരുന്നുകള്‍ക്കും വാക്‌സിനുകള്‍ക്കും 5 ശതമാനം വരെയും തീരുവയുണ്ട്. അപൂര്‍വരോ?ഗം ബാധിച്ച കുട്ടികള്‍ക്ക് വേണ്ടി ഇത്തരത്തിലുള്ള മരുന്നുകള്‍ക്കും ചികിത്സാ ആവിശ്യങ്ങള്‍ക്കായുള്ള ഭക്ഷണ സാധനങ്ങള്‍ക്കും 10 ലക്ഷം മുതല്‍ ഒരു കോടി രൂപവരെ വര്‍ഷം ചെലവിടേണ്ടി വരുന്നുവെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തല്‍.

ഈ തുകയാണ് ഇനി ലാഭിക്കാനാകുക. സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫിയടക്കമുള്ള രോഗങ്ങളുടെ മരുന്നുകള്‍ക്കുള്ള തീരുവയില്‍ നേരത്തെ തന്നെ കേന്ദ്രം ഇളവ് നല്‍കിയിരുന്നു. മറ്റ് മരുന്നുകള്‍ക്കും നികുതിയിളവ് നല്‍കണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിലാണ് തീരുമാനം


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!