ഏപ്രില്‍ ഒന്നുമുതല്‍ രാജ്യത്ത് അവശ്യ മരുന്നുകളുടെ വില ഉയരും

രാജ്യത്ത് അവശ്യ മരുന്നുകളുടെ വില ഏപ്രില്‍ ഒന്നുമുതല്‍ കുത്തനെ ഉയരും. വേദനസംഹാരികള്‍, അണുബാധ തടയുന്നതിനുള്ള മരുന്നുകള്‍, കാര്‍ഡിയാക് മരുന്നുകള്‍, ആന്റിബയോട്ടിക്കുകള്‍ എന്നിവയുള്‍പ്പെടെയുള്ള മരുന്നുകളുടെ വിലയാണ് ഉയരുക. 84 അവശ്യ മരുന്നുകളുടെയും ആയിരത്തിലധികം മെഡിസിന്‍ ഫോര്‍മുലേഷനുകളുടേയും വില വര്‍ദ്ധിക്കും.
ഏപ്രില്‍ 1 മുതല്‍ വിലയില്‍ 12.12 ശതമാനം വരെ വര്‍ദ്ധന ഉണ്ടായേക്കാം. അവശ്യ മരുന്നുകളുടെ പട്ടികയില്‍ പട്ടികപ്പെടുത്തിയിട്ടുള്ള മരുന്നുകളുടെ വാര്‍ഷിക വില വര്‍ദ്ധനവ് വാര്‍ഷിക മൊത്ത വില സൂചികയുടെ (ഡബ്ല്യുപിഐ) അടിസ്ഥാനമാക്കിയുള്ളതാണ്.
എല്ലാ സാമ്പത്തിക വര്‍ഷാരംഭത്തിലും ഡബ്ല്യുപിഐയുടെ അടിസ്ഥാനത്തില്‍ വില വര്‍ദ്ധന നടത്താന്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റിക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.
അതേസമയം, 2013ല്‍ ഡ്രഗ് പ്രൈസ് കണ്‍ട്രോളര്‍ നിലവില്‍ വന്നതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വര്‍ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.
തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഡബ്ല്യുപിഐ നോണ്‍-ഷെഡ്യൂള്‍ഡ് ഫോര്‍മുലേഷനുകള്‍ക്ക് അനുവദനീയമായ വില വര്‍ദ്ധനവിനേക്കാള്‍ കൂടുതലുള്ളത്.
വിപണിയില്‍ മരുന്നുകളുടെ ക്ഷാമം ഉണ്ടാകാതിരിക്കാനും നിര്‍മ്മാതാക്കള്‍ക്കും ഉപഭോക്താക്കള്‍ക്കും പരസ്പരം പ്രയോജനം ചെയ്യാനും വേണ്ടിയാണ് വില വര്‍ധിപ്പിച്ചതെന്ന് ആരോഗ്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.