ഉറങ്ങിക്കിടന്ന അമ്മൂമ്മയുടെ സ്വര്‍ണമാല കവര്‍ന്ന് പകരം മുക്കുപണ്ടം അണിയിച്ചു; ചെറുമകന്‍ പിടിയില്‍

Share our post

ഹരിപ്പാട്: ഉറങ്ങിക്കിടന്ന അമ്മൂമ്മയുടെ സ്വര്‍ണമാല മോഷ്ടിച്ച് പകരം മുക്കുപണ്ടമണിയിച്ച ചെറുമകന്‍ പിടിയില്‍. പള്ളിപ്പാട് തെക്കേക്കര കിഴക്ക് ശ്രുതിഭവനില്‍ സുധീഷാ(26)ണ് അറസ്റ്റിലായത്.

11 ഗ്രാമിന്റെ മാലയാണ് മോഷ്ടിച്ചത്. സുധീഷിന്റെ ഭാര്യയും കേസില്‍ പ്രതിയാണ്. ഇവര്‍ നിരീക്ഷണത്തിലാണെന്നു പോലീസ് പറഞ്ഞു.

ഒട്ടേറെ കേസുകളില്‍ പ്രതിയാണു സുധീഷ്. ചെറുമകനാണ് മാല മോഷ്ടിച്ചതെന്ന് അമ്മൂമ്മ അറിഞ്ഞിരുന്നില്ല. മാല മോഷണംപോയെന്നുപറഞ്ഞ് ഇവര്‍ പോലീസിനെ സമീപിക്കുകയായിരുന്നു.

സുധീഷിന്റെയും അമ്മൂമ്മയുടെയും വീടുകള്‍ അടുത്തടുത്താണ്. അമ്മൂമ്മയുടെ മാലയോടു സാമ്യമുള്ള മുക്കുപണ്ടം തരപ്പെടുത്തിയശേഷം ജനുവരി 26-നു രാത്രി സുധീഷ് ഭാര്യയെ അമ്മൂമ്മയുടെ വീട്ടില്‍ കിടത്തി.

രാത്രി ഒരു മണിയോടെ ഭാര്യ മുറി തുറന്നുകൊടുത്തെന്നും സുധീഷെത്തി സ്വര്‍ണമാല മുറിച്ചെടുത്തശേഷം മുക്കുപണ്ടം അണിയിച്ചെന്നുമാണ് പോലീസ് പറയുന്നത്.

മാലയുടെ നിറത്തില്‍ സംശയംതോന്നിയ അമ്മൂമ്മ അടുത്തദിവസം ഹരിപ്പാട് പോലീസില്‍ പരാതി നല്‍കി. ബന്ധുക്കളും അയല്‍ക്കാരുമടക്കം പലരെയും പോലീസ് ചോദ്യംചെയ്തു.

സംഭവംനടന്നതിന്റെ അടുത്തദിവസം സുധീഷും ഭാര്യയും ഓട്ടോറിക്ഷയില്‍ പോകുന്നതിന്റെ സി.സി.ടി.വി. ദൃശ്യം പോലീസ് ശേഖരിച്ചിരുന്നു.ഇരുവരും ഹരിപ്പാട്ടെ സ്വര്‍ണക്കടയില്‍ എത്തിയതിന്റെ തെളിവുംകിട്ടി.

തുടര്‍ന്നാണ് പ്രതിയെ പിടികൂടുന്നത്. ഹരിപ്പാട്ടെ കടയില്‍ ഇവര്‍ വിറ്റ സ്വര്‍ണമാല പോലീസ് കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ സുധീഷിനെ റിമാന്‍ഡുചെയ്തു.

ഹരിപ്പാട് എസ്.എച്ച്.ഒ. വി.എസ്. ശ്യാംകുമാര്‍, എസ്.ഐ.മാരായ ശ്രീകുമാര്‍, ഷൈജ, ടി.എസ്. സുജിത്ത്, എ.എസ്.ഐ. ശ്രീകുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ അരുണ്‍, എ. നിഷാദ്, ഇയാസ്, സുധീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!