Kerala
നികുതി കൂടും മുൻപ് വാഹന രജിസ്ട്രേഷൻ ; ആർ.ടി.ഒ. ഓഫീസുകളിൽ തിരക്ക്

കണ്ണൂർ: ഏപ്രിൽ ഒന്നുമുതൽ റോഡ് നികുതി വർധിക്കുന്നതിനാൽ ഇരുചക്ര വാഹനവും കാറും വാങ്ങാനെത്തുന്നവരുടെ എണ്ണത്തിൽ വൻ വർധന. മാർച്ച് 31-നുള്ളിൽ രജിസ്റ്റർ ചെയ്യാനുള്ള ഓട്ടത്തിലാണ് വാഹനം വാങ്ങുന്നവർ. ഇരുചക്രവാഹനത്തിനും കാറിനുമാണ് നികുതി വർധന കൂടുതൽ.
മാർച്ച് 25 വരെയുള്ള കണക്ക് പ്രകാരം കേരളത്തിൽ 1.18 ലക്ഷം ഇരുചക്ര വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തത്. 45,811 കാറുകൾ രജിസ്റ്റർ ചെയ്തു.
കേരളത്തിൽ രജിസ്റ്റർ ചെയ്ത ഇരുചക്രവാഹനങ്ങളുടെ മൂന്നുവർഷത്തെ ശരാശരി 4.95 ലക്ഷമാണ്.
ഒരുലക്ഷം രൂപവരെയുള്ള ഇരുചക്ര വാഹനത്തിന് ചുമത്തുന്ന രണ്ടുശതമാനം മാത്രം എടുത്താൽ 99 കോടി രൂപയോളം ഒരുവർഷം സംസ്ഥാന സർക്കാരിന് അധിക വരുമാനം ലഭിക്കും.
മോട്ടോർ സൈക്കിളിന് 15 വർഷത്തേക്കുള്ള ഒറ്റത്തവണ നികുതി രണ്ടുശതമാനമാണ് കൂടിയത്. ഒരുലക്ഷംവരെ ഇനി 13 ശതമാനം നികുതി അടയ്ക്കണം. നിലവിൽ 11 ശതമാനമായിരുന്നു.
ഒരുലക്ഷം വിലയുള്ള ബൈക്കിന് നിലവിൽ 11,000 രൂപയ്ക്ക് പകരം 13,000 രൂപ അടയ്ക്കണം. ഇലക്ട്രിക് വാഹനങ്ങൾ ഇതിൽ ഉൾപ്പെടില്ല.
അഞ്ചുലക്ഷം രൂപവരെയുള്ള കാറുകൾക്ക് നികുതി ഒൻപതിൽനിന്ന് പത്തിലേക്ക് ഉയർന്നു. അഞ്ചുലക്ഷം വിലയുള്ള കാറിന്റെ നികുതി 45,000 രൂപ ഉണ്ടായിരുന്നത് ഇനി അരലക്ഷം രൂപ അടയ്ക്കണം.
ഷോറൂം മുതൽ ആർ.ടി.ഒ. ഓഫീസ് വരെ തിരക്ക്
: കണ്ണൂർ ആർ.ടി.ഒ. ഓഫീസിന് കീഴിൽ ദിവസം 110-120 അപേക്ഷകളാണ് വരുന്നത്. നേരത്തേ ഇത് 70-80 ആയിരുന്നു. തളിപ്പറമ്പ് ഓഫീസിൽ കഴിഞ്ഞ ദിവസം 120 അപേക്ഷകളെത്തി. സാധാരണ ഇരുചക്ര/നാലുചക്ര രജിസ്ട്രേഷൻ 35 എണ്ണമാണ് വരിക.കാഞ്ഞങ്ങാട്ട് 80-90 അപേക്ഷകൾ വരുന്നുണ്ട്. കാസർകോട് ആർ.ടി.ഒ. ഓഫീസിൽ രണ്ടുദിവസമായി രജിസ്ട്രേഷൻ അപേക്ഷ വർധിച്ചതായി അധികൃതർ അറിയിച്ചു.
ഇരുചക്രവാഹന വിൽപ്പനയിൽ കുറച്ച് ദിവസങ്ങളായി വർധന കാണിക്കുന്നുണ്ടെന്ന് ഡീലർമാർ പറഞ്ഞു. കാർ വിപണിയിൽ നല്ല മുന്നേറ്റമാണ്. 10,000-15,000 വരെ നികുതി വർധിക്കുന്നത് ഇതിന് കാരണമായിട്ടുണ്ടാകാം.
ബസുകൾക്ക് ആശ്വാസം
: റോഡ് നികുതിയിൽ ആശ്വാസം ബസുകൾക്കാണ്. ഓർഡിനറി ബസുകൾക്ക് നിലം ഏരിയ ഒരു ചതുരശ്രമീറ്ററിന് 1170 രൂപ ഉണ്ടായിരുന്നത് 1050 രൂപയായി. 120 രൂപ കുറഞ്ഞു. സാധാരണ ബസിന് 25-27 ചതുരശ്രമീറ്റർ വരെ നിലം ഏരിയ ഉണ്ടാകും. ചുരുങ്ങിയത് 3000 രൂപ കുറവ് കിട്ടും. ഓർഡിനറി സിറ്റി/ടൗൺ ബസുകൾക്ക് ചതുരശ്രമീറ്ററിന് 990 രൂപ ഉണ്ടായിരുന്നത് 890 രൂപയായി. ഫാസ്റ്റ് പാസഞ്ചർ, ഉയർന്ന ക്ലാസ് സർവീസിന് 1260 രൂപയുള്ളത് 1140 രൂപയായി കുറഞ്ഞു. മൂന്നുമാസം കൂടുമ്പോഴാണ് നികുതി അടയ്ക്കേണ്ടത്. റോഡ് നികുതി കുറച്ചത് നല്ല കാര്യമാണെന്ന് ബസ് ഉടമകൾ പറഞ്ഞു.
റോഡ് നികുതി
മോട്ടോർ സൈക്കിൾ:
ഒരുലക്ഷം വരെ- 13 ശതമാനം (നിലവിൽ 11 ശതമാനം)
ഒന്ന്-രണ്ട് ലക്ഷംവരെ- 15 ശതമാനം (നിലവിൽ 13 ശതമാനം)
കാറുകൾ:
അഞ്ചുലക്ഷംവരെ- 10 ശതമാനം (നിലവിൽ ഒൻപത്)
അഞ്ച്-10 ലക്ഷം- 13 ശതമാനം (11 ശതമാനം)
10-15 ലക്ഷം -15 ശതമാനം (13 ശതമാനം)
Kerala
യുവതലമുറയുടെ സദാചാര ചിന്ത വ്യത്യസ്തം; വിവാഹവാഗ്ദാനംനല്‍കി പീഡിപ്പിച്ചെന്ന കേസില്‍ സുപ്രീംകോടതി

ഒരു പുരുഷന് വിവാഹം കഴിക്കാം എന്ന് വാഗ്ദാനം നല്കുമ്പോള്ത്തന്നെ അയാള്‍ എന്തെങ്കിലും കാരണത്താല്‍ ആ തീരുമാനം മാറ്റാനുള്ള സാഹചര്യം കൂടി സ്ത്രീകള്‍ മുന്നില്‍ക്കാണേണ്ടത് അനിവാര്യമെന്ന് സുപ്രീംകോടതി. വിവാഹവാഗ്ദാനം നല്കി പീഡനം നടത്തി എന്ന ആരോപണം ഉണ്ടായ ഒരു കേസില്‍ വാദം കേള്‍ക്കവെയാണ് ബുധനാഴ്ച കോടതി ഈ അഭിപ്രായപ്രകടനം നടത്തിയത്. വിവാഹം കഴിക്കാം എന്ന് വാഗ്ദാനം നല്‍കിയാലുടന്‍ പുരുഷന് തന്റെമേല്‍ എല്ലാവിധ സ്വാതന്ത്ര്യവും അനുവദിച്ചുനല്‍കുന്നത് എന്ത് ചിന്തയുടെ അടിസ്ഥാനത്തിലാണെന്നും കോടതി ചോദിച്ചു.നേരത്തെ വിവാഹം ഉറപ്പിച്ചിരുന്ന പെണ്‍കുട്ടി, വിവാഹത്തില്‍ നിന്നും പിന്മാറിയ പുരുഷനെതിരെ നല്കിയ ലൈംഗിക പീഡന പരാതിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. രണ്ട് വ്യക്തികള്‍ തമ്മിലുള്ള പ്രണയബന്ധം തകരുന്ന സംഭവങ്ങളിലെല്ലാം, അവര്‍ തമ്മിലുണ്ടായിരുന്ന ലൈംഗികബന്ധം പങ്കാളിയുടെ നിര്‍ബന്ധം മൂലമുണ്ടായതായിരിക്കും എന്ന് തീര്‍ച്ചപ്പെടുത്താനാവില്ല. പരസ്പരസമ്മതത്തോടെയാണ് ഇത്തരം കാര്യങ്ങള്‍ നടക്കുന്നതെങ്കിലും സമൂഹത്തിന്റെ മുന്‍വിധിമൂലം മിക്കപ്പോഴും പുരുഷന്മാരാണ് പ്രതിസ്ഥാനത്ത് എത്തുന്നത്. എന്നാലിത് എല്ലായിപ്പോഴും അംഗീകരിക്കാനാവില്ലെന്നു സുപ്രീംകോടതി വ്യക്തമാക്കി.ജസ്റ്റിസ് എംഎം സുന്ദരേഷ്, ജസ്റ്റിസ് രാജേഷ് ബിന്ദല് എന്നിവരടങ്ങിയ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്. സദാചാരം അടക്കമുള്ള കാര്യങ്ങളിലുള്ള ഇന്നത്തെ ലോകത്തിന്റെ കാഴ്ചപ്പാട് പരിശോധിക്കുമ്പോള്‍, പെണ്‍കുട്ടികള്‍ കുറച്ചുകൂടി ചിന്താശേഷി ഉള്ളവരായിരിക്കണം എന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു. വിവാഹം തീരുമാനിക്കുന്നത് സ്വന്തം ഇഷ്ടപ്രകാരം ആണെങ്കിലും വീട്ടുകാര്‍ ഇടപെട്ടാണെങ്കിലും അത് ഏതെങ്കിലും ഒരു ഘട്ടത്തില്‍ തകരാനുള്ള സാഹചര്യവുമുണ്ട് എന്ന സത്യം പെണ്‍കുട്ടികള്‍ മറക്കരുത്. അല്ലെങ്കില്‍ പിന്നീട് അത് ആ സ്ത്രീക്കും പുരുഷനും ഒരുപോലെ ശിക്ഷയായിത്തീരും, കോടതി പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ടുചെയ്തു.
നിങ്ങള്‍ പ്രായപൂര്‍ത്തിയായവരല്ലെ.. കാര്യങ്ങള്‍ മനസിലാക്കാന്‍ പ്രാപ്തരായവരല്ലേ. പിന്നെയും എങ്ങിനെയാണ് വിവാഹവാഗ്ദാനത്തില്‍പെട്ട് വഞ്ചിതരാകുന്നത്. എങ്ങനെയാണ് അത്തരം ഒരു ബന്ധം ശാരീരികമാകുന്നതുവരെ എത്തുന്നത്. എല്ലാ ബഹുമാനത്തോടെയും പറയുകയാണ്.. ഇന്നത്തെ സമൂഹത്തിന്റെ, പ്രത്യേകിച്ച് യുവതലമുറയുടെ സദാചാരപരവും ധാര്‍മികവുമായ ചിന്തകള്‍ നമ്മള് കണ്ടുവന്നതില്‍ നിന്ന് വളരെ വ്യത്യസ്തമാണ്. ഈ കേസിലെ പെണ്‍കുട്ടിയുടെ വാദത്തെ കോടതി പിന്താങ്ങുകയാണെങ്കില്, ഈ രാജ്യത്തെ കോളേജുകളിലും മറ്റിടങ്ങളിലുമുള്ള പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ഇടയിലുള്ള പ്രണയബന്ധങ്ങളെല്ലാം ശിക്ഷിക്കപ്പെടേണ്ടതായി മാറും, കോടതി വ്യക്തമാക്കി.
ഇത്തരം സാഹചര്യങ്ങളിലെല്ലാം സമൂഹത്തിന്റെ യാഥാസ്ഥിതികമായ ചിന്താഗതികളും വ്യവസ്ഥിതികളിലെ പഴുതുകളും പുരുഷനെ ഏകപക്ഷീയമായി എല്ലായ്പ്പോഴും കുറ്റവാളിയാക്കി മുദ്രകുത്താനുള്ള പ്രവണത കാണിക്കാറുണ്ടെന്നും കോടതി കുറ്റപ്പെടുത്തി. അതേസമയം, തന്റെ കക്ഷിയും പ്രതിസ്ഥാനത്തുള്ള പുരുഷനും തമ്മിലുണ്ടായിരുന്നത് പ്രണയബന്ധമായിരുന്നില്ലെന്നും മറിച്ച് വീട്ടുകാര്‍ തമ്മിലുറപ്പിച്ച വിവാഹവാഗ്ദാനമായിരുന്നുവെന്നും പെണ്‍കുട്ടിയുടെ അഭിഭാഷക പറഞ്ഞു.പുരുഷന് ആവശ്യപ്പെട്ടതിന് വഴങ്ങിയില്ലെങ്കില്‍ അയാള്‍ വിവാഹത്തില്‍നിന്നും പിന്മാറുമോ എന്നും, അത് തനിക്കും കുടുംബത്തിനും സമൂഹത്തിലുണ്ടാക്കാവുന്ന അപമാനം ഭയന്നുമാണ് സ്ത്രീ ലൈംഗികബന്ധത്തിന് സമ്മതിച്ചതെന്നും സ്ത്രീയുടെ വക്കീല്‍ വാദിച്ചു. സമൂഹത്തെക്കുറിച്ചുള്ള ഭയമാണ് പെണ്‍കുട്ടിയെ ഇത്തരം ഒരു സാഹചര്യത്തില്‍ എത്തിച്ചത്. അവര്‍ തമ്മിലുണ്ടായ ലൈംഗികബന്ധം പുരുഷന് വലിയ സംഭവമായിരുന്നിരിക്കില്ല, എന്നാല്‍ അതില്‍ ഉള്‍പ്പെട്ട സ്ത്രീക്ക് അത് അങ്ങനെ ആയിരുന്നില്ല. അവള് അയാളെ ഭര്‍ത്താവായാണ് കണ്ടത്. അതുകൊണ്ടാണ് അയാളുടെ ഇംഗിതത്തിന് വഴങ്ങിയത്, പെണ്‍കുട്ടിയുടെ അഭിഭാഷകയായ മാധവി ദിവാന് കോടതിയെ അറിയിച്ചു.
എന്നാല്‍, കേസില്‍ ഉള്‍പ്പെട്ട രണ്ടുകൂട്ടര്‍ക്കും പറയാനുള്ളത് കേട്ട ശേഷമേ കേസില്‍ വിധി പറയൂ എന്ന് ബെഞ്ച് വ്യക്തമാക്കി. കോടതി ഇക്കാര്യത്തില്‍ ലിംഗവിവേചനം കാണിക്കില്ല. പെണ്കുട്ടിക്കോ ആണ്‍കുട്ടിക്കോ പ്രത്യേക പരിഗണന ലഭിക്കില്ല. രണ്ടുപേരുടെയും വാദം ഒരുപോലെ കേള്‍ക്കും. എനിക്കും ഒരു മകളുണ്ട്. എന്റെ മകളാണ് ഇത്തരം ഒരു സാഹചര്യത്തില്‍ ഉള്‍പെട്ടിട്ടുള്ളതെങ്കില്‍ പോലും ഇതുപോലെയുള്ള ഒരു കേസിനെ ഞാന്‍ വളരെ വിശാലമായ കാഴ്ചപ്പാടിലൂടെയേ നോക്കിക്കാണാവൂ, അതാണ് ശരി – ജസ്റ്റിസ് സുന്ദരേഷ് പറഞ്ഞു. ഇങ്ങനെയൊക്കെയാണെങ്കിലും അന്തിമമായി ഇത്തരം കേസുകളില്‍ സ്ത്രീകളെ തന്നെയേ നിയമം ഇരയായി പരിഗണിക്കുകയുള്ളൂ എന്നും കോടതി വ്യക്തമാക്കി.
Breaking News
ഊട്ടിയിലേക്ക് യാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു

ഗൂഡല്ലൂർ: ഊട്ടിയിലേക്ക് വിനോദയാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു. സുഹൃത്തുക്കളിൽ ഒരാളെ ഗുരുതര പരിക്കോടെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് വടകര സ്വദേശി പി. സാബിർ (26) ആണ് മരിച്ചത്. സുഹൃത്ത് ആസിഫിനെ (26) പരിക്കുകളോടെ ആദ്യം ഗൂഡല്ലൂർ ജില്ല ആശുപത്രിയിലും പിന്നീട് സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റൊരു സുഹൃത്ത് രക്ഷപ്പെട്ടു. ബുധനാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് ദാരുണ സംഭവം. ഗൂഡല്ലൂർ ഊട്ടി ദേശീയപാതയിലെ നടുവട്ടത്തിന് സമീപമുള്ള നീഡിൽ റോക്ക് ഭാഗത്തെ വനംവകുപ്പ് വിനോദസഞ്ചാര കേന്ദ്രത്തിൽ വെച്ചാണ് കടന്നൽ കുത്തേറ്റത്. കടന്നൽ കൂടിന് കല്ലെറിഞ്ഞപ്പോൾ തേനീച്ചകൾ ഇളകിയെന്നാണ് പറയപ്പെടുന്നത്. കടന്നൽ കുത്തേറ്റ സാബിർ ഓടി രക്ഷപ്പെടുന്നതിനിടെ വീണും പരിക്കേറ്റു. ഗൂഡല്ലൂർ ഫയർഫോഴ്സും വനപാലകരും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Kerala
നന്നായി പഠിച്ചാലേ ക്ലാസ്കയറ്റം കിട്ടൂ… പദ്ധതി ഈ വേനലവധിക്കാലത്ത് തുടങ്ങും

കോഴിക്കോട്: ഓരോ കുട്ടിയും നന്നായി പഠിച്ചാലേ അടുത്തക്ലാസിലെത്തൂ എന്നുറപ്പാക്കാനുള്ള പദ്ധതിക്ക് ഈ വേനലവധിക്കാലത്ത് തുടക്കമാവും. ഇക്കൊല്ലം എട്ടാംക്ലാസ് പരീക്ഷയെഴുതിയ കുട്ടികളുടെ ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തോടെയാണ് ഇതിനു തുടക്കമാവുക. ഏപ്രില്‍ നാലിന് മൂല്യനിര്‍ണയം പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം. എഴുത്തുപരീക്ഷയില്‍ 30 ശതമാനം മാര്‍ക്കുനേടാത്ത കുട്ടികളുടെ പട്ടിക തയ്യാറാക്കല്‍ തൊട്ടടുത്തദിവസംതന്നെ നടത്തും. പ്രധാനാധ്യാപകരും അധ്യാപകരും ചേര്‍ന്നാണ് ഇതു തയ്യാറാക്കുന്നത്. പഠനപിന്തുണവേണ്ട വിദ്യാര്‍ഥികളെയാണ് ഇപ്രകാരം കണ്ടെത്തുക. പഠനപിന്തുണയ്ക്കാവശ്യമായ കാര്യങ്ങള്‍ വിദ്യാലയതലത്തില്‍ ആസൂത്രണംചെയ്യലാണ് അടുത്തഘട്ടം. അത്തരം കുട്ടികളുടെ രക്ഷിതാക്കളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയശേഷമാണ് പഠനപിന്തുണയ്ക്കുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങുക. ഏപ്രില്‍ എട്ടുമുതല്‍ 24 വരെയാണ് മാര്ക്കുകുറഞ്ഞ കുട്ടികള്‍ക്ക് വീണ്ടും ക്ലാസുകള്‍ നല്‍കുക. 25 മുതല്‍ 28 വരെ വിലയിരുത്തല്‍ വീണ്ടും നടത്തി, 30-ന് ഫലപ്രഖ്യാപനം നടത്തുന്നവിധത്തിലാണ് പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.
കരിക്കുലം നിശ്ചയിച്ച ശേഷികള്‍ ഓരോ ക്ലാസിലും കുട്ടികള്‍ നേടുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള പദ്ധതിയുടെ ഭാഗമായാണ് പ്രത്യേകശ്രദ്ധ നല്‍കിക്കൊണ്ടുള്ള ഈ ക്ലാസുകള്‍. ഇതുകൊണ്ടും ഉദ്ദേശിച്ച ഫലംനേടാനാവാത്ത കുട്ടികളുടെ കാര്യത്തില്‍ പ്രത്യേകശ്രദ്ധയും പരിശീലനവും തുടര്‍ന്നുനല്‍കണമെന്നാണ് നിര്‍ദേശം. സ്കൂള്‍തലത്തില്‍ പ്രത്യേകപദ്ധതി തയ്യാറാക്കിയാണ് ഇത്തരം കുട്ടികള്‍ക്ക് സഹായം നല്‍കേണ്ടത്. ഏപ്രിലിലെ ക്ലാസുകള്‍കൊണ്ടും ലക്ഷ്യംനേടാനാവാത്ത, കൂടുതല്‍ ശ്രദ്ധയാവശ്യമായ കുട്ടികള്‍ക്ക് പിന്തുണയ്ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ മേയിലാണ് നടപ്പാക്കുക. പഠനപിന്തുണ നല്‍കിയിട്ടും അക്കാദമികസഹായം ആവശ്യമുള്ള കുട്ടികള്‍ക്കായി പ്രത്യേകപരിപാടികള്‍ ജൂണിലും നടപ്പാക്കും.എസ്എസ്എല്‍സി വിജയിക്കുന്ന കുട്ടികള്‍ക്കുപോലും ഭാഷയിലും ഗണിതത്തിലും മറ്റും അടിസ്ഥാനശേഷികള്‍പോലുമില്ലെന്ന വിമര്‍ശനമുയര്‍ന്നിരുന്നു. പൊതുവിദ്യാഭ്യാസമേധാവികള്‍തന്നെ സിബിഎസ്ഇയുമായി താരതമ്യംചെയ്ത് എസ്എസ്എല്‍സിയെക്കുറിച്ച് വിമര്‍ശനം ഉന്നയിച്ചതിനെത്തുടര്‍ന്നാണ് എഴുത്തുപരീക്ഷയ്ക്ക് 30 ശതമാനം മാര്‍ക്ക് നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ഈ അധ്യയനവര്‍ഷം എട്ടാംക്ലാസിലും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഒന്‍പത്, പത്ത് ക്ലാസുകളിലുമാണ് എഴുത്തുപരീക്ഷയില്‍ മിനിമം മാര്‍ക്ക് നടപ്പാക്കുന്നത്. 40 മാര്‍ക്കുള്ള എഴുത്തുപരീക്ഷയില്‍ 12, 20 മാര്‍ക്കുള്ള എഴുത്തുപരീക്ഷയില്‍ ആറ് എന്നിങ്ങനെയാണ് കുട്ടികള്‍ നേടേണ്ട മാര്‍ക്ക്. ഇതുകിട്ടാത്ത കുട്ടികള്‍ക്കാണ് പ്രത്യേകപഠനപിന്തുണയ്ക്കുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നത്. മൂല്യനിര്‍ണയത്തില്‍ കൃത്രിമംനടത്തി കുട്ടികളെ വിജയിപ്പിക്കുന്നത് തടയാനും നടപടികളുണ്ട്. ഉത്തരക്കടലാസുകള്‍ സ്കൂളുകളില്‍ത്തന്നെ സൂക്ഷിക്കണമെന്നും വിദ്യാഭ്യാസ ഓഫീസര്‍മാരുടെ പരിശോധനയില്‍ ഹാജരാക്കണമെന്നുമാണ് നിര്‍ദേശം. ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശമാണെന്ന പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ സമഗ്രവിദ്യാഭ്യാസം എന്ന ലക്ഷ്യത്തിലെത്താനാണിതെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗരേഖയില്‍ പറയുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്