അമിതവണ്ണമുള്ള അമ്മമാരുടെ പെണ്‍മക്കള്‍ക്കും അമിത വണ്ണമുണ്ടാകാൻ സാധ്യത-പഠനം

Share our post

വാഷിങ്ടണ്‍: പലരേയും അലട്ടുന്ന ഒരു ആരോഗ്യ പ്രശ്നമാണ് അമിതവണ്ണം. ചെറുപ്പത്തില്‍തന്നെ ഇതുണ്ടാവുന്നതിന് പിന്നില്‍ പല കാരണങ്ങളുണ്ടാവാം. ജീവിതശൈലിയിലും ഭക്ഷണത്തിലുമുള്ള പ്രശ്‌നങ്ങള്‍ മാത്രമല്ല, പെണ്‍കുട്ടികളിലെ അമിതവണ്ണത്തിന്റെ കാരണങ്ങള്‍.

അമിതവണ്ണമുള്ള അമ്മമാരുടെ പെണ്‍മക്കള്‍ക്ക് ഈ അവസ്ഥയുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ഏറ്റവും പുതിയ പഠനം പറയുന്നത്. എന്നാല്‍, ആണ്‍കുട്ടികള്‍കളെ അമ്മമാരുടെ അമിതവണ്ണം സ്വാധീനിക്കില്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നുണ്ട്.

‘ജേണല്‍ ഓഫ് ക്ലിനിക്കല്‍ എന്‍ഡോക്രൈനോളജി ആന്‍ഡ് മെറ്റബോളിസം ഓഫ് ദി എന്‍ഡോക്രൈന്‍ സൊസൈറ്റി’യിലാണ് പ്രസ്തുത പഠനം പ്രസിദ്ധീകരിച്ചത്.

ശരീരത്തിൽ അമിതമായ കൊഴുപ്പും ഭാരവുമുള്ള അമ്മമാരുടെ പെണ്‍മക്കള്‍ക്ക് സ്വയമേ കൊഴുപ്പ് കൂടാനുള്ള സാധ്യതയുണ്ടെന്നാണ് യൂണിവേഴ്‌സിറ്റി ഓഫ് സതാംപ്റ്റണിലെ റെബേക്ക ജെ. ബൂണ്‍ (പിഎച്ച്.ഡി) പറഞ്ഞത്.

ഈ വിഷയത്തെപ്പറ്റി കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നതെന്ന് വ്യക്തമല്ലെങ്കിലും ശരീരഘടനയെയും ഭാരത്തെയുംകുറിച്ച് വളരെ ചെറുപ്പത്തില്‍തന്നെ ശ്രദ്ധിച്ചുതുടങ്ങണമെന്നും റേെബക്ക പറഞ്ഞു. അമിതവണ്ണമുള്ള അമ്മമാരുടെ പെണ്‍മക്കളാണ് ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധപുലര്‍ത്തേണ്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഒമ്പത് വയസ്സിന് മുകളിലുള്ള 240 കുട്ടികളുടെ ശരീരത്തിലെ കൊഴുപ്പും മസിലും അളന്നാണ് വിവരം ശേഖരിച്ചത്. ഈ ഡാറ്റ ഉപയോഗിച്ച് കുട്ടികളുടെ ശരീരഭാരസൂചികയ്ക്കും (ബോഡി മാസ് ഇന്‍ഡക്‌സ്) ശരീരത്തിലെ കൊഴുപ്പിന്റെ അളവിനും അവരുടെ മാതാപിതാക്കളുടേതുമായി ബന്ധമുണ്ടോ എന്ന് കണ്ടെത്തുകയായിരുന്നു ലക്ഷ്യം.

പെണ്‍കുട്ടികള്‍ക്ക് അവരുടെ അമ്മമാരുടേതിന് സമാനമായ ബോഡി മാസ് ഇന്‍ഡക്‌സും കൊഴുപ്പുമൊക്കെയാണെന്നാണ് ഗവേഷകസംഘം കണ്ടെത്തിയത്. ഇവരില്‍ അമിതവണ്ണമുണ്ടാകാനുള്ള സാധ്യതയും കൂടുതലാണെന്ന് കണ്ടെത്തി. എന്നാല്‍, ആണ്‍കുട്ടികളും അവരുടെ അമ്മമാരുമായി ഇത്തരത്തിലൊരു ബന്ധം കണ്ടെത്തിയില്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!