കായികരംഗത്ത് പുതിയ തൊഴിൽ സാധ്യതകൾ കണ്ടെത്തും: മന്ത്രി വി. അബ്ദുറഹിമാൻ

Share our post

കണ്ണൂർ: കായിക രംഗത്ത് പുതിയ തൊഴിൽ സാധ്യതകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് സർക്കാരെന്നും പുതിയ കായിക നയം പ്രാബല്യത്തിൽ വരുന്നതോടെ കായിക രംഗത്ത് വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിക്കാൻ സാധിക്കുമെന്നും കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു.

ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജില്ലയിലെ കായിക താരങ്ങൾക്കുള്ള അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .കായിക താരങ്ങൾക്ക് തൊഴിൽ സാധ്യതകൾ കണ്ടെത്തുന്നതിനായി സ്പോർട്സ് സയൻസ്, സ്പോർട്സ് എം.ബി.എ പോലുള്ള പുതിയ കോഴ്സുകൾ ആരംഭിക്കും.

കായികതാരങ്ങളുടെ മത്സരങ്ങളിലേക്കും, ജോലിയിലേക്കുമുള്ള തിരഞ്ഞെടുപ്പ് പൂർണമായും മെറിറ്റടിസ്ഥാനത്തിൽ ആണെന്ന് ഉറപ്പു വരുത്തും. ഇതിനായി സർട്ടിഫിക്കേഷൻ പ്രോഗ്രാം രൂപപ്പെടുത്താനുള്ള നടപടികളുമായി കായിക വകുപ്പ് മുന്നോട്ട് പോവുകയാണ്.

സംസ്ഥാന സ്പോർട്സ് കൗൺസിൽ ശുപാർശ ചെയ്യുന്ന കായിക താരങ്ങൾക്ക് സർക്കാർ തന്നെ നേരിട്ട് സർട്ടിഫിക്കേഷൻ നൽകുകയാണ് ചെയ്യുക.2022-23 കാലയളവിൽ കണ്ണൂർ ജില്ലയെ പ്രതിനിധീകരിച്ച് അന്തർദേശീയ – ദേശീയ സംസ്ഥാനതല മത്സരങ്ങളിൽ മെഡൽ നേടിയതും പങ്കെടുത്തതുമായ 294 കായിക താരങ്ങളെയാണ് ചടങ്ങിൽ അനുമോദിച്ചത്.

ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ, ധ്യാൻചന്ദ് അവാർഡ് ജേതാവും സംസ്ഥാന സ്പോർട്സ് കൗൺസിൽ സ്ഥിരം സമിതി അംഗവുമായ കെ.സി ലേഖ, ഇന്ത്യൻ ഇന്റർനാഷണൽ ഫുട്ബാൾ താരവും സംസ്ഥാന സ്പോർട്സ് കൗൺസിൽ സ്ഥിരം സമിതി അംഗവുമായ സി.കെ വിനീത് എന്നിവരിൽ നിന്നും കായിക താരങ്ങൾ അനുമോദനം ഏറ്റുവാങ്ങി.

സ്പോർട്സ് കൗൺസിൽ ഹാളിൽ നടന്ന പരിപാടിയിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.കെ പവിത്രൻ, എക്സിക്യൂട്ടീവ് മെമ്പർ ഡോ. പി.പി ബിനീഷ്, സെക്രട്ടറി ഷിനിത്ത് പാട്യം, ജില്ലാ സ്പോർട്സ് ഓഫീസർ എം.എ നിക്കോളാസ് തുടങ്ങിയവർ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!