കസ്റ്റഡിയിലെടുത്തയാള്‍ കുഴഞ്ഞുവീണുമരിച്ചു: തൃപ്പൂണിത്തുറ എസ്.ഐയ്ക്ക് സസ്‌പെന്‍ഷന്‍

കൊച്ചി: വാഹന പരിശോധനയ്ക്കിടെ പോലീസ് കസ്റ്റഡിയില്‍ എടുത്തയാള്‍ സ്റ്റേഷനില്‍ കുഴഞ്ഞുവീണ മരിച്ച സംഭവത്തില്‍
തൃപ്പൂണിത്തുറ എസ്.ഐ. ജിമ്മി ജോസിനെ സസ്‌പെന്‍ഡ് ചെയ്തു.
ഇരുമ്പനം കര്‍ഷക കോളനിയില്‍ ചാത്തന്‍വേലില്‍ രഘുവരന്റെ മകന്‍ മനോഹരന്‍ (52) ആണ് തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് സ്റ്റേഷനില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. മനോഹരനെ പോലീസ് മര്‍ദിച്ചതായി ദൃക്‌സാക്ഷിയുടെ മൊഴിയുണ്ട്.
വാഹന പരിശോധനയ്ക്കിടെ കൈകാണിച്ചിട്ട് വാഹനം നിര്‍ത്താത്തതിനെ തുടര്‍ന്ന് മനോഹരനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മനോഹരനെ പിടികൂടുകയും ഹെല്‍മറ്റ് ഊരിയതിന് പിന്നാലെ കവിളത്ത് അടിക്കുകയായിരുന്നെന്നും അതിന് ശേഷം മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുകയും പിന്നാലെ പോലീസ് ജീപ്പില്‍ കയറ്റി കൊണ്ടുപോവുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
ശനിയാഴ്ച രാത്രി, ജീപ്പില്‍ സ്റ്റേഷനിലെത്തിച്ച ശേഷം മനോഹരന്‍ കുഴഞ്ഞുവീണെന്നാണ് പോലീസ് പറയുന്നത്. ഉടന്‍ പോലീസ് ജീപ്പില്‍ തൃപ്പൂണിത്തുറ താലൂക്കാസ്പത്രിയില്‍ എത്തിച്ചു.
തുടര്‍ന്ന് ആംബുലന്‍സില്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആസ്പത്രിയില്‍ എത്തിച്ചപ്പോള്‍ മനോഹരന്‍ മരിച്ച നിലയിലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.