ആനപ്പന്തി ബാങ്ക് തിരഞ്ഞെടുപ്പ് ; ജനകീയ സംരക്ഷണ സമിതിക്ക് ചരിത്ര വിജയം

ഇരിട്ടി: ആനപ്പന്തി സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പിന്തുണയുള്ള ജനകീയ സംരക്ഷണ സമിതി സ്ഥാനാർഥികൾ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു.
അങ്ങാടിക്കടവ് തുരുഹൃദയ എൽ.പി സ്‌കൂളിൽ ഹൈക്കോടതി നിർദേശാനുസരണം കനത്ത പൊലീസ് സുരക്ഷയോടെ നടത്തിയ തെരഞ്ഞെടുപ്പ് സമാധാനപരമായിരുന്നു.
ഹൈക്കോടതി നിയോഗിച്ച നീരീക്ഷകന്റെ സാന്നിധ്യത്തിൽ ബാരിക്കേഡ് സൃഷ്ടിച്ചാണ് വോട്ടർമാരെ കടത്തിവിട്ടത്. നിരീക്ഷണ ക്യാമറകളും ഒരുക്കിയിരുന്നു.
സംരക്ഷണസമിതി പാനലിൽ മത്സരിച്ച ഒ .എ അബ്രഹാം, സിബി വാഴക്കാല, ബിജോയ് പ്ലാത്തോട്ടത്തിൽ, സക്കീന മൊയ്തീൻ, വി. ടി സാറാമ്മ, എൻ .ഐ സുകുമാരൻ, സന്ദേശ് സാവിയോ (എല്ലാവരും സി.പി.ഐ എം), ജോർജ് ഓരത്തേൽ, സി. എം ജോർജ് ചിറ്റേട്ട്, ചിന്നമ്മ പുരയിടത്തിൽ (കേരള കോൺ. മാണി), കെ .പി ബാബു (സിപിഐ) എന്നിവരാണ് നാനൂറിൽപരം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ തെരഞ്ഞെടുക്കപ്പെട്ടത്.
ആദ്യ ഭരണസമിതി യോഗം ചേർന്ന് പ്രസിഡന്റായി ഒ. എ അബ്രഹാം ഓരത്തേലിനെ (സിപിഐ എം)യും വൈസ് പ്രസിഡന്റായി സി. എം ജോർജ് ചിറ്റേട്ടിനെ (കേരള കോൺഗ്രസ്(എം) യും തെരഞ്ഞെടുത്തു.
വിജയികളെ ആനയിച്ച് അങ്ങാടിക്കടവിൽ ആഹ്ലാദ പ്രകടനം നടത്തി. സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ, സജി കുറ്റ്യാനിമറ്റം, കെ വി സക്കീർ ഹുസൈൻ, ബിനോയ്‌കുര്യൻ, എൻ അശോകൻ, പി പി അശോകൻ, കെ ജി ദിലീപ്, കെ ജെ സജീവൻ എന്നിവർ സംസാരിച്ചു.
ഇത് ജനങ്ങളുടെ വിജയം:
എം വി ജയരാജൻ
ഇരിട്ടി
അഴിമതിഭരണത്തിൽ മനംമടുത്താണ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ ജനങ്ങൾ കൈവിട്ടതെന്ന് സി.പി.ഐ .എം ജില്ലാ സെക്രട്ടറി എം. വി ജയരാജൻ പറഞ്ഞു.
കർഷകരെ സഹായിക്കേണ്ടതിനുപകരം കർഷകവിരുദ്ധ നിലപാടാണ് ബാങ്ക് ഭരിച്ചവർ സ്വീകരിച്ചത്. 67 വർഷമായി യു.ഡി.എഫ് കൈവശംവച്ച ബാങ്ക് ഭരണത്തിനെതിരെ യു.ഡി.എഫ് അണികളും ബാങ്കംഗങ്ങളും പ്രകടിപ്പിച്ച കനത്ത രോഷം നേതൃത്വം തിരിച്ചറിയണം.
ജനങ്ങൾ അർപ്പിച്ച വിശ്വാസം കൈമുതലാക്കി ജനകീയ സംരക്ഷണ സമിതി എൽ.ഡി.എഫ് സഹായത്തോടെ ബാങ്കിന്റെ പുരോഗതി ഉറപ്പാക്കും. കൃഷിക്കാരുടെ പ്രതീക്ഷകൾ നിറവേറ്റാനും പരിശ്രമിക്കും–- ജയരാജൻ പറഞ്ഞു.