സ്നേഹത്തണലിൽ ഞങ്ങൾ ഹാപ്പിയാണ്

Share our post

ഇരിണാവ്: ഒറ്റപ്പെടലിന്റെ ആകുലതയെക്കുറിച്ച്‌ ഇരിണാവിലെ എൺപത്തിയഞ്ചുകാരൻ കണ്ണേട്ടനോട്‌ ചോദിച്ചാൽ, ഓ..അതൊക്കെ എന്ത്‌ എന്നാവും ഉത്തരം.

ഇരിണാവിലെ വയോജനങ്ങൾക്കെല്ലാം ഇതേ അഭിപ്രായമാണ്‌. ഏകാന്തതയോ വീർപ്പുമുട്ടലോ ഇക്കൂട്ടരെ ബാധിക്കുന്നില്ല. നേഹത്തോടെ സൗഹൃദം പങ്കിടാൻ ഇവിടെ പകൽ വീടുണ്ട്.

സി.ആർ.സിയിലെ ഇരിണാവ് വടക്ക് പകൽവീട്‌ വയോജനങ്ങൾക്ക്‌ മാനസികോല്ലാസത്തിനുള്ള കേന്ദ്രംകൂടിയാണ്‌. പൂർണസമയം ചെലവഴിക്കാൻ സൗകര്യമുണ്ട്.

ഏകാന്തത ഇക്കൂട്ടർക്ക്‌ പ്രശ്‌നമേയല്ല. കല്യാശേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ ‘സ്നേഹത്തണൽ’ എന്ന പേരിലൊരുക്കിയ പകൽ വീട്ടിൽ 11 സ്ത്രീകളടക്കം 39 പേരാണ് രജിസ്റ്റർ ചെയ്തത്. മിക്കവരും ദിവസവുമെത്തും. പാട്ടും ചിരിയും തമാശകളും കഥയും ചരിത്രവും ഇഴചേർന്ന വർത്തമാനങ്ങൾ നിറഞ്ഞൊഴുകുന്ന പകൽ വീട്ടിൽ എത്താൻ എല്ലാവർക്കും ആവേശമാണ്.

2022––23 വാർഷിക പദ്ധതിയിൽ പകൽവീട് പ്രവർത്തനങ്ങൾക്കായി നാലുലക്ഷം രൂപ വകയിരുത്തി. താൽപര്യമുള്ള വയോജനങ്ങളെ സർവേയിലൂടെ കണ്ടെത്തി. പരിപാലനത്തിനായി കെയർ ടേക്കറെ നിയമിച്ചു.

100 കസേര, കുടിവെള്ള സൗകര്യം, മൈക്ക്‌, കർട്ടൻ, ഗ്യാസ് കണക്ഷൻ, പാത്രങ്ങൾ എന്നിവയും സജ്ജമാക്കി. ദിവസവും ചായയും ഭക്ഷണവും നൽകും.

എല്ലാ മാസവും മെഡിക്കൽ ക്യാമ്പും കണ്ണ് പരിശോധനയുമുണ്ട്‌. സൗജന്യമായി മരുന്നും നൽകും. വയോജന അവകാശ, സംരക്ഷണനിയമ ബോധവൽക്കരണവും നൽകുന്നു.

പകൽവീട്ടിൽ ലൈബ്രറി ഒരുക്കാനും വയോജനങ്ങളുടെ നൈപുണ്യം ഉപയോഗപ്പെടുത്താനും പദ്ധതിയുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!