കയർതൊഴിലാളി തൂങ്ങിമരിച്ച നിലയിൽ; വായ്പ അടയ്ക്കാത്തതിന് ബാങ്ക് ജീവനക്കാർ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം

ആലപ്പുഴ: വായ്പ എടുത്തത് തിരിച്ചടയ്ക്കാന്‍ കഴിയാത്തതില്‍ മനംനൊന്ത് കയര്‍ തൊഴിലാളി തൂങ്ങി മരിച്ചു. ആലപ്പുഴ കഞ്ഞിക്കുഴി സ്വദേശി ശശി(54)യെയാണ് വീടിന് സമീപം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ചയായിരുന്നു സംഭവം.
അഞ്ചു ലക്ഷം രൂപ വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്നതോടെ ശശി മാനസിക പ്രയാസത്തിലായിരുന്നു. മൂന്ന് മാസത്തോളമായി ശശിയ്ക്ക് ജോലി ഇല്ലായിരുന്നു. ഇതോടെ മകളുടെ വിവാഹത്തിനായി എടുത്ത വായ്പയാണ് മുടങ്ങിയത്. വീടിന്റെ ആധാരം പണയംവെച്ചായിരുന്നു ശശി വായ്പയെടുത്തത്.
വായ്പ തിരിച്ചടയ്ക്കുന്നതില്‍ മുടക്കം വന്നതോടെ ബാങ്ക് ജീവനക്കാര്‍ വീട്ടിലെത്തി ഇദ്ദേഹത്തെ ഭീഷണിപ്പെടുത്തിയതായി ബന്ധുക്കള്‍ ആരോപിച്ചു.
വായ്പ തിരിച്ചടയ്ക്കാന്‍ സാധിക്കുമായിരുന്നെന്നും എന്നാല്‍ ബാങ്ക് ജീവനക്കാര്‍ മരുമക്കളുടെ മുന്നില്‍വെച്ച് അപമാനിച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും ഇവര്‍ ആരോപിക്കുന്നു.
സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)