മറവിരോഗത്തെക്കുറിച്ച് നിരന്തരം ഗവേഷണങ്ങളും പഠനങ്ങളുമൊക്കെ നടക്കാറുണ്ട്. നേരത്തേ മറവിരോഗം കണ്ടെത്താനുള്ള മാർഗങ്ങളെക്കുറിച്ചും കാലങ്ങളായി ഗവേഷകർ പഠനം നടത്തിവരുന്നുണ്ട്. ഇപ്പോഴിതാ കണ്ണിൽ നിന്നും അൽഷിമേഴ്സ് സാധ്യത നേരത്തേ കണ്ടെത്താമെന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ.
ലോസ്ആഞ്ജലീസിലെ സെഡാർസ് സിനായ് മെഡിക്കൽ സെന്ററിലുള്ള ഗവേഷകരാണ് പഠനത്തിനു പിന്നിൽ. ആക്റ്റ ന്യൂറോപതോളജിക്കാ എന്ന ജേർണലിൽ കഴിഞ്ഞ മാസമാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്.
അൽഷിമേഴ്സ് ബാധിക്കുകയും മരണമടയുകയും ചെയ്ത 86 പേരുടെ കണ്ണും തലച്ചോറിലെ കോശങ്ങളും പരിശോധിച്ചാണ് ഗവേഷകർ വിലയിരുത്തലിൽ എത്തിയത്.
സാധാരണ കോഗ്നിറ്റീവ് ഫങ്ഷൻ ഉള്ളവർ, അൽഷിമേഴ്സിന്റെ ആദ്യകാല ലക്ഷണങ്ങൾ ഉള്ളവർ, അൽഷിമേഴ്സിന്റെ അവസാനഘട്ടത്തിൽ ഉള്ളവർ എന്നിവരുടെ സാമ്പിളുകൾ പരസ്പരം താരതമ്യം ചെയ്തു.
കോഗ്നിറ്റീവ് പ്രവർത്തനങ്ങൾ തകരാറിലായി തുടങ്ങുകയും അൽഷിമേഴ്സ് രോഗമുള്ളവരുമായവ രോഗികളുടെ റെറ്റിനയിൽ amyloid beta 42 എന്ന അൽഷിമേഴ്സ് സാധ്യത വർധിപ്പിക്കുന്ന പ്രോട്ടീന്റെ അളവ് കൂടുതലാണെന്ന് കണ്ടെത്തി.
കൂടാതെ microglia എന്ന അൽഷിമേഴ്സ് സാധ്യത വർധിപ്പിക്കുന്ന കോശങ്ങളും കൂടുതലാണെന്ന് കണ്ടെത്തി. അതിനാൽ റെറ്റിനൽ പരിശോധനകളിലൂടെ നേരത്തേ അൽഷിമേഴ്സ് സാധ്യത കണ്ടെത്താമെന്ന് സാധൂകരിക്കുകയാണ് ഗവേഷകർ.
അൽഷിമേഴ്സ് രോഗികളിലെ റെറ്റിനയിൽ ഇത്തരത്തിലുള്ള ഉയർന്ന ടോക്സിക് പ്രോട്ടീനുകളുടെ സാന്നിധ്യം കണ്ടെത്തി- റിസർച്ച് അസോസിയേറ്റായ ഡോ.യോസെഉ് കൊറോന്യോ പറഞ്ഞു.
മറവി ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ കണ്ടുതുടങ്ങും മുമ്പുതന്നെ അൽഷിമേഴ്സ് രോഗം മസ്തിഷ്കത്തിൽ ആരംഭിച്ചിരിക്കും. നേരത്തേ തന്നെ ഡോക്ടർമാർക്ക് ഈ രോഗത്തെ കണ്ടുപിടിക്കാനായാൽ രോഗികൾക്ക് ജീവിതരീതിയിൽ മാറ്റം വരുത്താനും ഉയർന്ന രക്തസമ്മർദം, കൊളസ്ട്രോൾ, ഡയബറ്റിസ് പോലുള്ള അപകടസാഹചര്യങ്ങളെ പ്രതിരോധിക്കാനും കഴിയും- അൽഷിമേഴ്സ് പ്രിവന്റീവ് ന്യൂറോളജിസ്റ്റായ ഡോ.റിച്ചാർഡ് ഐസക്സൺ പറഞ്ഞു.
ലോകത്താകമാനം അഞ്ചു കോടി അല്‍ഷിമേഴ്‌സ് ബാധിതരുണ്ടെന്നാണ് കണക്ക്. Alzheimer’s and Related Disorders Society of India (ARSDI) യുടെ കണക്കില്‍ 2010-ല്‍ ഇന്ത്യയില്‍ 37 ലക്ഷത്തോളം ഡിമെന്‍ഷ്യ ബാധിതരുണ്ടെന്നും 2030 ഓടെ രോഗബാധിതര്‍ 76 ലക്ഷത്തോളമാകുമെന്നും പറയുന്നു.
ഓർമ കൂട്ടാൻ ചില നുറുങ്ങു വഴികൾ !
ഓർമ കൂട്ടാൻ എളുപ്പ വഴികളില്ല. മസ്തിഷ്കത്തിലെ കോശങ്ങളെ ഉത്തേജിപ്പിക്കുന്ന ദിനചര്യകൾ ശീലമാക്കിയാൽ ഓർമ്മ മെച്ചപ്പെടും.
വായിക്കുക -200 പേജ് ഉള്ള രണ്ട് പുസ്തങ്ങളെങ്കിലും എല്ലാ മാസവും വായിക്കുക.
ചെസ്സ് കളിക്കുക – ആഴ്ച്ചയിൽ ഒരു തവണയെങ്കിലും ചെസ് കളിക്കുക
പദപ്രശ്നം പൂരിപ്പിക്കുക – ആഴ്ചയിൽ ഒരിക്കൽ എങ്കിലും സുഡുകു, ക്വിസ് എന്നിവ ചെയ്യുക
വ്യായാമം ശീലമാക്കുക – ആഴ്ചയിൽ മൂന്നാല് തവണയെങ്കിലും യോഗ, ധ്യാനം എന്നിവയുൾപ്പടെ വ്യായാമ മുറകൾ ശീലമാക്കുക
ഡയറിക്കുറിപ്പുകൾ എഴുതാൻ ശീലിക്കുക. സർഗാത്മക പ്രവർത്തികളിൽ ഏർപ്പെടുക
ഉറക്കം – എട്ട് മണിക്കൂർ ഉറങ്ങുക, കൃത്യസമയം പാലിക്കുക