മെഡിക്കല്‍ കോളേജിലെ പീഡനം: അതിജീവിതയെ പിന്തുണച്ചതിന് നഴ്‌സിങ് ഓഫീസര്‍ക്ക് ഭീഷണിയെന്ന് പരാതി

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പീഡനക്കേസില്‍ അതിജീവിതയ്‌ക്കൊപ്പം നിന്ന വാര്‍ഡിലെ സീനിയര്‍ നഴ്‌സിങ് ഓഫീസര്‍ക്ക് ഭീഷണിയെന്ന് പരാതി.
മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനാണ് പരാതി നല്‍കിയത്. സസ്‌പെന്‍ഡ് ചെയ്യിക്കുമെന്ന് ഭരണാനുകൂല സര്‍വീസ് സംഘടനയുടെ ജില്ലാ നേതാവ് ഭീഷണിപ്പെടുത്തിയെന്ന് പരാതിയില്‍ ഉന്നയിക്കുന്നു. എന്നാല്‍ എന്‍.ജി.ഒ. യൂണിയന്‍ ആരോപണം നിഷേധിച്ചു.
സസ്‌പെന്‍ഡ് ചെയ്യിക്കുന്നതിന് സമ്മര്‍ദം ചെലുത്തും, സാമൂഹിക മാധ്യമം വഴി അപവാദപ്രചാരണം നടത്തും എന്നിങ്ങനെയെല്ലാം ഭീഷണി മുഴക്കിയെന്നാണ് പരാതി.
ചീഫ് നഴ്‌സിങ് ഓഫീസറുടെയും നഴ്‌സിങ് സൂപ്രണ്ടിന്റെയും സാന്നിധ്യത്തില്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. സൂപ്രണ്ട് ഈ പരാതി പ്രിന്‍സിപ്പാളിന് കൈമാറിയി. അതേസമയം പോലീസില്‍ പരാതിയെത്തിയില്ലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പരാതിക്കാരിയായ നഴ്‌സ് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ ഭാരവാഹിയാണ്. എന്‍.ജി.ഒ. യൂണിയന്‍ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
ഇത് സര്‍വീസ് സംഘടനകള്‍ തമ്മിലുള്ള തര്‍ക്കത്തിനും വഴിവച്ചിട്ടുണ്ട്. അതിനിടെ ആരോപണങ്ങള്‍ നിഷേധിച്ച് എന്‍.ജി.ഒ. യൂണിയന്‍ രംഗത്തെത്തി.
അതേസമയം ഇരയെ സ്വാധീനിക്കാന്‍ ശ്രമിച്ച അഞ്ചു പ്രതികളും ഒളിവിലെന്ന് മെഡിക്കല്‍ കോളേജ് എ.സി.പി. കെ. സുദര്‍ശന്‍ പറഞ്ഞു.
നിലവില്‍ അഞ്ചുപേരും സസ്‌പെന്‍ഷനിലാണ്. മുഖ്യപ്രതിക്കെതിരെയുള്ള മൊഴി മാറ്റണമെന്ന് അതിജീവിതയെ പ്രേരിപ്പിച്ചതിനാണ് ഇവര്‍ക്കെതിരേ കേസ്.