കൈക്കൂലിക്കേസിലെ പ്രതിയില്‍നിന്ന് കൈക്കൂലി വാങ്ങി; വിജിലന്‍സ് റെയ്ഡിനിടെ ഡി.വൈ.എസ്.പി മുങ്ങി
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിലെ പ്രതിയുമായി പണമിടപാട് നടത്തിയെന്നു കണ്ടെത്തിയതിന് വിജിലന്‍സ് കേസെടുത്ത ഡിവൈ.എസ്.പി.യുടെ വീട്ടില്‍ വിജിലന്‍സ് സംഘം പരിശോധന നടത്തുന്നതിനിടെ ഡി.വൈ.എസ്.പി മുങ്ങി.
വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ ഡിവൈ.എസ്.പി. പി.വേലായുധന്‍ നായരുടെ കഴക്കൂട്ടത്തെ വീട്ടിലാണ് തിരുവനന്തപുരം സ്പെഷ്യല്‍ സെല്‍ യൂണിറ്റ്-രണ്ട് എസ്.പി.യുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.
റെയ്ഡ് അവസാനഘട്ടത്തിലേക്ക് എത്തുന്നതിനിടെ, മഹസറില്‍ ഒപ്പുവച്ചശേഷമാണ് ഡി.വൈ.എസ്.പി വേലായുധന്‍ നായര്‍ വീടിന്റെ പിന്‍വശത്തുകൂടി മുങ്ങിയതെന്ന് റെയ്ഡിനെത്തിയ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നു.
ബുധനാഴ്ച ഉച്ചയോടെ തുടങ്ങിയെ റെയ്ഡ് രാത്രി ഒന്‍പതോടെയാണ് അവസാനിച്ചത്. റെയ്ഡിനിടെ വേലായുധന്‍ നായരുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തിരുന്നു.
സുപ്രധാന വിവരങ്ങള്‍ വിജിലന്‍സിന് ലഭിച്ചെന്നാണ് സൂചന. അതിനിടെ, മഹസറില്‍ ഒപ്പുവച്ചശേഷം വീടിന്റെ പിന്‍വശത്തേക്കുപോയ വേലായുധന്‍ നായരെ പിന്നീട് കാണാതായി.
വിജിലന്‍സ് സംഘവും കുടുംബാംഗങ്ങളും വ്യാഴാഴ്ച രാവിലെവരെ തിരച്ചില്‍ നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചില്ല. ഇതേത്തുടര്‍ന്ന് വിജിലന്‍സ് എസ്.പി കഴക്കൂട്ടം പോലീസ് സ്‌റ്റേഷനില്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
വേലായുധന്‍ നായര്‍ മുങ്ങിയതാണ് എന്ന നിഗമനത്തിലാണ് പോലീസ്. വിജിലന്‍സ് തെളിവുകള്‍ ശേഖരിച്ച സാഹചര്യത്തില്‍ അറസ്റ്റ് ഉണ്ടായേക്കാം എന്ന് മനസിലാക്കിയ വേലായുധന്‍ നായര്‍ അറസ്റ്റ് ഒഴിവാക്കാന്‍ മുങ്ങി എന്നാണ് കരുതുന്നത്.
അനധികൃത സ്വത്ത് സമ്പാദനക്കേസിലെ പ്രതിയായ തിരുവല്ല മുനിസിപ്പല്‍ സെക്രട്ടറി എസ്.നാരായണനെ 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടികൂടിയിരുന്നു.
ഇയാളുമായി തിരുവനന്തപുരം വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ ഡി.വൈ.എസ്.പി.യായ പി.വേലായുധന്‍ നായര്‍ സാമ്പത്തിക ഇടപാട് നടത്തിയതായി തെളിവ് ലഭിച്ചതിനെത്തുടര്‍ന്ന് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
നാരായണനെതിരേ വിജിലന്‍സ് സ്പെഷ്യല്‍ സെല്ലിലുണ്ടായിരുന്ന അനധികൃത സ്വത്ത് സമ്പാദനക്കേസ് നേരത്തെ അന്വേഷിച്ചത് വേലായുധന്‍ നായരായിരുന്നു.
ഇതു മനസ്സിലാക്കി ഇവര്‍ തമ്മിലുള്ള സാമ്പത്തിക ഇടപാട് ഗൗരവമെന്നുകണ്ട് നടപടി സ്വീകരിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം തീരുമാനിക്കുകയായിരുന്നു.