Kerala
കെട്ടിടനിർമാണ പെർമിറ്റ് നിരക്ക് കൂട്ടും; നഗരങ്ങളില്‍ അപേക്ഷിച്ചാലുടന്‍ പെര്‍മിറ്റ്- മന്ത്രി രാജേഷ്
തിരുവനന്തപുരം: സംസ്ഥാനത്ത് കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസില്‍ വര്‍ധന വരുത്തുമെന്ന് തദ്ദേശവകുപ്പുമന്ത്രി എം.ബി. രാജേഷ്. നിരക്ക് പിന്നീട് നിശ്ചയിക്കുമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
കേരളത്തില്‍ കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസ് കാലാനുസൃതമായി വര്‍ധിപ്പിച്ചിട്ടില്ലെന്നും വേഗത്തിലും സുഗമമായും സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ആവശ്യമായ സാങ്കേതികസംവിധാനത്തിനായി ന്യായമായ ഫീസ് ആയിരിക്കും ഈടാക്കുകയെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ കോര്‍പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും ചെറുകിട നിര്‍മ്മാണങ്ങള്‍ക്ക് അപേക്ഷിച്ചാലുടന്‍ തന്നെ കെട്ടിട നിര്‍മാണ പെര്‍മിറ്റ് ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. വീട് ഉള്‍പ്പെടെ 300 ചതുരശ്ര മീറ്റര്‍ വരെയുള്ള ചെറുകിട കെട്ടിടനിര്‍മാണങ്ങള്‍ക്കാണ് ഈ സൗകര്യം.
സ്വയം സാക്ഷ്യപ്പെടുത്തുന്ന അപേക്ഷയുടെ അടിസ്ഥാനത്തിലാകും അനുമതി നല്‍കുന്നത്. 2023 ഏപ്രില്‍ ഒന്ന് മുതല്‍ നഗരസഭകളില്‍ വീടുകളടക്കമുള്ള ചെറുകിട കെട്ടിടങ്ങളുടെ പെര്‍മിറ്റ് ലഭിക്കുന്നതിന് ഉദ്യോഗസ്ഥതല പരിശോധന പൂര്‍ണമായും ഒഴിവാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഏപ്രില്‍ ഒന്നുമുതല്‍ കെട്ടിടങ്ങളുടെ നിലവിലുള്ള വസ്തുനികുതി അഞ്ച് ശതമാനം വര്‍ധിപ്പിക്കാനുള്ള നിയമഭേദഗതി ഇതിനകം നിയമസഭ പാസാക്കിയിട്ടുണ്ട്. അടുത്ത വര്‍ഷം മുതല്‍ നിര്‍മ്മിക്കുന്ന കെട്ടിടങ്ങള്‍ക്ക് പുതിയ നിരക്കുകള്‍ ബാധകമായിരിക്കും.
ഇതോടൊപ്പം അര്‍ഹതപ്പെട്ടവര്‍ക്ക് ഇളവുകളും നിശ്ചയിച്ചിട്ടുണ്ട്. നേരത്തെ 30 ചതുരശ്ര മീറ്റര്‍ വരെ ബി.പി.എല്‍. വിഭാഗങ്ങള്‍ക്ക് മാത്രമായിരുന്നു നികുതിയിളവ്. ഇനി സ്വന്തം താമസത്തിന് ഉപയോഗിക്കുന്ന 60 ചതുരശ്ര മീറ്റര്‍ വരെയുള്ള കെട്ടിടങ്ങള്‍ക്ക് വസ്തുനികുതി അടയ്‌ക്കേണ്ടതില്ല.
ഈ ഇളവ് ഫ്‌ലാറ്റുകള്‍ക്ക് ബാധകമല്ല. നികുതി ചോര്‍ച്ച തടയുന്നതിനും ഓരോ കെട്ടിടത്തിനും വരുത്തിയിട്ടുള്ള മാറ്റങ്ങള്‍ കണ്ടെത്തുന്നതിനും വിപുലമായ പരിശോധന നടത്തും. ഇതനുസരിച്ച് നികുതി പുതുക്കി നിശ്ചയിക്കും. അനധികൃത നിര്‍മ്മാണം പരിശോധനയില്‍ കണ്ടെത്തിയാല്‍ അനധികൃത ഭാഗത്തിന് മൂന്നിരട്ടി നികുതി ചുമത്തും, നടപടിയും സ്വീകരിക്കും. 1500 ചതുരശ്ര അടി വരെയുള്ള വീടുകളെ മൂന്നിരട്ടി വസ്തുനികുതി ചുമത്തുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കാര്യക്ഷമതയുടെ അടിസ്ഥാനത്തില്‍ റേറ്റിങ് നടപ്പിലാക്കും. സേവനങ്ങളുടെ കാര്യക്ഷമത സംബന്ധിച്ച പൊതുജനങ്ങളുടെ വിലയിരുത്തലാകും(സിറ്റിസണ്‍സ് ഫീഡ്ബാക്ക്) റേറ്റിങ്ങിലെ പ്രധാന ഘടകമെന്നും മന്ത്രി രാജേഷ് പറഞ്ഞു.
അതിദ്രുതഗതിയില്‍ നഗരവത്കരണം നടക്കുന്ന ഇടമാണ് കേരളം. ഭൂവിനിയോഗരീതികള്‍, ജീവിതശൈലി, മാലിന്യസംസ്‌കരണം തുടങ്ങിയ വിഷയങ്ങള്‍ സങ്കീര്‍ണമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നവകേരളത്തിന് അനുയോജ്യമായ നഗരനയം രൂപീകരിക്കാന്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദഗ്ധരെയടക്കം ഉള്‍പ്പെടുത്തി കമ്മിഷനെ നിയമിക്കും. പുതിയ സംവിധാനത്തിലേക്ക് ഉദ്യോഗസ്ഥരെയും ജീവനക്കാരെയും മികച്ച രീതിയില്‍ പരിവര്‍ത്തിപ്പിക്കാന്‍ ഇടപെടല്‍ നടത്തുമെന്നും മന്ത്രി അറിയിച്ചു.
കേരളത്തിലെ നഗരങ്ങളിലും പ്രാന്തപ്രദേശങ്ങളിലും കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ ലംഘിച്ച് നിര്‍മിച്ച കെട്ടിടങ്ങള്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി ക്രമവത്കരിക്കുന്നതിന് 2018-ല്‍ ചട്ടം പുറപ്പെടുവിച്ചിരുന്നു. പ്രസ്തുത ചട്ടപ്രകാരം 2017 ജൂലൈ 31-ന് മുന്‍പ് നിര്‍മാണം ആരംഭിച്ച കെട്ടിടങ്ങളാണ് ക്രമവത്കരിക്കാന്‍ സാധിക്കുന്നത്.
ഇതുപ്രകാരം ക്രമവത്കരണ അപേക്ഷ നല്‍കാനുള്ള കാലപരിധി അവസാനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അനധികൃത കെട്ടിടങ്ങള്‍ ക്രമവത്കരിക്കുന്നതിനുള്ള പുതിയ വ്യവസ്ഥകളടങ്ങിയ ചട്ടം പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 2019 നവംബര്‍ 7ന് മുന്‍പ് നിര്‍മ്മാണം ആരംഭിച്ച കെട്ടിടങ്ങള്‍ ക്രമവത്കരിക്കാന്‍ കഴിയും.
ഇതിനുള്ള നിയമ ഭേദഗതിക്ക് നിയമസഭ അംഗീകാരം നല്‍കിക്കഴിഞ്ഞു. ചട്ടം പുറപ്പെടുവിക്കുന്നതിനുള്ള നടപടി സ്വീകരിച്ചുവരുന്നു. ചട്ടം പുറപ്പെടുവിക്കുന്നതോടെ പൊതുജനങ്ങള്‍ക്ക് അപേക്ഷ നല്‍കാന്‍ കഴിയുമെന്നും മന്ത്രി എം.ബി. രാജേഷ് കൂട്ടിച്ചേര്‍ത്തു.
ഖരമാലിന്യത്തോടൊപ്പം ദ്രവമാലിന്യ സംസ്‌കരണവും പൊതുജനാരോഗ്യത്തിന് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ കുടിവെള്ള സ്രോതസുകളില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തില്‍ വളരെ ഗൗരവത്തോടെയാണ് ഈ വിഷയത്തെ സര്‍ക്കാര്‍ സമീപിക്കുന്നത്.
കേരളത്തില്‍ സൃഷ്ടിക്കപ്പെടുന്ന കക്കൂസ് മാലിന്യം ഉള്‍പ്പെടെയുള്ള ദ്രവമാലിന്യത്തിന്റെ സംസ്‌കരണത്തിന് പരിമിതമായ സംവിധാനങ്ങളേ നിലവിലുള്ളൂ. ഈ അവസ്ഥയ്ക്ക് കാതലായ മാറ്റം വരുത്തുന്നതിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്.
മുപ്പതോളം ദ്രമാലിന്യ സംസ്‌കരണ പ്ലാന്റുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനം നടന്നുവരികയാണ്. ഇതില്‍ പത്ത് പ്ലാന്റുകളുടെ നിര്‍മ്മാണം 2023 മെയ് 31നകം പൂര്‍ത്തിയാകും. കൊച്ചി എളംകുളം, ബ്രഹ്മപുരം, വെല്ലിങ്ടണ്‍ ഐലന്റ്, കൊല്ലം കുരീപ്പുഴ, കോഴിക്കോട് മെഡിക്കല്‍ കോളജ് (2 എണ്ണം), കണ്ണൂര്‍ പടന്നപ്പാലം, ആലപ്പുഴ ജനറല്‍ ഹോസ്പിറ്റല്‍, തൃശൂര്‍ മാടക്കത്തറ, മൂന്നാര്‍ എന്നീ പ്ലാന്റുകളാണ് മെയ് 31 നകം പ്രവര്‍ത്തനക്ഷമമാകുന്നത്.
മാലിന്യ സംസ്‌കരണ പ്രവര്‍ത്തനത്തിലെ നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനും നിയമനടപടി സ്വീകരിക്കുന്നതിനുമായി എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് രൂപീകരിക്കും. തദ്ദേശ സ്വയം ഭരണ വകുപ്പ്, ശുചിത്വമിഷന്‍, പൊലീസ് എന്നിവരുടെ പ്രതിനിധികളടങ്ങിയ സ്‌ക്വാഡ് എല്ലാ ജില്ലയിലും പ്രവര്‍ത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
Kerala
മഴയെത്തുന്നു,അടുത്ത അഞ്ചുദിവസം കനത്ത ചൂടിന് ആശ്വാസമാകുമെന്ന് കാലാവസ്ഥാ പ്രവചനം


കനത്ത ചൂടിനാശ്വാസമായി കേരളത്തില്‍ നേരിയ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.ഇന്ന് ആറ് ജില്ലകളില്‍ നേരിയ മഴ ലഭിച്ചേക്കാമെന്നാണ് അറിയിപ്പ്. കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട് കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് മഴ ലഭിക്കാൻ സാദ്ധ്യതയുള്ളത്.
ഫെബ്രുവരി 23: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം
ഫെബ്രുവരി 24: കണ്ണൂർ, കാസർകോട്
ഫെബ്രുവരി 25: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി
ഫെബ്രുവരി 26: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് നേരിയ മഴയ്ക്കുള്ള സാദ്ധ്യതയുള്ളത്.
കന്യാകുമാരി തീരത്ത് നാളെ ഉച്ചയ്ക്ക് 02.30 മുതല്‍ രാത്രി 11.30 വരെ 0.9 മുതല്‍ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. എന്നാല്‍ കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല.
കടലാക്രമണത്തിന് സാദ്ധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നാണ് അറിയിപ്പ്.
🔴 കടല്‍ക്ഷോഭം രൂക്ഷമാകാൻ സാദ്ധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
🔴 ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.
🔴 കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാദ്ധ്യതയുള്ള ഘട്ടത്തില്‍ കടലിലേക്ക് മത്സ്യബന്ധന യാനങ്ങള്‍ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാല്‍ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തില്‍ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
🔴 ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുള്‍പ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളിലും ശ്രദ്ധ പുലർത്തേണ്ടതാണ്.
🔴 മത്സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാർബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാദ്ധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
🔴 ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
🔴 തീരശോഷണത്തിനു സാദ്ധ്യതയുള്ളതിനാല്‍ പ്രത്യേകം ജാഗ്രത പുലർത്തുക.
Kerala
വമ്പൻ വാഗ്ദാനം നൽകി ഭാര്യയും ഭർത്താവും കൂടി തട്ടിയെടുത്തത് 44 ലക്ഷം, ഭർത്താവ് പിടിയിൽ


കൽപ്പറ്റ: യു കെയിലേക്ക് കെയർ ടേക്കർ വിസ ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് തിരുവനന്തപുരം സ്വദേശിനിയിൽ നിന്നും 44 ലക്ഷം രൂപ തട്ടിയ കേസിൽ വയനാട് സ്വദേശിയെ അറസ്റ്റ് ചെയ്‌തു. മുട്ടിൽ എടപ്പട്ടി കിഴക്കേപുരക്കൽ ജോൺസൺ സേവ്യർ (51) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച ഉച്ചയോടെ കോഴിക്കോട് വെച്ചാണ് കൽപ്പറ്റ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. സേവ്യറിന്റെ ഭാര്യയും കേസിലെ ഒന്നാം പ്രതിയുമായ അന്ന ഗ്രേസ് ഓസ്റ്റിനെ പിടികൂടാനായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
2023 ഓഗസ്റ്റ് മുതൽ 2024 മെയ് വരെയുള്ള കാലയളവിലാണ് 4471675 ലക്ഷം രൂപ സേവ്യറും ഭാര്യയും കൂടെ തിരുവനന്തപുരം, ആറ്റിങ്ങൽ സ്വദേശിനിയിൽ നിന്നും ബന്ധുക്കളിൽ നിന്നുമായി തട്ടിയെടുത്തത്. ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ് എന്നിങ്ങനെയുള്ള സോഷ്യൽ മീഡിയ പേജുകൾ വഴിയുള്ള പരസ്യം കണ്ടാണ് ഇവരുമായി യുവതി ബന്ധപ്പെടുന്നത്. ഓട്ടിസം ബാധിച്ച കുട്ടിക്ക് യു കെയിൽ മികച്ച ചികിത്സാ സൗകര്യം ഒരുക്കി നൽകുമെന്നും കുടുംബത്തോടൊപ്പം അവിടെ താമസിക്കാമെന്നും വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്.
സംസ്ഥാനത്ത് വേറെയും ആളുകൾ ഇവരുടെ വലയിൽ അകപ്പെട്ടിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ഡി വൈ എസ് പി ഷൈജു പി എല്ലിന്‍റെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ എസ് എച്ച് ഒ ബിജു ആന്‍റണി, എസ് ഐ രാംകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഗിരിജ, അരുൺ രാജ്, സിവിൽ പൊലീസ് ഓഫീസർമാരായ ദിലീപ്, ലിൻ രാജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കേസിലെ ഒന്നാം പ്രതിയായ അന്ന ഗ്രേസ് ഓസ്റ്റിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
Kerala
386 കിലോ മീറ്റർ റോഡിന്റെ നവീകരണത്തിന് 357 കോടി രൂപയുടെ ഭരണാനുമതി


തിരുവനന്തപുരം: ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി വിവിധ ജില്ലകളിലായി 79 റോഡുകളുടെ നവീകരണത്തിനും പുനരുദ്ധാരണത്തിനുമായി 356.97 കോടി രൂപയുടെ പ്രവൃത്തികൾക്ക് പൊതുമരാമത്ത് വകുപ്പ് ഭരണാനുമതി നൽകി. പദ്ധതി വിഹിതം ഉപയോഗിച്ച് 67 റോഡുകൾക്കായി 326.97 കോടി രൂപയുടേയും പദ്ധതിയേതര വിഭാഗത്തിൽ 12 റോഡുകൾക്കായി 30 കോടി രൂപയുടേയും പ്രവൃത്തിയാണ് നടത്തുക. ആകെ 386 കിലോ മീറ്ററോളം റോഡിന്റെകൂടി നവീകരണത്തിനാണ് ഇതോടെ വഴിതെളിഞ്ഞിരിക്കുന്നത്.
രണ്ടു വിഭാഗങ്ങളിലുമായി തിരുവനന്തപുരം ജില്ലയിൽ 15 റോഡുകൾക്കാണ് തുക അനുവദിച്ചിട്ടുള്ളത്. 76 കോടി രൂപ മുടക്കി 70 കിലോ മീറ്ററോളം റോഡ് ജില്ലയിൽ നവീകരിക്കും. കൊല്ലം ജില്ലയിൽ ആകെ 75 കിലോ മീറ്ററോളം ദൈർഘ്യത്തിൽ 13 റോഡുകൾക്കായി 58.7 കോടി രൂപയും ആലപ്പുഴ ജില്ലയിൽ ആകെ 35 കിലോ മീറ്റർ ദൈർഘ്യത്തിൽ എട്ട് റോഡുകൾക്കായി 35.85 കോടി രൂപയും അനുവദിച്ചു. കോട്ടയം ജില്ലയിൽ എട്ടു റോഡുകളിലായി 24 കിലോ മീറ്ററാണ് നവീകരിക്കുക. ഇതിനായി 30.35 കോടി രൂപയ്ക്കാണ് ഭരണാനുമതി നൽകിയിട്ടുള്ളത്. എറണാകുളം ജില്ലയിൽ ഒൻപത് റോഡുകൾക്കായി 33.8 കോടി രൂപ അനുവദിച്ചു. 44 കിലോ മീറ്ററിന്റെ നവീകരണത്തിനാണ് ഈ തുക.
പദ്ധതി വിഭാഗത്തിൽ ഇടുക്കി ജില്ലയിൽ നാലു റോഡുകളാണ് നവീകരിക്കുന്നത്. ആകെ 40.77 കിലോ മീറ്ററിന് 35.5 കോടി രൂപയുടെ ഭരണാനുമതി നൽകി. തൃശൂർ ജില്ലയിൽ ആകെ 31 കിലോ മീറ്റർ വരുന്ന എട്ടു റോഡുകൾ നവീകരിക്കാൻ 30.12 കോടിയും പാലക്കാട് ജില്ലയിൽ ഏഴു റോഡുകളിലായി 30.5 കിലോ മീറ്ററിന് 26.15 കോടി രൂപയും അനുവദിച്ചു.മിക്കവാറും റോഡുകളുടെ പുനരുദ്ധാരണം ബി.എം.ബി.സി. നിലവാരത്തിലും ബി.സി. ഓവർലേയിലുമാണ് പൂർത്തിയാക്കുക. കേരളത്തിലെ റോഡുകളുടെ നിലവാരം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ റോഡുകളുടെ നവീകരണത്തിന് പണം അനുവദിച്ചതെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. എത്രയും വേഗത്തിൽ ടെൻഡർ നടപടികൾ പൂർത്തിയാക്കി ഇവയുടെ നവീകരണപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്