പേരാവൂർ താലൂക്കാസ്പത്രിയുടെ ചുറ്റുമതിൽ നിർമാണം അട്ടിമറിക്കപ്പെടുന്നു

Share our post

പേരാവൂർ: താലൂക്കാസ്പത്രി ഭൂമി കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് ചുറ്റുമതിൽ കെട്ടി സംരക്ഷിക്കണമെന്ന സംസ്ഥാന ഹെല്ത്ത് ഡയറക്ടറുടെ ഉത്തരവ് അട്ടിമറിക്കപ്പെടുന്നതായി ആക്ഷേപമുയരുന്നു.

ചുറ്റുമതിലിന്റെ പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കുകയും ആവശ്യമായ ഫണ്ട് സർക്കാർ അനുവദിക്കുകയും ചെയ്തിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും നിർമാണം വൈകിക്കുന്നത് എച്ച്.എം.സിയിലെ ചിലരെന്നാണ് പരാതിയുയർന്നിട്ടുള്ളത്.

താലൂക്കാസ്പത്രി ഭൂമിയുടെ വിവിധ ഭാഗങ്ങളിൽ കയ്യേറ്റമുണ്ടായത് ഒഴിപ്പിച്ച ശേഷം ചുറ്റുമതിൽ കെട്ടുമെന്നാണ് അധികൃതർ മുൻപ് പറഞ്ഞിട്ടുള്ളത്.ഇതിനിടെ ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ചുറ്റുമതിൽ നിർമാണം മാറ്റിവെക്കുകയായിരുന്നു.

എന്നാൽ,മുഴുവൻ കയേറ്റങ്ങളും ഒഴിപ്പിക്കുകയും ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കുകയും ചെയ്തിട്ടും ചുറ്റുമതിൽ കെട്ടാതിരിക്കുന്നത് എച്ച്.എം.സിയിൽ ചില അംഗങ്ങളുടെ എതിർപ്പ് മൂലമാണ്.രാഷ്ട്രീയപാർട്ടിയുടെ പേരിലും സാമൂഹ്യ പ്രവർത്തനത്തിന്റെ പേരിലും നോമിനേറ്റ് ചെയ്യപ്പെടുന്ന ചിലരാണ് ആസ്പത്രി വികസനത്തിന് തുരങ്കം വെക്കുന്നത്.

കാലങ്ങളായി ആസ്പത്രി മാനേജ്‌മെന്റ് കമ്മറ്റിയിൽ കയറിക്കൂടിയ വികസനവിരോധികളായ ഇത്തരക്കാർക്കെതിരെ ജനരോഷം ഉയർന്നിട്ടുണ്ട്.തുടർച്ചയായി 20 വർഷം കഴിഞ്ഞിട്ടും എച്ച്.എം.സിയിൽ തുടരുന്ന ചിലർ പേരാവൂർ താലൂക്കാസ്പത്രിയുടെ വികസനം ആഗ്രഹിക്കുന്നില്ലെന്നതാണ് ഖേദകരം.

സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടർ 2020 ഒക്ടോബർ ഏഴിനിറക്കിയ ഉത്തരവിൽ ആസ്പത്രി ഭൂമി യാതൊരു കാരണവശാലും പൊതുവഴിയായി അനുവദിക്കാൻ പാടില്ല എന്ന് ജില്ലാ മെഡിക്കൽ ഓഫീസറെ രേഖാമൂലം അറിയിച്ചിരുന്നു.

ആസ്പത്രി ഭൂമിയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് ചുറ്റുമതിൽ കെട്ടി സംരക്ഷിക്കണമെന്ന് 2020 ഡിസമ്പർ 28 ന് ജില്ലാ മെഡിക്കൽ ഓഫീസറും ഉത്തരവിട്ടിരുന്നു.

ഇതൊന്നും നടപ്പിലാക്കാൻ ആസ്പത്രിയുടെ ഭരണനിർവഹകരായ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് തയ്യാറാവുന്നില്ലെന്നാണ് ആക്ഷേപം.

ആസ്പത്രിക്ക് ചുറ്റുമതിൽ കെട്ടാൻ ഉത്തരവിടണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകനായ ബേബികുര്യൻ ഹൈക്കോടതിയിൽ നല്കിയ പൊതുതാത്പര്യഹർജിയിലാണ് ഇനി പ്രതീക്ഷക്ക് വകയുള്ളത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!