കയ്യിൽ കാശില്ല. ലോട്ടറി ടിക്കറ്റ് കടം വാങ്ങിയ ചുമട്ടുതൊഴിലാളിക്ക് 75 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം

Share our post

തിരുവനന്തപുരം: കൈയിൽ കാശില്ലാത്തതിനാൽ പിന്നീട് പണം തരാമെന്ന് പറഞ്ഞ് ചുമട്ട് തൊഴിലാളി വാങ്ങിയ ലോട്ടറി ടിക്കറ്റിന് ഒന്നാം സമ്മാനം. കഴക്കൂട്ടം ആറ്റിൻകുഴി തൈകുറുമ്പിൽ വീട്ടിൽ സി ഐ ടി യു ആറ്റിൻകുഴി യൂണിയൻ അംഗം ബാബുലാലിനാണ് (55) സംസ്ഥാന സ്ത്രീ ശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ ലഭിച്ചത്.

ഇന്നലെ രാവിലെ യൂണിയൻ ഓഫീസിലെത്തിയ കഠിനംകുളം സ്വദേശിയായ ലോട്ടറി വില്പനക്കാരി ബാബുലാലിനോട് ഇന്ന് വളരെ കുറച്ച് ടിക്കറ്റ് മാത്രമേ വിറ്റുള്ളൂവെന്നും ഒരു ടിക്കറ്റ് എടുത്ത് സഹായിക്കണമെന്നും അഭ്യർത്ഥിച്ചു.

തന്റെ കൈയിൽ ഇപ്പോൾ കാശില്ലെന്ന് ബാബുലാൽ പറഞ്ഞപ്പാേൾ പൈസ പിന്നെ വാങ്ങിക്കൊള്ളാമെന്നു പറഞ്ഞ് രണ്ട് ടിക്കറ്റ് ഏൽപ്പിക്കുകയായിരുന്നു. അതിൽ ഒരു ടിക്കറ്റിനാണ് ഒന്നാംസമ്മാനം ലഭിച്ചത്.

തൊഴിലാളികൾ വിശ്രമിക്കുന്ന ആറ്റിൻകുഴി പഴയ വാട്ടർ ടാങ്കിന് സമീപത്തെ റോഡ്‌ വക്കിലെ യൂണിയൻ ഓഫീസിൽ സ്ഥിരമായെത്തി ലോട്ടറി കച്ചവടം ചെയ്യുന്ന യുവതി കണിയാപുരം ധനം ഏജൻസിയിൽ നിന്നാണ് ടിക്കറ്റ് വില്പനയ്ക്കായി വാങ്ങുന്നത്.

നിർദ്ധന കുടുംബത്തിൽപ്പെട്ട ബാബുലാൽ ചെറുപ്പത്തിലേ ചുമടെടുത്താണ് കുടുംബം പോറ്റുന്നത്. ഭാര്യ ശോഭന വീട്ടുജോലിക്കും പോകുന്നുണ്ട്. അരുൺ, അജയലാൽ എന്നിവരാണ് മക്കൾ. ആകെയുള്ള നാലര സെന്റ് കുടികിടപ്പ് കിട്ടിയ സ്ഥലത്ത് അമ്മാവന്റെയും, അനുജന്റെയും ബാബുലാലിന്റെയും കുടുംബം ഒന്നിച്ചാണ് താമസിക്കുന്നത്. സമ്മാനാർഹമായ SE 989926 എന്ന നമ്പറിലുള്ള ടിക്കറ്റ് കനറാ ബാങ്ക് കഴക്കൂട്ടം ശാഖയിൽ ഏല്പിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!