ഗെയിൽ പൈപ്പ് ലൈനിടാൻ കോർപ്പറേഷൻ അനുമതിയില്ല ; റോഡ് നിർമ്മാണ പ്രവൃത്തി തടസ്സപ്പെടുന്നതായി പ്രതിപക്ഷം

കണ്ണൂർ: ഗെയിൽ പൈപ്പ് ലൈനിടുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തി നടത്താൻ കോർപ്പറേഷൻ അനുമതി നൽകാത്തതിനാൽ റോഡ് നിർമ്മാണ പ്രവൃത്തികൾ അനിശ്ചിതത്വത്തിലേക്ക് നീങ്ങുന്നുവെന്ന് കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ എൽ.ഡി.എഫ് കൗൺസിലർമാരുടെ പരാതി.
ഗ്യാസ് പൈപ്പ് ലൈൻ ഇടുന്നതിന്റെ പേരിൽ എളയാവൂർ, ചേലോറ സോണലുകളിലെ റോഡുകളുടെ പ്രവൃത്തി തടസപ്പെടുത്തിയിരിക്കുകയാണെന്നായിരുന്നു കൗൺസിലർ ധനേഷ് മോഹന്റെ ആരോപണം. മറ്റ് പ്രതിപക്ഷ കൗൺസിലർമാരും വിഷയം ഏറ്റെടുത്തു.
അതിനിടെ റോഡുകൾ നന്നാക്കാത്തതിനെതിരെ എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ നടത്തിയ സമരത്തെ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ പി. ഇന്ദിരയുടെ ആഭാസ സമരമെന്ന് പരിഹസിച്ചത് പ്രതിപക്ഷ ബഹളത്തിനിടയാക്കി.
ഇതിനെതിരെ സംസാരിക്കാനൊരുങ്ങിയ പ്രതിപക്ഷ അംഗങ്ങൾക്ക് മൈക്ക് നൽകാതിരുന്ന മേയറുടെ നടപടിക്കെതിരെ അംഗങ്ങൾ മേയറുടെ ചേംബറിന് താഴെയെത്തി പ്രതിഷേധിച്ചു.താൽകാലികമായി നിയമിച്ച സെക്യൂരിറ്റി ജീവനക്കാരെ പുനർ നിയമിക്കണമെന്ന അജണ്ട വന്നപ്പോൾ നിയമനം സുതാര്യമാക്കണമെന്നും സ്വന്തക്കാരെ തിരുകി കയറ്റാനുള്ള ശ്രമമാണ് ഭരണസമിതി നടത്തുന്നതെന്നും എൽ.ഡി.എഫ് കൗൺസിലർ എൻ. സുകന്യ പറഞ്ഞു.
ബന്ധു നിയമനങ്ങൾ നടത്തുന്നത് ആരാണെന്ന് എല്ലാർക്കും അറിയാമെന്നും കോർപറേഷൻ ഭരണസമിതി അങ്ങനെ ചെയ്തിട്ടില്ലെന്നും മുസ്ലീഹ് മഠത്തിൽ മറുപടി നൽകി. പാർട്ടി സെക്രട്ടറി നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ കോർപ്പറേഷനിൽ ആർക്കും ജോലി നൽകിയിട്ടില്ലെന്ന് മേയറും ചൂണ്ടിക്കാട്ടി.
ചോലോറയിൽ 2020 ൽ ഉദ്ഘാടനം ചെയ്ത ശ്നശാനം നിലവിൽ സാമൂഹ്യവിരുദ്ധരുടെയും മദ്യപരുടെയും കേന്ദ്രമായിരിക്കുകയാണെന്ന് എൽ.ഡി.എഫ് കൗൺസിലർ കെ. നിർമ്മല പറഞ്ഞു. മേയർ അഡ്വ. ടി.ഒ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.കെ. രാഗേഷ്, സുരേഷ് ബാബു എളയാവൂർ, പി. ഇന്ദിര, പ്രതിപക്ഷ കൗൺസിലർമാരായ ടി. രവീന്ദ്രൻ, ടി. ഉഷ എന്നിവരും സംസാരിച്ചു. അടിയന്തരമായി പൈപ്പ് ലൈനിടൽ പ്രവൃത്തി നടത്തിയാൽ മാത്രമേ റോഡ് പ്രവൃത്തി തുടങ്ങാൻ കഴിയൂ.
ഇത് മഴയ്ക്ക് മുൻപേ തീർക്കേണ്ടതുണ്ട്. അല്ലെങ്കിൽ ആളുകൾ ചെളിയിലൂടെ നടന്ന് പോകേണ്ടി വരും.എൻ. സുകന്യ, എൽ.ഡി.എഫ് ഗ്യാസ് പൈപ്പ് ലൈൻ ഇടുന്നതുമായി ബന്ധപ്പെട്ട് മുടങ്ങിയ റോഡിന്റെ പ്രവർത്തനം നേരത്തെ നിശ്ചയിച്ചതുപോലെ അടുത്ത വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിക്കും.
കൂടാതെ 10 ശതമാനം പദ്ധതികൾകൂടി ഉൾക്കൊള്ളിക്കാൻ തീരുമാനമായിട്ടുണ്ട്.ടി.ഒ. മോഹനൻ, മേയർ