റബ്ബറിനെ രക്ഷിക്കാന്‍ മോദിയെത്തുമോ? ബിഷപ്പിന്റെ റബ്ബര്‍ രാഷ്ട്രീയത്തിന് ബി.ജെ.പി കൈക്കൊടുക്കുമോ?

Share our post

സ്വാഭാവിക റബ്ബറിന് 300 രൂപ ലഭിക്കാനായി കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടാല്‍, തിരഞ്ഞെടുപ്പില്‍ ‘അസ്വഭാവിക’ നിലപാട് എടുക്കാമെന്നാണ് കേരളത്തിലെ പ്രബല ക്രിസത്യന്‍ വിഭാഗമായ സിറോ മലബാര്‍ സഭയുടെ തലശേരി അതിരൂപതാ അധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രഖ്യാപനം.

കേരള രാഷ്ട്രീയത്തില്‍ ബിഷപ്പ് പാംപ്ലാനിയുടെ പ്രസ്താവന രാഷ്ട്രീയ അലയൊലികള്‍ സൃഷ്ടിച്ചുകഴിഞ്ഞു. ബിഷപ്പിനെ പിന്തുണച്ച് ബി.ജെ.പി സംസ്ഥാന-കേന്ദ്ര നേതൃത്വങ്ങള്‍ പരസ്യമായി രംഗത്ത് വന്നു. എന്നാല്‍ റബ്ബറിന് 300 രൂപ ഉറപ്പ് പറയാന്‍ ഒരു ബി.ജെ.പി നേതാവും തയ്യാറായിട്ടില്ല. എന്താണ് കാരണം?

കാരണം തിരക്കി പോകുമ്പോള്‍ ആദ്യം കാണുന്നത് ഈ വര്‍ഷം ഫെബ്രുവരി മൂന്നാം തീയതിയില്‍ കേന്ദ്ര വാണിജ്യമന്ത്രാലയം രാജ്യസഭയില്‍ നല്‍കിയ രേഖാ മൂലമുള്ള മറുപടിയാണ്. റബ്ബര്‍ വിലയിടിവ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ? വിലയിടിവിന് എന്താണ് കാരണം?

വിലയിടിവ് തടയാന്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാമോ? കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയാണ് ഈ ചോദ്യങ്ങള്‍ ഉന്നയിച്ചത്. ആവശ്യവും വിതരണവും അടിസ്ഥാനമാക്കി തുറന്ന വിപണിയാണ് സ്വാഭാവിക റബ്ബറിന്റെ വില നിശ്ചയിക്കുന്നത്.

അന്താരാഷ്ട്ര വില ആഭ്യന്തര വിലയെ സ്വാധീനിക്കാറുണ്ടെന്നും കേന്ദ്ര വാണിജ്യ സഹമന്ത്രി അനുപ്രിയാ പട്ടേല്‍ നല്‍കിയ മറുപടിയില്‍ പറയുന്നുണ്ട്.

തിരക്കി, തിരക്കി പോയപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ മറ്റു ചില നിലപാടുകള്‍ കൂടി കണ്ടു. കര്‍ഷകര്‍ക്ക് ന്യായമായ വില ലഭിക്കാന്‍ വേണ്ടി റബ്ബറിനെ കാര്‍ഷിക വിളകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ടാക്‌സ് ഫോഴ്‌സ് ശുപാര്‍ശ ചെയ്തിരുന്നു.

നിലവില്‍ വാണിജ്യ വിളകളുടെ പട്ടികയിലുള്ള റബ്ബറിനെ കാര്‍ഷിക വിളയായി പരിഗണിച്ചാല്‍ താങ്ങുവില പ്രഖ്യാപിച്ച് സര്‍ക്കാരിന് സംഭരിക്കാന്‍ കഴിയും. അത് വഴി റബ്ബര്‍ കര്‍ഷകര്‍ക്ക് ഉയര്‍ന്ന വില ലഭിക്കും.

എന്നാല്‍ താങ്ങുവില നല്‍കുന്ന വിളകളുടെ പട്ടികയില്‍ റബ്ബറിനെ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നാണ് വാണിജ്യ മന്ത്രാലയത്തിന്റെ നിലപാട്. കാരണം താങ്ങുവിലയ്ക്ക്‌ വേണ്ടി പരിഗണിക്കുന്ന മാനദണ്ഡങ്ങള്‍ക്ക് പുറത്താണ് റബ്ബര്‍ വരുന്നതെന്നാണ് ന്യായീകരണം.

റബ്ബറിന്റെ വിലയിടിവിന്റെ കാരണമായി കര്‍ഷകരും സംഘടനകളും ചൂണ്ടിക്കാട്ടുന്ന ഒരു വിഷയമാണ് ഇറക്കുമതി ചുങ്കം. ഇറക്കുമതി ചുങ്കം ഉയര്‍ത്തിയാല്‍ റബ്ബറിന്റെ ആഭ്യന്തര വില ഉയരും.

എന്നാല്‍ ലോക വ്യാപാര ഉടമ്പടി ഒപ്പിട്ടതിനാല്‍ 25 ശതമാനത്തിലധികം ചുങ്കം ഉയര്‍ത്താന്‍ കഴിയില്ല. നിലവില്‍ തന്നെ 25 ശതമാനം ചുങ്കം ഈടാക്കുന്നതിനാല്‍ ആ വഴിക്ക് ഇനിയൊരു നീക്കം സാധ്യമല്ല.

നിലവിലെ നിലപാടുകള്‍ ഇതായിരിക്കെ സ്വാഭാവിക റബ്ബറിന്റെ വില ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാരിന് അസ്വഭാവിക തീരുമാനങ്ങള്‍ എടുക്കേണ്ടി വരും.

അതിന് ഭരണപരമായ തടസ്സങ്ങളും അതോടൊപ്പം ടയര്‍ ലോബിയുടെ സമ്മര്‍ദ്ദവും മറികടക്കേണ്ടതായിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള എം.പി സ്ഥാനത്തിന് വേണ്ടി മോദി സര്‍ക്കാര്‍ അതിന് തയ്യാറാകുമോയെന്ന് കണ്ടറിയണം.

മോദിയുണ്ടെങ്കില്‍ എന്തും സാധ്യമെന്ന രാഷ്ട്രീയ മുദ്രാവാക്യത്തെ കേരളത്തില്‍ സാധൂകരിക്കാന്‍ ലഭിച്ച അവസരം കൂടിയാണ് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രഖ്യാപനം ബിജെപിക്ക് തുറന്ന് നല്‍കിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!