ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

നാഗർകോവിൽ: യുവതിയുമായുള്ള അശ്ലീല സംഭാഷണവും വീഡിയോയും വൈറലായ സംഭവത്തിൽ കന്യാകുമാരിയിലെ ഇടവക വികാരിയെ നാഗർകോവിൽ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്തു.
അഴകിയ മണ്ഡപത്തിന് സമീപം പ്ലാങ്കാലയിലെ സിറോ മലങ്കര കത്തോലിക്കാ സഭയുടെ കീഴിലുള്ള ലിറ്റിൽ ഫ്ളവർ ഫെറോന പള്ളി വികാരി ബെനഡിക്റ്റ് ആന്റോയാണ് (29) അറസ്റ്റിലായത്.ഇന്നലെ രാവിലെ ജില്ലാ പൊലീസ് മേധാവി ഹരി കിരൺ പ്രസാദിന്റെ നിർദ്ദേശപ്രകാരം നാഗർകോവിൽ ഡി.വൈ.എസ്.പി നവീൻകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തുന്ന എസ്.ഐ ശരവണ കുമാറിന്റെ പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതി നാഗർകോവിലിലേക്ക് വരുന്നതായി അന്വേഷണ സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വില്ലിക്കുറിയിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
പേച്ചിപ്പാറ സ്വദേശിയായ 18കാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ പോലീസ് കേസെടുത്തതിന് പിന്നാലെ വൈദികൻ ഒളിവിൽ പോയിരുന്നു.വയനാട്ടിൽ ഒളിവിലായിരുന്ന പ്രതി ചില വൈദികരുടെ നിർദ്ദേശപ്രകാരം നാഗർകോവിലേക്ക് വരുമ്പോഴാണ് പ്രത്യേക സംഘത്തിന്റെ വലയിലാകുന്നത്.
പ്രതിക്കൊപ്പം കാറിൽ മറ്റൊരു വൈദികനുമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. പ്രതിയെ നാഗർകോവിൽ എസ്.പി ഓഫീസിലെ സൈബർ ക്രൈം വിഭാഗത്തിലെ പൊലീസുകാർ ചോദ്യം ചെയ്തശേഷം വൈകിട്ടോടെ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആസ്പത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തി.
വികാരിയുടെ ലാപ്‌ടോപ് പരിശോധിപ്പോൾ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങളുണ്ടെന്ന് കണ്ടെത്തിയതായി സൈബർ ക്രൈം പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. 18 വയസിന് താഴെയുള്ള പെൺകുട്ടികളുടെ ദൃശ്യങ്ങളുണ്ടെങ്കിൽ പോക്‌സോ ആക്ട് കൂടി ചുമത്തുമെന്ന് പൊലീസ് പറഞ്ഞു. അതിക്രമത്തിനിരയായവർ പരാതി നൽകണമെന്നും ഇവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും പൊലീസ് അറിയിച്ചു.