ഹൈസ്കൂൾ പ്രഥമാധ്യാപക പട്ടിക: യോഗ്യതയുള്ള ഹയര്‍ സെക്കന്‍ഡറി അധ്യാപകരെ പരിഗണിച്ചില്ലെന്ന് ആക്ഷേപം

Share our post

തിരുവനന്തപുരം: ഹൈസ്കൂളുകളിൽ പ്രധാനാധ്യാപകരെ നിയമിക്കാൻ പൊതുവിദ്യാഭ്യാസവകുപ്പ് തയ്യാറാക്കിയ അധ്യാപകരുടെ പട്ടികയും വിവാദത്തിൽ. യോഗ്യതയുള്ള ഹയർ സെക്കൻഡറി അധ്യാപകരെ പരിഗണിച്ചില്ലെന്നാണ് ആക്ഷേപം.

ഹൈസ്കൂളിൽ നിശ്ചിത പ്രവൃത്തിപരിചയമുള്ളവരെമാത്രം പ്രധാനാധ്യാപക പട്ടികയിലേക്ക്‌ പരിഗണിച്ചാൽ മതിയെന്ന് വകുപ്പുതല സ്ഥാനക്കയറ്റ സമിതി (ഡി.പി.സി.) തീരുമാനിച്ചെന്നാണ് ഔദ്യോഗികവാദം. അപേക്ഷ ക്ഷണിച്ചപ്പോൾ ഈ വ്യവസ്ഥ അറിയിച്ചിരുന്നില്ലെന്ന് ഹയർ സെക്കൻഡറി അധ്യാപകർ പറഞ്ഞു.

ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശയനുസരിച്ച് ഹൈസ്കൂൾ, ഹയർ സെക്കൻഡറി ഏകീകരണനടപടികളുമായി സർക്കാർ മുന്നോട്ടുപോകുമ്പോഴാണ് വിവാദപട്ടിക.

പ്രധാനാധ്യാപക സ്ഥാനക്കയറ്റത്തിനായി 65 പേരുടെ പട്ടികയാണ് തയ്യാറാക്കിയത്. ഹൈസ്കൂളിൽനിന്നും ഹയർ സെക്കൻഡറിയിലേക്കു മാറിയ ഒട്ടേറെ അധ്യാപകരുണ്ട്.

പ്രധാനാധ്യാപക സ്ഥാനക്കയറ്റത്തിന് 12 വർഷത്തെ ഹൈസ്കൂൾ പ്രവൃത്തിപരിചയം മാനദണ്ഡമാണെന്നിരിക്കെ, ഇതേ യോഗ്യതയനുസരിച്ച് അപേക്ഷിച്ച ഹയർ സെക്കൻഡറി അധ്യാപകരിൽ ആരും പട്ടികയിൽ ഇടംപിടിച്ചില്ല. ആദ്യമായാണ് ഇങ്ങനെയൊരു നടപടി.

ഹൈസ്കൂളിലുള്ളവർ പ്രധാനാധ്യാപകനും ഹയർ സെക്കൻഡറി അധ്യാപകർ പ്രിൻസിപ്പലുമെന്നാണ് ഖാദർ കമ്മിറ്റി വ്യവസ്ഥ. എന്നാൽ, വകുപ്പുതല ഏകീകരണത്തിനു മാത്രമേ ഉത്തരവിറങ്ങിയിട്ടുള്ളൂവെന്നാണ് സംഘടനകളുടെ വാദം.

ഹൈസ്‌കൂൾ പ്രധാനാധ്യാപകരെ ഹയർ സെക്കൻഡറി പ്രിൻസിപ്പലാക്കാൻ വ്യവസ്ഥയുണ്ട്. എന്നാൽ, ഹയർ സെക്കൻഡറി അധ്യാപകരെ ഹൈസ്‌കൂൾ പ്രധാനാധ്യാപക സ്ഥാനത്തേക്ക്‌ തഴയുന്നുവെന്നാണ് പരാതി.

എതിർപ്പുമായി അധ്യാപകസംഘടനകൾ

യോഗ്യതകളെല്ലാമുണ്ടായിട്ടും ഹയർ സെക്കൻഡറിയിൽ ജോലി ചെയ്യുന്നുവെന്ന ഒറ്റക്കാരണത്താലാണ് പ്രധാനാധ്യാപക പട്ടികയിൽനിന്ന് ഒഴിവാക്കിയതെന്ന് എച്ച്.എസ്.ടി.എ. പ്രസിഡന്റ് എം. രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി അനിൽ എം. ജോർജ് എന്നിവർ കുറ്റപ്പെടുത്തി.

തിരക്കിട്ട് ഡി.പി.സി. ചേർന്ന് ഹയർ സെക്കൻഡറി അധ്യാപകരെ ഒഴിവാക്കിയത് ആരുടെ താത്പര്യം സംരക്ഷിക്കാനാണെന്ന് കെ.എച്ച്.എസ്.ടി.യു. ജനറൽ സെക്രട്ടറി പാണക്കാട് അബ്ദുൾ ജലീൽ ചോദിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!