ഒമ്പതാംക്ലാസ് വിദ്യാർഥികൾക്കായി ഐ.എസ്.ആർ.ഒ.യുടെ യുവശാസ്ത്ര പരിപാടി; രജിസ്‌ട്രേഷൻ ആരംഭിച്ചു

ബെംഗളൂരു: ബഹിരാകാശ സാങ്കേതികവിദ്യ, ബഹിരാകാശ ശാസ്ത്രം എന്നിവയെക്കുറിച്ച് അറിവുപകരാൻ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആർ.ഒ.) ഒമ്പതാം ക്ലാസ് വിദ്യാർഥികൾക്കായി യുവശാസ്ത്ര പരിപാടി സംഘടിപ്പിക്കുന്നു. മേയ് 15 മുതൽ 26 വരെ രാജ്യത്തെ ഏഴുകേന്ദ്രങ്ങളിലാണ് പരിപാടി. പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് ഏപ്രിൽ മൂന്നുവരെ രജിസ്റ്റർ ചെയ്യാം.
തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പെയ്‌സ് സെന്റർ (വി.എസ്.എസ്.സി.), ദെഹ്‌റാദൂണിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിങ് (ഐ.ഐ.ആർ.എസ്.), ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്‌പെയ്‌സ് സെന്റർ (എസ്.ഡി.എസ്.സി.), ബെംഗളൂരു യു.ആർ. റാവു സാറ്റലൈറ്റ് സെന്റർ (യു.ആർ.എസ്.സി.), അഹമ്മദാബാദ് സ്‌പെയ്‌സ് ആപ്ലിക്കേഷൻസ് സെന്റർ (എസ്.എ.സി.), ഹൈദരാബാദ് നാഷണൽ റിമോട്ട് സെൻസിങ് സെന്റർ (എൻ.ആർ.എസ്.സി.), ഷില്ലോങ്ങിലെ നോർത്ത് ഈസ്റ്റേൺ സ്‌പെയ്‌സ് ആപ്ലിക്കേഷൻസ് സെന്റർ (എൻ.ഇ.-എസ്.എ.സി.) എന്നിവിടങ്ങളിലാണ് പരിപാടി നടക്കുക.