ഇന്‍സെന്റീവായി നല്‍കാനുള്ളത് കോടികള്‍; റബ്ബര്‍ കര്‍ഷകരെ വലച്ച് സംസ്ഥാന സര്‍ക്കാര്‍

Share our post

കണ്ണൂര്‍: റബ്ബര്‍ വിലയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കനക്കുന്നതിനിടെ റബ്ബര്‍ കര്‍ഷകരെ വലച്ച് സംസ്ഥാന സര്‍ക്കാര്‍. റബ്ബറുത്പാദന ഇന്‍സെന്റീവായി കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ കൊടുക്കാനുള്ളത് കോടികളാണെന്ന് പരാതി.

നല്‍കാനുള്ള 120 കോടിയില്‍ സര്‍ക്കാര്‍ അനുവദിച്ചത് 30 കോടി മാത്രമാണെന്നും ആറു മാസമായി കര്‍ഷകര്‍ക്ക് ഇന്‍സെന്റീവ് ലഭിച്ചിട്ടില്ലെന്നും ആക്ഷേപമുയരുന്നു. റബ്ബറിന്റെ താങ്ങുവില 250 രൂപയാക്കുമെന്ന എല്‍.ഡി.എഫ് പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പിലാക്കാത്തതിന് പുറമേയാണിത്.

റബ്ബര്‍ കര്‍ഷകര്‍ക്കായുള്ള വിലസ്ഥിരതാഫണ്ട് 2016-ന് മുമ്പ് അന്ന് ഭരിച്ചിരുന്ന യു.ഡി.എഫ് സര്‍ക്കാരാണ് കൊണ്ടുവന്നത്. 100 രൂപ വിപണില്‍ റബ്ബറിനു ലഭിക്കുമ്പോള്‍ സര്‍ക്കാര്‍ 150 നല്‍കുമെന്നതായിരുന്ന പദ്ധതി.

എല്‍.ഡി.എഫ് അധികാരത്തിലെത്തിയപ്പോള്‍ അത് 170 രൂപയായി ഉയരുകയും ചെയ്തിരുന്നു. എന്നാല്‍ തുക കൃത്യമായി കര്‍ഷകര്‍ക്കു ലഭിക്കുന്നില്ല എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

നിലവില്‍ 140 മുതല്‍ 150 രൂപ വരെയാണ് റബ്ബറിന്റെ വിപണിമൂല്യം. 30 രൂപ സര്‍ക്കാര്‍ സബ്‌സിഡിയുള്‍പ്പടെ 170 രൂപയാണ് കര്‍ഷകര്‍ക്കു ലഭിക്കേണ്ടത്.

എന്നാല്‍ കര്‍ഷകര്‍ റബ്ബര്‍ ബോര്‍ഡിനു ബില്ലുകള്‍ നല്‍കുന്നുണ്ടെങ്കിലും തുക കര്‍ഷകരിലേക്കെത്തുന്നില്ല എന്നാണ് ആക്ഷേപം. അപേക്ഷിച്ച ഒരു ലക്ഷത്തിനാല്‍പ്പതിനായിരം കര്‍ഷകരില്‍ അമ്പത്തിയാറായിരം കര്‍ഷകര്‍ക്കു മാത്രമാണ് തുക നല്‍കിയത്.

ടാപ്പിങ് ചാര്‍ജ് വര്‍ദ്ധനയും വളത്തിന്റെയും മറ്റും ചെലവുകള്‍ വര്‍ദ്ധിച്ചതും കര്‍ഷകരെ ബുദ്ധിമുട്ടിലാക്കിയതിനിടെയാണിത്.

കാലാവസ്ഥ വ്യതിയാനം റബ്ബര്‍ കൃഷിയെ ബാധിച്ചുവെന്നും റബ്ബറിന് വിപണിയില്‍ ആവശ്യക്കാര്‍ കുറഞ്ഞുവെന്നും കര്‍ഷകര്‍ പറയുന്നു. കുറഞ്ഞ വിലയുള്‍പ്പടെയുള്ള കനത്ത പ്രതിസന്ധികള്‍ നേരിടുന്നതിനിടെ സര്‍ക്കാരിന്റെ തിരിച്ചടി കര്‍ഷകരെ കൂടുതല്‍ ദുരിതത്തിലാക്കിയിരിക്കുകയാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!