ജവഹർ സ്റ്റേഡിയത്തിൽ പുല്ലുപിടിപ്പിച്ചു തുടങ്ങി

Share our post

കണ്ണൂർ: ജവഹർ സ്റ്റേഡിയം നവീകരണത്തിന്റെ ഭാഗമായുള്ള പുല്ലുപിടിപ്പിക്കൽ പ്രവൃത്തി ഇന്നലെ ആരംഭിച്ചു. കളിസ്ഥലമായി ഉപയോഗിക്കുന്ന ഭാഗത്താണ് പുല്ലുപിടിപ്പിക്കൽ പ്രവൃത്തി ആരംഭിച്ചത്.

അഞ്ചുദിവസം കൊണ്ട് പ്രവൃത്തി പൂർത്തിയാക്കും. ഗ്രൗണ്ടിന്റെ പുല്ലുപിടിപ്പിക്കൽ പ്രവൃത്തി പൂർത്തിയാകുന്നതോടെ കായികപ്രേമികൾക്കായി മൈതാനം തുറന്നുകൊടുക്കാൻ കഴിയുമെന്നും നടപ്പാതയുടെ നവീകരണം വഴി പ്രഭാതനടത്തക്കാർക്ക് കൂടുതൽ സൗകര്യമാകുമെന്നും മേയർ ടി.ഒ മോഹനൻ പറഞ്ഞു.

ജവഹർ സ്റ്റേഡിയം നവീകരണത്തിന്റെ ഭാഗമായി 90ലക്ഷം രൂപയുടെ പദ്ധതി കോർപറേഷൻ തയാറാക്കിയിരുന്നു. ഇതിന്റെ ഭാഗമായി സ്റ്റേഡിയത്തിന് ചുറ്റുമുള്ള ഡ്രെയിനേജും നടപ്പാതയും മോടിപിടിപ്പിക്കുന്നതിനും അറ്റകുറ്റപ്പണികൾ നടത്തുന്നതിനുമായി 50ലക്ഷം രൂപയും മൈതാനത്ത് പുല്ലുവച്ച് പിടിപ്പിക്കുന്നതിന് 40ലക്ഷം രൂപയുമാണ് വകയിരുത്തിയിരുന്നത്.

നടപ്പാതയുടെയും ഡ്രെയിനേജിന്റെയും പണി നേരത്തെ ആരംഭിച്ചിരുന്നു. കോഴിക്കോട്ടെ ഷാജു ടർഫ് ആൻഡ് ലാന്റ്സ്‌കേപ്പിംഗ് എന്ന സ്ഥാപനമാണ് കരാർ ഏറ്റെടുത്തത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!