ശരിഅത്ത് നിയമ അടിസ്ഥാനത്തില്‍ സ്വത്ത് വീതംവെച്ചതിനെതിരായ ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ന്യൂഡല്‍ഹി: ശരിഅത്ത് നിയമത്തിന്റെ അടിസ്ഥാനത്തില്‍ സ്വത്ത് വീതംവെച്ചതിനെതിരായ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. വടകരയിലെ ഒരു കുടുംബ സ്വത്ത് ശരിഅത്ത് നിയമത്തിന്റെ അടിസ്ഥാനത്തില്‍ സ്വത്ത് വീതം വെച്ചതിനെതിരെ മുംബൈയില്‍ താമസിക്കുന്ന ബുഷറ അലി ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് സുപ്രീം കോടതി എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയച്ചത്. കേസില്‍ തത്സ്ഥിതി തുടരാനും സുപ്രീംകോടതി നിര്‍ദേശിച്ചു.
1937-ലെ ശരിഅത്ത് നിയമത്തിലെ രണ്ടാം വകുപ്പ് പ്രകാരമുള്ള സ്വത്ത് വീതം വയ്ക്കലില്‍ ലിംഗ സമത്വം ഇല്ലെന്നാണ് ബുഷറ അലിയുടെ വാദം. ആണ്‍ മക്കള്‍ക്ക് സ്വത്ത് ഉള്ളത് പോലുള്ള തുല്യ അവകാശം കുടുംബത്തിലെ പെണ്‍മക്കള്‍ക്ക് ലഭിക്കുന്നില്ലെന്നും ബുഷറ അലിക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ ബിജോ മാത്യു ജോയ്, മനു കൃഷ്ണന്‍ എന്നിവര്‍ വാദിച്ചു.
എന്നാല്‍ ബുഷറയ്ക്ക് സ്വത്ത് നല്‍കിയിട്ടുണ്ടെന്ന് എതിര്‍ കക്ഷികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ പി എസ് സുല്‍ഫിക്കര്‍ അലി, കെ കെ സൈദാലവി എന്നിവര്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. പെണ്‍മക്കള്‍ക്ക് സ്വത്ത് നല്‍കാതെ ആണ്‍മക്കള്‍ സ്വത്ത് കൈയടക്കുക ആണോയെന്ന് ജസ്റ്റിസ് കൃഷ്ണ മുരാരി, സഞ്ജയ് കരോള്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് വാക്കാല്‍ നിരീക്ഷിച്ചു.
ശരീഅത്ത് നിയമ പ്രകാരം മുസ്ലിം കുടുംബങ്ങളില്‍ നടപ്പാക്കുന്ന പിന്തുടര്‍ച്ചാവകാശ നിയമം ഭരണഘടന വിരുദ്ധമാണെന്ന് ആരോപിച്ച് സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന ഹര്‍ജിക്ക് ഒപ്പം ഈ ഹര്‍ജിയും ടാഗ് ചെയ്യണമെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല.