സ്വകാര്യ ആസ്പത്രിയില്‍ പ്രാക്ടീസ്; മഞ്ചേരി മെഡി. കോളേജിലെ അസി. പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

Share our post

തിരുവനന്തപുരം/മലപ്പുറം: സ്വകാര്യ ആസ്പത്രിയില്‍ പ്രാക്ടീസ് നടത്തിയ ഗവ. മെഡിക്കല്‍ കോളേജിലെ അസി. പ്രൊഫസറെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. മലപ്പുറം മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജിലെ അസി. പ്രൊഫസറും എല്ലുരോഗ വിദഗ്ധനുമായ ഡോ. എം.അബ്ദുള്‍ ഗഫൂറിനെയാണ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തത്.

മലപ്പുറം തിരൂരിലെ സ്വകാര്യ ആസ്പത്രിയില്‍ ഡോക്ടര്‍ പ്രാക്ടീസ് നടത്തുന്നതായി കഴിഞ്ഞദിവസം വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് അന്വേഷണവിധേയമാണ് സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ അധ്യാപകര്‍ സ്വകാര്യ പ്രാക്ടീസ് നടത്തരുതെന്നാണ് ചട്ടം. എന്നാല്‍ ഡോ. അബ്ദുള്‍ ഗഫൂര്‍ പലദിവസങ്ങളിലും മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വരാതെ സ്വകാര്യ ആശുപത്രിയില്‍ പ്രാക്ടീസ് നടത്തുന്നതായി വിജിലന്‍സിന് പരാതി ലഭിച്ചിരുന്നു.

തുടര്‍ന്നാണ് ഡിവൈ.എസ്.പി. ഫിറോസ് എം. ഷെഫീഖിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം ബുധനാഴ്ച പരിശോധന നടത്തിയത്.

രാവിലെ പത്തരയ്ക്ക് വിജിലന്‍സ് സംഘം സ്വകാര്യ ആസ്പത്രിയില്‍ എത്തുമ്പോള്‍ മുറിയില്‍ രോഗികളെ പരിശോധിക്കുകയായിരുന്നു ഡോ. ഗഫൂര്‍. ഒട്ടേറെപ്പേര്‍ ടോക്കണെടുത്ത് പുറത്ത് കാത്തിരിക്കുന്നുമുണ്ടായിരുന്നു.

ഒന്നരമണിക്കൂറോളം ആസ്പത്രിയില്‍ ചെലവിട്ട വിജിലന്‍സ് സംഘം ഡോക്ടറുടെ മൊഴിയെടുത്ത് മടങ്ങി. ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും തുടര്‍നടപടികള്‍ പിന്നീട് തീരുമാനിക്കുമെന്നുമായിരുന്നു വിജിലന്‍സ് സംഘത്തിന്റെ പ്രതികരണം.

സ്വകാര്യ പ്രാക്ടീസ് നടത്താതിരിക്കാനും രോഗീപരിചരണത്തിനുമായി അടിസ്ഥാനശമ്പളത്തിന്റെ 32 ശതമാനം തുക മെഡിക്കല്‍കോളേജ് അധ്യാപകര്‍ക്ക് അധികം നല്‍കുന്നുണ്ട്.

അസി. പ്രൊഫസര്‍ തസ്തികയിലുള്ളവര്‍ക്ക് ഇത് മാസം 20,000 രൂപയ്ക്കുമേല്‍ വരും. മഞ്ചേരി മെഡിക്കല്‍ കോളേജിലെ മറ്റുപലര്‍ക്കുമെതിരേയും പരാതിയുണ്ടെന്ന് വിജിലന്‍സ് സംഘം സൂചിപ്പിച്ചു.എസ്.ഐ. പി. ശ്രീനിവാസന്‍, സീനിയര്‍ സി.പി.ഒ.മാരായ പി.പി. പ്രജിത്ത്, പി.വി. സലീം, കെ. സുബിന്‍, മലപ്പുറം ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. നൂന എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!