പേരാവൂർ പഞ്ചായത്ത് ബജറ്റ്;വിനോദ വിജ്ഞാന കേന്ദ്രത്തിന് പ്രാമുഖ്യം,പശ്ചാത്തല വികസനവും ലക്ഷ്യം

പേരാവൂർ: 45 കോടി 30 ലക്ഷം വരവും 44 കോടി92 ലക്ഷം രൂപ ചിലവും പ്രതീക്ഷിക്കുന്ന 202324 വർഷത്തെ ബജറ്റ് വൈസ്.പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ അവതരിപ്പിച്ചു.ടൗണിന്റെ മുഖഛായ മാറ്റും വിധം വിനോദ വിജ്ഞാന കേന്ദ്രം നിർമിക്കാൻ അഞ്ച് കോടി രൂപ ബജറ്റിൽ വകയിരുത്തി.
എം.പി.ഫണ്ടും മറ്റു ഡിപ്പാർട്ട്‌മെന്റ് ഫണ്ടും ഉപയോഗപ്പെടുത്തി കാർഷിക വിപണന കേന്ദ്രം,കളിസ്ഥലം,ഗാർഡൻ,നീന്തൽകുളം,പാർക്കിംഗ് സൗകര്യം,ആദിവാസി വിഭാഗത്തിന്റെ ഉന്നമനം ലക്ഷ്യമിട്ട് യൂണിവേഴ്‌സിറ്റി പഠനകേന്ദ്രം എന്നിവയും സ്ഥാപിക്കും.
കിടപ്പാടമില്ലാത്തവർക്ക് ലൈഫ് പദ്ധതിയിൽ രണ്ടര കോടി,കാർഷികമേഖലയിൽ 32 ലക്ഷം,പശുവളർത്തലിന് അഞ്ച് ലക്ഷം,ശുചിത്വസംവിധാനങ്ങൾക്ക് 20 ലക്ഷം, സ്ത്രീകളുടെ ഉന്നമനത്തിന് പത്ത് ലക്ഷം, അതിദരിദ്രരുടെ അതിജീവനത്തിന്അഞ്ച് ലക്ഷം എന്നിവ ബജറ്റിലുണ്ട്.
സ്വാന്തന പരിചരണത്തിന് 12 ലക്ഷം ,ആദിവാസി കോളനികളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനായി’ഗോത്ര ജ്യോതി’ പദ്ധതിക്ക് 50 ലക്ഷം, വയോജനങ്ങൾക്ക് 25 ലക്ഷം, കുട്ടികളുടെ ഉന്നമനത്തിന് എട്ട് ലക്ഷം, ശിശുക്കളുടെ ഉന്നമനത്തിന് 30 ലക്ഷം എന്നിവയും വകയിരുത്തി.
പശ്ചാത്തല വികസനത്തിന് മൂന്ന് കോടി, യുവജനങ്ങളുടെ ഉന്നമനത്തിന് പത്ത് ലക്ഷം, നീന്തൽ
കുളം നിർമ്മിക്കാൻ 56 ലക്ഷം, ദുരന്തനിവാരണത്തിന് മൂന്ന് ലക്ഷം, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് 20 കോടി എന്നിങ്ങനെയും തുക വകയിരുത്തി.
പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ അധ്യക്ഷത വഹിച്ചു.പഞ്ചായത്തംഗങ്ങളായ ടി.രഗിലാഷ്,വി.എം.രഞ്ജുഷ,കെ.വി.ശരത്,യു.വി.അനിൽ കുമാർ,ബേബി സോജ,കെ.വി.ബാബു,രാജു ജോസഫ്,റീന മനോഹരൻ,നൂറുദ്ദീൻ മുള്ളേരിക്കൽ,റജീന സിറാജ് പൂക്കോത്ത്,എം.ശൈലജ,സി.യമുന,നിഷ പ്രദീപൻ,തോമസ് ആന്റണി,പഞ്ചായത്ത് സെക്രട്ടറി ബാബു തോമസ്, അസിസ്റ്റന്റ് സെക്രട്ടറി യോഷ്വ, മുൻ സെക്രട്ടറി ഹനീഫ ചിറ്റാക്കൂൽ തുടങ്ങിയവർ സംസാരിച്ചു.