കൃഷി വിജ്ഞാന കേന്ദ്രത്തിലെ കാർഷിക മ്യൂസിയം നിർമാണം പ്രതിസന്ധിയിൽ

Share our post

തളിപ്പറമ്പ്: ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിൽ ‌പൊളിച്ച് നീക്കിയ കർഷക മ്യൂസിയം പുനർനിർമാണം പ്രതിസന്ധിയിൽ. കാർഷിക സർവകലാശാലയുടെ കീഴിലുള്ള പന്നിയൂർ കുരുമുളക് ഗവേഷണ കേന്ദ്രത്തിന്റെ വളപ്പിൽ പ്രവർത്തിക്കുന്ന ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന് (കെവികെ) മുൻപിലുണ്ടായിരുന്ന കൃഷി ശാസ്ത്ര മ്യൂസിയമാണ് കാലപ്പഴക്കത്തെ തുടർന്ന് പൊളിച്ച് നീക്കിയത്.

തെങ്ങ് കയറ്റ യന്ത്രത്തിന്റെ കണ്ടുപിടിത്തത്തിലൂടെ പ്രശസ്തനായ എം.ജെ.ജോസഫിന്റെ സ്മരണയ്ക്കായാണ് 2010 ൽ ഇവിടെ നബാർഡ് സഹായത്തോടെ കർഷക മ്യൂസിയം ആരംഭിച്ചത്.

കർഷകരുടെ കണ്ടുപിടിത്തങ്ങളും മറ്റുമാണ് ഇവിടെ പ്രദർശിപ്പിച്ചിരുന്നത്. എന്നാൽ ഇതിന് കെട്ടിട നമ്പർ ഉണ്ടായിരുന്നില്ല. ജനുവരിയിൽ ഇത് പൊളിച്ച് നീക്കിയത് വിവാദമായതോടെ ഇവിടെ 97 ലക്ഷം രൂപ ചെലവിൽ നിർമിക്കുന്ന ബയോ കൺട്രോൾ ലാബ് കെട്ടിടത്തിൽ മ്യൂസിയം നിർമിക്കുമെന്ന് കാർഷിക സർവകലാശാല അധികൃതർ അറിയിച്ചിരുന്നു.

കെട്ടിടം നിർമിക്കാനായി കെവികെയുടെ മുൻപിൽ കുഴികൾ നിർമിച്ച് പ്രവൃത്തി ആരംഭിക്കുകയും ചെയ്തു. എന്നാൽ ഇത് നിർത്തി വയ്ക്കാൻ സർവകലാശാല അധികൃതർ കഴിഞ്ഞ ദിവസം ഫോൺ മുഖേന ആവശ്യപ്പെട്ടു.

പ്രസ്തുത മ്യൂസിയം പഴയ രീതിയിൽ തന്നെ പുനർനിർമിക്കാനും നിർദേശം നൽകി. എന്നാൽ ഇതിന്റെ പ്ലാൻ, എസ്റ്റിമേറ്റ് എന്നിവ ഇല്ലാതെ മ്യൂസിയം എങ്ങനെയാണ് പുനർ നിർമിക്കുക എന്ന ചോദ്യത്തിന് മറുപടി ലഭിച്ചില്ല.

ബയോ കൺട്രോൾ ലാബ് കെട്ടിടം പന്നിയൂർ കുരുമുളക് ഗവേഷണ കേന്ദ്രത്തിന്റെ കുരുമുളക് നഴ്സറിയും ട്രാക്ടർ ഷെഡും പൊളിച്ച് മാറ്റി നിർമിക്കാനും ഇതോടൊപ്പം സർവകലാശാല റജിസ്ട്രാർ ഉത്തരവ് നൽകിയിട്ടുണ്ട്. കെവികെയോട് ചേർന്ന് തന്നെ നിർമിക്കാവുന്ന കെട്ടിടം എന്തിനാണ് പുറത്തേക്ക് മാറ്റുന്നത് എന്ന ചോദ്യത്തിനും മറുപടിയില്ലാത്ത അവസ്ഥയാണ്.

പുറത്ത് ലാബ് നിർമിക്കണമെങ്കിൽ ത്രിഫേസ് വൈദ്യുതി ലൈൻ ഉൾപ്പെടെ സ്ഥാപിക്കേണ്ടി വരും. മാത്രവുമല്ല ഇപ്പോൾ 50000 ൽ അധികം കുരുമുളക് തൈകൾ ശേഖരിച്ച് വച്ചിട്ടുള്ള നഴ്സറി കെട്ടിടത്തിന് പകരം മറ്റൊരു നഴ്സറി കെട്ടിടം നിർമിക്കാതെയാണ് ഇത് പൊളിക്കാൻ നീക്കം നടക്കുന്നതെന്നും തൊഴിലാളികൾ പറയുന്നു.

പകരം നഴ്സറിക്ക് സ്ഥലം അധികൃതർ നിർദേശിച്ചത് ഇതിന് സമീപത്തുള്ള കുന്നിനു മുകളിലാണ്. ഇവിടേക്ക് നടീൽ സാധനങ്ങൾ എത്തിക്കുന്നതും ദുരിതമാകും. കെവികെയോട് ചേർന്ന് തന്നെ മൈക്രോ ലാബ് കെട്ടിടവും മ്യൂസിയവും നിർമിക്കണമെന്നാണ് ഇവിടെയെത്തുന്ന കർഷകരുടെയും ആവശ്യം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!