ബ്യൂട്ടിപാര്‍ലറിന്റെ മറവില്‍ മൂന്നുമുറികളിലായി മസാജിങ് സെന്റര്‍, അനാശാസ്യം; അഞ്ചുപേര്‍ പിടിയില്‍

തൊടുപുഴ: ബ്യൂട്ടി പാര്‍ലറിന്റെ മറവില്‍ അനധികൃതമായി പ്രവര്‍ത്തിച്ചുവന്നിരുന്ന മസാജിങ് സെന്ററില്‍ പോലീസ് പരിശോധന. മസാജിനെത്തിയ യുവാക്കളും ജോലിക്കാരായ യുവതികളും ഉള്‍പ്പെടെ അഞ്ചുപേരെ പിടികൂടി. ഉടമയ്‌ക്കെതിരേ കേസെടുത്തു. ഇയാളെ അറസ്റ്റുചെയ്യാനാണ് പോലീസിന്റെ തീരുമാനം.
മസാജിങ് കേന്ദ്രത്തിലെ ജോലിക്കാരായ വയനാട്, തിരുവനന്തപുരം സ്വദേശികളായ യുവതികള്‍, ശുചീകരണ തൊഴിലാളിയായ ആലപ്പുഴ സ്വദേശിയായ യുവാവ്, മസാജിങ്ങിന് എത്തിയ മുട്ടം സ്വദേശികളായ രണ്ട് യുവാക്കള്‍ എന്നിവരെയാണ് അറസ്റ്റുചെയ്തത്.
ഇവിടെ കൂടുതല്‍ യുവതികള്‍ ജോലി ചെയ്തിരുന്നതായാണ് പോലീസിന് ലഭിച്ച വിവരം. സ്ഥാപനത്തില്‍നിന്ന് 42,000 രൂപയും മസാജിന് ഉപയോഗിക്കുന്ന വസ്തുക്കളും പിടിച്ചെടുത്തു.മസാജിങ്ങിനായി മൂന്ന് മുറികളാണ് തയ്യാറാക്കിയിരുന്നത്. ആറുമാസത്തിലേറെയായി തൊടുപുഴയില്‍ പ്രവര്‍ത്തിച്ചുവരികയാണ് ലാവാ ബ്യൂട്ടിപാര്‍ലര്‍. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് പരിശോധന നടത്തിയത്.
ഡിവൈ.എസ്.പി.യോടൊപ്പം സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ. ഷംസുദ്ദീന്‍, എ.എസ്.ഐ. ഉണ്ണികൃഷ്ണന്‍, സി.പി.ഒ.മാരായ ജയ്‌മോന്‍, ഹരീഷ്, തൊടുപുഴ എസ്.ഐ. തോമസ്, സി.പി.ഒ. മനു, വനിതാ സി.പി.ഒ. സൗമ്യ കെ.മോഹന്‍, കെ. ശ്രീജ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.