17-കാരിയെ വിവാഹം ചെയ്തു, പീഡനം; ഒളിവില്‍പോയ 45-കാരന്‍ പിടിയില്‍
മൂന്നാര്‍: പതിനേഴുകാരിയെ വിവാഹംചെയ്ത് പീഡിപ്പിച്ചശേഷം ഒളിവില്‍ പോയയാളെ പിടികൂടി. ഇടമലക്കുടി കണ്ടത്തിക്കുടി സ്വദേശി ടി.രാമന്‍(45)ആണ് പിടിയിലായത്. ബുധനാഴ്ച വെളുപ്പിനെയാണ് മൂന്നാര്‍ പോലീസ് ഇയാളെ കുടിയില്‍നിന്ന് പിടികൂടിയത്.
വിവാഹിതനും രണ്ടുകുട്ടികളുടെ പിതാവുമായ ഇയാള്‍ ജനുവരിയിലാണ് പതിനേഴുകാരിയെ വിവാഹം ചെയ്തത്.
മക്കളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ താമസിച്ചുവരികയായിരുന്നു. പോലീസ് അന്വേഷണം തുടങ്ങിയതോടെ തമിഴ്നാട്ടിലേക്ക് കടന്നു.
ഇയാള്‍ കുടിയില്‍ തിരിച്ചെത്തിയിട്ടുണ്ടെന്നുള്ള വിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്.
എസ്.എച്ച്.ഒ. മനേഷ് കെ.പൗലോസ്, എസ്.ഐ. കെ.ഡി. മണിയന്‍, സി.പി.ഒ.മാരായ ടോണി ചാക്കോ, സക്കീര്‍ ഹുസൈന്‍, അനീഷ് ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റുചെയ്തത്. ദേവികുളം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു.