മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ചു, മനംനൊന്ത് അമ്മയും മൂത്ത മകനും കിണറ്റിൽ ചാടി ജീവനൊടുക്കി

ഇടുക്കി: നവജാത ശിശു മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചതിന് പിന്നാലെ അമ്മയും മൂത്ത മകനും കിണറ്റിൽ ചാടി ജീവനൊടുക്കി. ഇടുക്കി ഉപ്പുതറ പഞ്ചായത്തിലെ നാലാംമൈൽ കൈതപ്പതാലിലാണ് സംഭവം.
കൈതപ്പതാൽ സ്വദേശിനിയും ആലക്കോട് സർവീസ് സഹകരണ ബാങ്കിലെ ബ്രാഞ്ച് മാനേജരുമായ ലിജ (38), ഏഴ് വയസുള്ള മകൻ ബെൻ ടോം എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെ ആറു മണിയോടെയാണ് സംഭവം.ഇന്നലെയാണ് ലിജയുടെ 28 ദിവസം മാത്രം പ്രായമുണ്ടായിരുന്ന ഇളയ കുട്ടി മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയതിനെ തുടർന്ന് മരണമടഞ്ഞത്. ഇതിനെത്തുടർന്ന് കടുത്ത മാനസിക വിഷമത്തിലായിരുന്നു ലിജ എന്നാണ് ബന്ധുക്കൾ പറയുന്നത്.
ലിജയുടെ മൂത്തകുട്ടി ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് നേരത്തെ മരിച്ചിരുന്നു. രണ്ടാമത്തെ കുട്ടിയാണ് ബെൻ.രാവിലെ ബന്ധുക്കൾ പള്ളിയിൽ പോയ സമയത്ത് ലിജയും മകനും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്.
പള്ളിയിൽനിന്നു മടങ്ങിയെത്തിയ ബന്ധുക്കൾ ഇരുവരെയും കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് വീട്ടിലെ കിണറ്റിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. തുടർന്ന് അഗ്നിരക്ഷാ സേന എത്തിയാണ് ഇരുവരെയും പുറത്തെടുത്തത്.