അരങ്ങിലും തിളങ്ങുന്ന അക്ഷരപ്പുര

Share our post

ശ്രീകണ്ഠപുരം: അറിവ്‌ പകരുന്നതിനൊപ്പം അരങ്ങിലും തിളങ്ങുകയാണ്‌ ബ്ലാത്തൂർ ചോലക്കരിയിലെ രക്തസാക്ഷി പി നാരായണൻ നമ്പ്യാർ സ്മാരക വായനശാല ആൻഡ്‌ ഗ്രന്ഥാലയം. ലൈബ്രറി പ്രവർത്തനത്തിനൊപ്പം നാടകത്തെയും ചേർത്തുപിടിക്കുകയാണ്‌ ഈ അക്ഷരപ്പുര. സംസ്ഥാന കേരളോത്സവത്തിൽ കണ്ണൂരിനെ പ്രതിനിധീകരിച്ച വായനശാലയുടെ നാടക സംഘം മൂന്നാം സ്ഥാനം നേടി.

പ്രശസ്‌ത നാടകപ്രവർത്തകൻ അനിൽകുമാർ ആലത്തുപറമ്പിന്റെ ‘കാടിന്റെ വിത്തുകൾ’ നാടകത്തിലൂടെയാണ് ഗ്രന്ഥാലയംഅരങ്ങിലേക്ക്‌ ചുവടുവച്ചത്‌. ‘ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത’, ‘ആദം’ തുടങ്ങിയ നാടകവും അരങ്ങിലെത്തിച്ചു. ‘മായ’ നാടകവും ‘ഹല്ലാ ബോൽ’ ‘തെരുവ്’ നാടകവും സജീവമാണ്‌.

വായനയിലൂടെ നേടിയെടുത്ത അറിവുകൾ നാടകത്തിലൂടെ നാടാകെ പകരുകയാണ്‌ വായനശാലയിലെ നാടക പ്രവർത്തകർ. നാടകത്തെ ആവേശത്തോടെ കൊണ്ടുനടക്കുന്ന വയനാസമൂഹമാണ് ഊർജം. നാട്ടിലെ സുമനസ്സുകളുടെ സാഹായത്തോടെയും ഇരിട്ടി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ പിന്തുണയോടെയുമാണ് നാടക പ്രവർത്തനം തുടരുന്നത്.

1989ൽ പിണറായി വിജയൻ ഉദ്ഘാടനംചെയ്ത വായനശാല ഒട്ടേറെ പ്രവർത്തനങ്ങളിലൂടെ നാടിനെ നയിക്കുന്നു. തുടക്കത്തിൽ പ്രദീപൻ കണ്ണോത്ത് സെക്രട്ടറിയും കെ പി സതീശൻ പ്രസിഡന്റുമായ കമ്മിറ്റിയാണ് പ്രവർത്തിച്ചിരുന്നത്. വീട്ടുമുറ്റ പുസ്തക ചർച്ച, വീട്ടുമുറ്റ സിനിമാ പ്രദർശനം തുടങ്ങിയ പ്രവർത്തനങ്ങളും സംഘടിപ്പിക്കുന്നു.

അനുമോദനങ്ങൾ, പിഎസ് സി ഉൾപ്പെടെയുള്ള പരിശീലന ക്ലാസ്സുകൾ എന്നിവയുമുണ്ട്‌. വനിതവേദി നേതൃത്വത്തിൽ അംഗങ്ങളുടെ വീട്ടുമുറ്റത്ത് എഴുത്തുകാരുടെ സാന്നിധ്യത്തിൽ പ്രതിമാസ പുസ്തകചർച്ചയുമുണ്ട്‌.
പുസ്തകം വീടുകളിൽ എത്തിക്കുന്ന മൊബൈൽ ലൈബ്രറിയുമുണ്ട്‌. കേരളോത്സവം ജില്ലാ തലനാടക മത്സരത്തിൽ മികച്ച നാടകം, നടൻ, നടി എന്നീ പുരസ്‌കാരങ്ങൾ നേടി.

സാംസ്‌ക്കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെലോഷിപ്പ് പ്രകാരമുള്ള നാടക, നാടൻപാട്ട് പരിശീലനം ഈ മാസം തുടങ്ങും. പരിക്കളം ശാരദാവിലാസം സ്‌കൂൾ അധ്യാപകൻ സി ജി നിഖിൽ പ്രസിഡന്റും ഗവേഷണ വിദ്യാർഥി ജോബിൻ ഫിലിപ്പ് സെക്രട്ടറിയുമായ കമ്മിറ്റിയാണ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്‌.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!