തുരുത്തി പ്രദേശത്തെ പ്രധാന തോടും അടച്ചു; ദേശീയപാത നവീകരണ പ്രവൃത്തിക്കെതിരെ നാട്ടുകാർ

Share our post

പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരിയിൽ ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള ബൈപ്പാസ് റോഡിന്റെ നിർമ്മാണ പ്രവൃത്തിയുടെ ഭാഗമായി പുഴയിലേക്ക് ചേരുന്ന തോട് അടച്ചു. ഇരുഭാഗത്തും കോൺക്രീറ്റ് ഭിത്തികളും ഉയർന്നു. തോടിന്റെ പുഴയിലേക്ക് ചേരുന്ന ഭാഗം കോൺക്രീറ്റും മണ്ണും നിറച്ച് അടച്ചതോടെയാണ് വീട്ടമ്മമാരും നാട്ടുകാരും എതിർപ്പുമായി രംഗത്തിറങ്ങിയത്.

നീരൊഴുക്ക് തടസ്സപ്പെട്ട തോട്ടിൽ മലിന ജലം കെട്ടിക്കിടന്ന് ദുർഗന്ധവും കൊതുക് ശല്യവും രൂക്ഷമായതോടെയാണ് പ്രതിഷേധം കനത്തത്. കീച്ചേരി കോലത്ത് വയൽ മുതൽ വളപട്ടണം പുഴ വരെ നീണ്ടു കിടക്കുന്ന തോടിന്റെ പാപ്പിനിശ്ശേരി പഞ്ചായത്തിലുള്ള ഭാഗമാണ് ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി മണ്ണിട്ട് നികത്തി നീരൊഴുക്ക് തടസ്സപ്പെടുത്തിയത്.

തുരുത്തി താഴ്ന്ന പ്രദേശമായതിനാൽ തോടിന്റെ നീരൊഴുക്ക് തടസ്സപ്പെടുത്തിയതോടെ വരുന്നമഴക്കാലത്ത് പ്രദേശത്ത് വെള്ളപ്പൊക്ക ഭീഷണി ഉണ്ടാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ. പ്രദേശത്തുള്ള 300 ൽ അധികം കുടുംബങ്ങളെയാണ് ഈ പ്രശ്നം സാരമായി ബാധിക്കുക. ദേശീയപാത വികസനത്തിന്റെ ഭാഗമായി നേരത്തെയും തോട്ടിൽ മണ്ണിട്ടതിനെ തുടർന്ന് നീരൊഴുക്ക് തടസ്സപ്പെട്ടിരുന്നു.

തുടർന്ന് കഴിഞ്ഞ മഴക്കാലത്ത് അധികൃതർ ഇടപ്പെട്ട് താൽക്കാലിക പരീഹാരം ഉറപ്പ് വരുത്തിയിരുന്നു. എല്ലാ ഉറപ്പുകളും ലംഘിച്ചാണ് കഴിഞ്ഞ ദിവസം രാത്രി വീണ്ടും തകൃതിയിൽ പണി തുടങ്ങിയത്.
തുരുത്തിയിലെ ജനവാസ മേഖലയിലൂടെ ഒഴുകുന്ന ബക്കളം തോടും ഇതേ തോട്ടിലാണ് ചേരുന്നത്.

അവിടെയും മലിനവെള്ളം കെട്ടിക്കിടന്ന് വലിയദുരിതമാണ് ദേശവാസികൾ അനുഭവിക്കുന്നത്. ഈ പ്രശ്നം പഞ്ചായത്തധികൃതർ ദേശീയപാത അധികൃതരുമായി ഒരാഴ്ച മുൻപ് സംസാരിച്ച് പരിഹാര നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് വാങ്ങിയിരുന്നു. എന്നാൽ, ഒന്നും വകവയ്ക്കാതെയാണ് നിർമ്മാണ പ്രവൃത്തികൾ പുരോഗമിക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!