കണ്ണൂർ: സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തതിലും മർദിച്ചതിലും പ്രകോപിതനായ വിവിധ കേസുകളിലെ പ്രതി, വളപട്ടണം പൊലീസ് സ്റ്റേഷൻ വളപ്പിലെ വാഹനങ്ങൾ തീവച്ചു നശിപ്പിച്ചു. പൊലീസ് കസ്റ്റഡിയിലെടുത്തിരുന്ന തന്റെ തന്നെ ജീപ്പ് ഉൾപ്പെടെയുള്ള വാഹനങ്ങൾക്കാണു തീയിട്ടത്.
സംഭവത്തിൽ ചിറക്കൽ പട്ടേൽ റോഡിലെ ഷമീമിനെ (ചാണ്ടി ഷമീം – 42) പൊലീസ് അറസ്റ്റു ചെയ്തു.ഇന്നലെ പുലർച്ചെ മൂന്നോടെയാണ് സംഭവം. ജീപ്പ്, കാറ്, ബൈക്ക് എന്നിവ പൂർണമായും സ്കൂട്ടറും മറ്റൊരു കാറും ഭാഗികമായും കത്തി നശിച്ചു. നേരത്തേ കാപ്പ ചുമത്തപ്പെട്ട ഷമീമിന്റെ പേരിൽ വിവിധ സ്റ്റേഷനുകളിലായി 23 കേസുകളുണ്ടെന്നു പൊലീസ് പറഞ്ഞു.
സ്റ്റേഷൻ കെട്ടിടത്തിന്റെ പിറകിൽ നിർത്തിയിട്ട വാഹനങ്ങളാണ് അഗ്നിക്കിരയാക്കിയത്. ജീപ്പിനു തീവച്ചപ്പോൾ സമീപത്തെ വാഹനങ്ങളിലേക്കു വ്യാപിച്ചതാകാമെന്നും സംശയിക്കുന്നു. അഗ്നിശമന സേനയെത്തിയാണു തീയണച്ചത്.
സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലിൽ ഇന്നലെ രാവിലെ പതിനൊന്നോടെ വീടിനു സമീപത്തുള്ള കോട്ടക്കുന്നിൽ വച്ചാണു ഷമീം പിടിയിലായത്. പൊലീസ് പിന്തുടരുന്നതറിഞ്ഞ് കെട്ടിടത്തിനു മുകളിൽ കയറി. കൂടുതൽ പൊലീസെത്തി, സാഹസികമായാണു കീഴ്പ്പെടുത്തിയത്. പൊലീസുകാരായ ലവൻ, കിരൺ, സന്ദീജ് എന്നിവർക്കു മൽപിടിത്തത്തിനിടെ പരുക്കേറ്റു.
ഷമീം ഒറ്റയ്ക്കാണു തീയിട്ടതെന്നു സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നു വ്യക്തമായിട്ടുണ്ടെന്നു സിറ്റി എസി.പി: ടി.കെ.രത്നകുമാർ പറഞ്ഞു. സ്റ്റേഷൻ കെട്ടിടത്തിന്റെ പിറകിലെ റോഡിലൂടെ കോംപൗണ്ടിലേക്ക് കയറിയതാകാമെന്നു സംശയിക്കുന്നു.
മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തുകയായിരുന്നു. വളപട്ടണം സ്റ്റേഷനിലെത്തി പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനു ഷമീമിനും സഹോദരൻ ഷംഷീനുമെതിരെ (44) കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു.
നിരന്തരം പൊലീസ് വീട്ടിലെത്തുന്നത് എന്തിനെന്നറിയാൻ സ്റ്റേഷനിലെത്തിയ ഷംഷീനും ഷമീമും പൊലീസുകാരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും പിടിവലിയിൽ എസ്ഐ: പി.കെ.സന്തോഷിനു പരുക്കേൽക്കുകയും ചെയ്തു. ഇതിനു ശേഷം, ഷമീം സ്കൂട്ടറിൽ കടന്നുകളഞ്ഞു. ഷംഷീനെ പൊലീസ് അറസ്റ്റ് ചെയ്തതിലും മർദിച്ചതിലും പ്രതിഷേധിച്ചാണു തീയിട്ടതെന്നു ഷമീം മൊഴി നൽകിയിട്ടുണ്ട്.
സംഭവ സ്ഥലം സിറ്റി പൊലീസ് കമ്മിഷണർ അജിത് കുമാർ, അഡീഷനൽ എസ്പി: എ.വി.പ്രദീപ്, എസിപി: ടി.കെ.രത്നകുമാർ എന്നിവർ സന്ദർശിച്ചു. എസ്ഐമാരായ രഞ്ജിത്ത്, നിഥിൻ, സിപിഒമാരായ വിൽസൻ ബിനോയ്, ലെവൻ, കിരൺ, സന്ദീജ്, സനൽ എന്നിവരുടെ നേതൃത്വത്തിലാണു ഷമീമിനെ പിടികൂടിയത്. സംഭവത്തിൽ സുരക്ഷാ വീഴ്ച പരിശോധിക്കുമെന്നു സിറ്റി പൊലീസ് കമ്മിഷണർ അജിത്കുമാർ പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്തു.
‘എട്ടനെ തൊട്ടാൽ…’
ഗുണ്ടാ നിയമം ചുമത്തി ജയിലിലടച്ച ഷമീം ഡിസംബറിലാണു പുറത്തിറങ്ങിയത്. വളപട്ടണം സ്റ്റേഷൻ പരിധിയിൽ 9 കേസുകളും മയ്യിൽ, കണ്ണൂർ ടൗൺ, സിറ്റി സ്റ്റേഷൻ പരിധികളിലായി 14 കേസുകളുമുണ്ട്. തട്ടിക്കൊണ്ടുപോകൽ, കഞ്ചാവ് കടത്തൽ, അടിപിടി, ക്വട്ടേഷൻ, വധശ്രമം എന്നിവയുടെ പേരിലാണു കേസുകൾ.
ഇന്നലെ തീവച്ച ജീപ്പ്, വധശ്രമക്കേസിൽ ഒരു കൊല്ലം മുൻപാണു കസ്റ്റഡിയിലെടുത്തത്. ‘എന്റെ എട്ടനെ തൊട്ടവന്മാരുടെ കൈവെട്ടുമെന്നും അത് ഏതു പൊലീസായാലും പട്ടാളമായാലും ശരിയെന്നും’ ഇന്നലെ രാവിലെ ഷമീം ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. വാഹനം കത്തിച്ച ശേഷമാണിതെന്നു പൊലീസ് കരുതുന്നു.