പാടങ്ങൾക്ക്‌ ചെണ്ടുമല്ലിച്ചേല്‌

Share our post

കണ്ണൂർ: പാടങ്ങളിലെ വിരകളെയും കീടങ്ങളെയും അകറ്റാൻ ചെണ്ടുമല്ലിക നട്ടുപിടിപ്പിക്കുന്നത്‌ വ്യാപകമാവുന്നു. ‘നിമാ’ വിരകളെ പ്രതിരോധിക്കുന്നതിന്‌ നെൽപ്പാടങ്ങളിലാണ്‌ ആദ്യം ചെണ്ടുമല്ലിക പരീക്ഷിച്ചത്. പാടത്തിന്‌ അഴകായി ചെണ്ടുമല്ലികകൾ പൂത്തുലഞ്ഞപ്പോൾ നെല്ലിന്റെ ‘നിമാ’ ശല്യവും ഇല്ലാതായി. നെല്ലിന്റെ മുഞ്ഞബാധ തടയുന്നതിനും ചെണ്ടുമല്ലിക ഫലപ്രദമാണെന്നാണ്‌ കർഷകരുടെ അനുഭവം.

ചെണ്ടുമല്ലികയുടെ വേരിൽനിന്നുള്ള ഘടകങ്ങളാണ്‌ നിമാ വിരകളെ അകറ്റുന്നത്‌. നിമാ വിരകളെ തടയുന്നതിന്‌ നേന്ത്രവാഴ തോട്ടങ്ങളിലും പച്ചക്കറിപ്പാടങ്ങളിലും ഇപ്പോൾ ചെണ്ടുമല്ലിക വ്യാപകമായി നട്ടുതുടങ്ങി. തക്കാളി കൃഷിയിലാണ്‌ പരീക്ഷണം കൂടുതൽ വിജയിച്ചിട്ടുള്ളത്‌. തക്കാളി വിത്തിട്ട്‌ ഇരുപത്‌ ദിവസത്തിനുശേഷമാണ്‌ ചെണ്ടുമല്ലിക പാകുക.

തക്കാളിയും ചെണ്ടുമല്ലികയും ഒരേ സമയത്ത്‌ പൂവിടുന്നതിനാണ്‌ ഈ സമയക്രമം. രണ്ടും പൂവിടുമ്പോൾ കായ്‌ ഈച്ചകൾ ചെണ്ടുമല്ലികയിലേക്ക്‌ ആകർഷിക്കപ്പെടും. ഇതോടെ തക്കാളിക്ക്‌ കായ്‌ ഈച്ച ശല്യം കുറയും. ചെണ്ടുമല്ലികയുടെ ഗന്ധവും കീടങ്ങളെ അകറ്റുമെന്നും കർഷകർ പറയുന്നു. കാബേജ്‌ കൃഷിയിലും ചെണ്ടുമല്ലിക കീടനാശിനിയായി പരീക്ഷിക്കുന്നുണ്ട്‌.

കയരളം നണിയൂർ നമ്പ്രത്തെ കെ.എസ്‌.ആർ.ടി.സി ഡ്രൈവർ പി പി സജീവന്റെ പച്ചക്കറി പാടത്ത്‌ ചെണ്ടുമല്ലിക ഉൾപ്പെടെയുള്ള ചെടികൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്‌. ഈ പാടത്ത്‌ കാര്യമായ കീടബാധയില്ല. വെള്ളരി, താലോലി, പച്ചമുളക്‌, പയർ, വെണ്ടക്ക തുടങ്ങിയ പച്ചക്കറികൾ ഇവിടെ സമൃദ്ധമായി വളരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!