ഇവിടെ തണ്ണീർമത്തൻ ദിനങ്ങൾ

Share our post

കണ്ണപുരം: കൃത്യതാ കൃഷിയിലൂടെ തണ്ണീർ മത്തൻ ഉൽപ്പാദനത്തിൽ വൻ നേട്ടം കൊയ്യുകയാണ് കണ്ണപുരം കീഴറയിലെ പ്രവീൺ പുതുശേരി. വെള്ളവും വളവും അവശ്യമൂലകങ്ങളും കൃത്യമായ അളവിൽ യഥാസമയം ലഭ്യമാക്കിയാണ് ഈ നേട്ടം. വിവിധതരം തണ്ണീർ മത്തൻ പ്രവീൺ ഒരുമിച്ചാണ് കൃഷിയിറക്കിയത്. 60 ദിവസംകൊണ്ട് വിളവെടുക്കാനാകുമെന്നതാണ്‌ പ്രത്യേകത. പാടങ്ങളിലെ വിളകൾക്ക് ചെറുപൈപ്പുകളിലൂടെ വെള്ളം ലഭ്യമാക്കുന്നതാണ് കൃത്യതാ കൃഷി (പ്രിസിഷൻ ഫാമിങ്‌).

മണ്ണൊരുക്കിയ ശേഷം ആവശ്യമായ അടിവളം ചേർത്ത് മണൽ നീളത്തിൽ കൂനകൂട്ടും. അതിൻമേൽ പോളിത്തീൻ കവർ കൊണ്ട് മൂടിയ ശേഷം നിശ്ചിത അകലത്തിൽ വിളകളുടെ തൈകൾ നടും. പോളിത്തീൻ കവറിനുള്ളിലൂടെ ഓരോ ചെടിയുടെയും ചോട്ടിൽ വെള്ളത്തിന്റെ പൈപ്പ് തുറന്നുവയ്‌ക്കും.

വെള്ളം ആവശ്യമുള്ളപ്പോൾ മോട്ടോർ പ്രവർത്തിപ്പിച്ചാണ് ചെടികൾക്ക് വെള്ളം ലഭ്യമാക്കുക. ഒരേ സമയത്ത് കൃത്യമായ അളവിൽ എല്ലാ ചെടികൾക്കും വെള്ളം കിട്ടും. വെള്ളത്തിൽ ചേർത്ത് നൽകാൻ പറ്റുന്ന മറ്റ് വളങ്ങളും മൂലകങ്ങളും പൈപ്പിലൂടെ നൽകാനും സംവിധാനമുണ്ട്. പോളിത്തീൻ ഷീറ്റ് മൂന്ന് തവണയും പൈപ്പ് പല തവണയും ഉപയോഗിക്കാൻ സാധിക്കും.

കുറഞ്ഞ മനുഷ്യാധ്വാനവും സാധാരണ ജലസേചനരീതിയുടെ പത്തിലൊന്ന് വെള്ളവും മാത്രമേ കൃത്യതാ കൃഷിക്ക് ആവശ്യമുള്ളൂ. കൃത്യമായ പരാഗണത്തിനായ് തോട്ടത്തിൽ തേനീച്ചക്കൂടും സ്ഥാപിച്ചിട്ടുണ്ട്. ഇതുവഴി വിളവർധനയ്‌ക്കൊപ്പം തേനുൽപ്പാദനവും നല്ല നിലയിൽ നടക്കുന്നു.

പ്രവീൺ അഞ്ച് വർഷത്തോളമായി പ്രിസിഷൻ ഫാമിങ് രംഗത്തുണ്ട്. കണ്ണപുരം കീഴറയിലും കാവുങ്കലും ഓരോ ഏക്കർ സ്ഥലത്താണ് തണ്ണീർ മത്തൻ കൃഷി. ഷമാം, പയർ, വെള്ളരി കൃഷിയുമുണ്ട്. കണ്ണപുരം കൃഷിഭവൻ മുഖാന്തരം കൃഷി വകുപ്പിന്റെ സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ ആർകെവിവൈ പദ്ധതി പ്രകാരമാണ് കൃഷിയിറക്കിയത്.

കൃത്യതാ കൃഷിക്ക് ഏക്കറിന് സംസ്ഥാന കൃഷിവകുപ്പ് 39,000 രൂപ സബ്സിഡി നൽകും. വെള്ളത്തിന്റെ ലഭ്യത കുറഞ്ഞ പ്രദേശങ്ങളിലും നല്ല നിലയിൽ വിളവ് ലഭിക്കാൻ കൃത്യത കൃഷിയിലൂടെ സാധിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!