മൂക്കുപൊത്തി ജനം; കണ്ണടച്ച് അധികൃതർ

പരിയാരം : മികച്ച മലിനജല ശുദ്ധീകരണ പ്ലാന്റിനുള്ള സംസ്ഥാന മലിനീകരണ നിയന്ത്രണ നിയന്ത്രണ ബോർഡിന്റ പുരസ്കാരം 2 തവണ ലഭിച്ച പരിയാരം മെഡിക്കൽ കോളജിൽ മൂക്കുപൊത്തി നടക്കേണ്ട സ്ഥിതി. മലിനജല ശുദ്ധീകരണ പ്ലാന്റ് പ്രവർത്തനം നിലച്ചിട്ട് ഒരു വർഷമായി.
ഇപ്പൊ ശരിയാക്കും, ഇന്ന് ശരിയാക്കും, നാളെ ശരിയാകും എന്നു പറയുന്നതല്ലാതെ ഒന്നും നടക്കുന്നില്ല. മൂക്കുപൊത്തുന്നതിനൊപ്പം കണ്ണുകൂടി അടച്ചാണ് അധികൃതരുടെ നടപ്പെന്നാണ് വിമർശനം.പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലെ സ്ഥാപനങ്ങളിലെ ശുചിമുറിയിൽ നിന്നുൾപ്പെടെയുള്ള മലിനജലം ശുദ്ധീകരിക്കുന്ന പ്ലാന്റാണ് ഒരു വർഷമായി പ്രവർത്തിക്കാതെ കിടക്കുന്നത്.
എന്താണ് പ്രശ്നം
മലിനജലം ശുദ്ധീകരിക്കുന്ന പ്ലാന്റിലെ മോട്ടർ തകരാറിലയാതാണു പ്ലാന്റിൽ ശാസ്ത്രീയമായ ശുദ്ധീകരണ പ്രവൃത്തി നിലയ്ക്കാൻ കാരണം.നിലവിൽ പ്ലാന്റിലെ 10 മോട്ടറുകളിൽ 2 എണ്ണം മാത്രമാണ് പ്രവർത്തിക്കുന്നത്. 10 ലക്ഷം ലീറ്റർ മലിനജലം ശുദ്ധീകരിക്കേണ്ട പ്ലാന്റിലെ മോട്ടർ യഥാസമയം മാറ്റി സ്ഥാപിക്കാനോ അറ്റകുറ്റപ്പണി നടത്താനോ അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ വർഷം വരെ 24 മണിക്കൂറും പ്രവർത്തിച്ച പ്ലാന്റിനാണ് ഈ ദുർവിധി.
അതൊരു കാലം
2004ൽ അന്ന് പരിയാരം മെഡിക്കൽ കോളജ് ആശുപത്രി ചെയർമാർമാനായ എം.വി.രാഘവന്റെ ഭരണസമിതിയാണ് സൂവിജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിച്ചത്. കഴിഞ്ഞ വർഷം വരെ 24 മണിക്കൂറും പ്ലാന്റ് പ്രവർത്തിച്ച് ശുദ്ധീകരണം നടന്നിരുന്നു. ഇതാണ് സംസ്ഥാന സർക്കാരിന്റെ പുരസ്കാരം നേടാൻ സഹായിച്ചത്.