താങ്ങുവിലയുണ്ട്, സംഭരണ കേന്ദ്രങ്ങളില്ല; കശുവണ്ടി കൃഷി ഉപേക്ഷിക്കണോ മലയോര കർഷകർ ?

പേരാവൂർ: കശുവണ്ടിക്ക് സർക്കാർ 114 രൂപ താങ്ങുവില പ്രഖ്യാപിച്ചെങ്കിലും ശേഖരണത്തിനായി മലയോരത്ത് സംഭരണ കേന്ദ്രങ്ങളില്ലാത്തത് കർഷകരെ പ്രതിസന്ധിയിലാക്കുന്നു.
വിവിധ കർഷക സംഘടനകളും രാഷ്ട്രീയ പാർട്ടികളും 150 മുതൽ 200 രൂപ വരെ കശുവണ്ടിക്ക് താങ്ങുവില നിശ്ചയിക്കണമെന്നാവശ്യപ്പെട്ടിരുന്നെങ്കിലും 114 രൂപ മാത്രമാണ് സർക്കാർ പ്രഖ്യാപിച്ചത്.
ഇതോടെ 120 രൂപക്കടുത്ത് വിലയുണ്ടായിരുന്ന പൊതുവിപണിയിലും കശുവണ്ടിക്ക് 114 രൂപയായി. വില ഇനിയും ഇടിയുമെന്നാണ് വ്യാപാരികൾ പറയുന്നത്.
കാലാവസ്ഥ വ്യതിയാനവും ഉൽപാദനക്കുറവും കാരണം ദുരിതത്തിലായ കർഷകരുടെ പ്രതീക്ഷകൾക്ക് സംഭരണ കേന്ദ്രങ്ങളുടെ അഭാവം മങ്ങലേൽപ്പിച്ചൂ.
ഡിസംബറിലും ജനുവരിയിലും പെയ്ത മഴ ഉൽപാനത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. നിലവിലുള്ള കടുത്ത ചൂടിൽ പൂ കരിയുന്നതായും പിഞ്ചണ്ടി ഉണങ്ങുന്നതായും കർഷകർ പറയുന്നു.
മലയോര മേഖലയിൽ രൂക്ഷമായ വന്യമൃഗ ശല്യവും കശുവണ്ടി ശേഖരണത്തെയും വിളവെടുപ്പിനെയയും ബാധിക്കുന്നുണ്ട്. മുള്ളൻ പന്നിയും കുരങ്ങും മലയണ്ണാനും വ്യാപകമായി കശുവണ്ടി നശിപ്പിക്കുന്നു. ഒരു കാലത്ത് റബർ മുറിച്ച് കശുവണ്ടി കൃഷിയിലേക്ക് കടന്നവർ ഇപ്പോൾ മറ്റൊന്നിലേക്ക് മാറേണ്ടി വരുമെന്ന ആശങ്കയിലാണ്.