കെ.എസ്.ആര്‍.ടി.സി. റൂട്ട് ഏറ്റെടുത്തു; രണ്ടരപ്പതിറ്റാണ്ടിന്റെ ഓട്ടം അവസാനിപ്പിച്ച് ഹോളി ഫാമിലി

Share our post

കെ.എസ്.ആര്‍.ടി.സി. 140-ല്‍ അധികം കിലോമീറ്ററുള്ള ദീര്‍ഘദൂര റൂട്ടുകള്‍ ഏറ്റെടുത്തതോടെ സംസ്ഥാനത്തിന്റെ രണ്ടറ്റത്തുള്ള കുടിയേറ്റ മേഖലകളെ ബന്ധിപ്പിച്ച് 25 വര്‍ഷങ്ങളായി സര്‍വീസ് നടത്തിയിരുന്ന ഹോളി ഫാമിലി ബസ് സര്‍വീസ് നിര്‍ത്തി. തൊണ്ണൂറുകളുടെ അവസാനമാണ് കട്ടപ്പനയെയും കണ്ണൂര്‍ ജില്ലയിലെ ശ്രീകണ്ഠപുരത്തെയും ബന്ധിപ്പിച്ച് ഹൈറേഞ്ച്-മലബാര്‍ നൈറ്റ് എക്‌സ്പ്രസ് എന്ന പേരില്‍ ഹോളി ഫാമിലി ബസ് സര്‍വീസ് ആരംഭിക്കുന്നത്.

കോട്ടയം ജില്ലയിലെ മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്കുകളില്‍നിന്ന് കുടിയേറിയ കര്‍ഷകരുടെ സാന്നിധ്യം രണ്ടിടത്തുമുള്ളതാണ് ഇങ്ങനെയൊരു ബസ് റൂട്ടിന് വഴിയൊരുക്കിയത്. ബസ് മാനേജ്‌മെന്റിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിയില്ല. കട്ടപ്പന സ്റ്റാന്‍ഡില്‍ നിന്ന് ബസ് പുറപ്പെടുമ്പോള്‍തന്നെ സീറ്റുകള്‍ നിറയും. ഹൈറേഞ്ചിലേയും മലബാറിലേയും യാത്രക്കാര്‍ ഈ ബസ് റൂട്ടിനെ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.

രണ്ട് ബസുകളാണ് 450-ല്‍ അധികം കിലോമീറ്ററുള്ള ഈ റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്നത്. വൈകിട്ട് 6.30-ന് കട്ടപ്പന സ്റ്റാന്‍ഡില്‍ നിന്ന് പുറപ്പെടുന്ന ബസ് രാവിലെ ഏഴിന് കണ്ണൂരെത്തും. അതേസമയത്ത് തന്നെ കണ്ണൂരില്‍ നിന്നുള്ള ബസ് കട്ടപ്പനയിലേക്കും പുറപ്പെട്ടിട്ടുണ്ടാകും. യാത്രക്കാര്‍ക്ക് പുറമെ, വിവിധ വസ്തുക്കളും ലഗേജുകളും അയയ്ക്കാനും ബസ് സര്‍വീസിനെ മലബാറിലും ഹൈറേഞ്ചിലും താമസിക്കുന്ന ആളുകള്‍ ഈ ബസ് സര്‍വീസിനെ ഉപയോഗിച്ചിരുന്നു.

സര്‍വീസ് നിര്‍ത്താന്‍ നിര്‍ബന്ധിതരായിരിക്കുന്ന വിവരം ബസ് മാനേജ്‌മെന്റ് മാര്‍ച്ച് രണ്ടാം തീയതി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. സംസ്ഥാന ഗതാഗത വകുപ്പിന്റെ നിര്‍ദേശ പ്രകാരം 140 കിലോമീറ്ററില്‍ കൂടുതല്‍ ദൂരം ഓടുന്ന പ്രൈവറ്റ് ബസുകള്‍ നിര്‍ത്തിവെക്കാനുള്ള ഉത്തരവ് നമുക്കും ലഭിച്ചിരിക്കുകയാണ്. ഈ നിര്‍ദേശം പാലിച്ച് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സര്‍വീസ് നിര്‍ത്തിവയ്ക്കുകയാണ്. യാത്രക്കാര്‍ നല്‍കിയ സഹകരണത്തിന് നന്ദി എന്ന കുറിപ്പാണ് ബസ് മാനേജ്‌മെന്റ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!