മൂന്ന് മാസമായി ശമ്പളമില്ലാതെ ഹാൻവീവ് ജീവനക്കാർ

കണ്ണൂർ: കേരള സംസ്ഥാന കൈത്തറി വികസന കോർപറേഷൻ (ഹാൻവീവ്) ജീവനക്കാർക്കും നെയ്ത്ത് തൊഴിലാളികൾക്കും മൂന്ന് മാസമായി ശമ്പളവും ആനുകൂല്യവും ലഭിക്കുന്നില്ല. ഏതാണ്ട് 180 ജീവനക്കാരും 2,000 നെയ്ത്ത് തൊഴിലാളികളും ജോലി ചെയ്യുന്ന സ്ഥാപനത്തിൽ 2022 നവംബർ മാസത്തെ ശമ്പളവും കൂലിയമാണ് അവസാനമായി ലഭിച്ചത്.
ശമ്പളം മുടങ്ങിയതോടെ ജീവനക്കാർ ദുരിതത്തിലായിരിക്കുകയാണ്.മാർച്ച് മാസം ആദ്യവാരം കഴിഞ്ഞിട്ടും ശമ്പള വിതരണം സംബന്ധിച്ച് മാനേജ്മെന്റ് ഒരു ഉറപ്പും നൽകുന്നില്ലെന്നു ജീവനക്കാർ പറയുന്നു. ജീവനക്കാരുടെ പ്രമോഷൻ ഗ്രേഡ് ആനുകൂല്യങ്ങൾ നീളുകയാണ്. വർക്കർ വിഭാഗം ജീവനക്കാരുടെ ഗ്രേഡ് ആനുകൂല്യങ്ങൾ 5 വർഷമായി മുടങ്ങിയിട്ട്.
അഡ്മിനിസ്ട്രേഷൻ അക്കൗണ്ട്സ് വിഭാഗം ജീവനക്കാരെ മാത്രം പ്രമോഷൻ നൽകി ഇൻചാർജ് ആയി നിയമിച്ചതിലൂടെ കോർപറേഷന്റെ പ്രവർത്തനം താറുമാറായെന്ന് ജീവനക്കാർ ആരോപിക്കുന്നു. പ്രമോഷൻ നിരസിച്ചവർക്ക് പോലും ഇഷ്ടാനുസരണം വീണ്ടും പ്രമോഷൻ ലഭിക്കുമ്പോഴും ഉൽപാദന വിപണന വിഭാഗം ജീവനക്കാർ ജോലിയിൽ പ്രവേശിച്ച അതേ തസ്തികയിൽ തന്നെ വിരമിക്കുകയാണെന്ന അവസ്ഥയുമുണ്ട്.
അടുത്ത ആഴ്ച നൽകാനായേക്കും ടി.കെ.ഗോവിന്ദൻ (ചെയർമാൻ, ഹാൻവീവ്)
ബിൽ ഡിസ്കൗണ്ടിങ് സിസ്റ്റം പ്രകാരം ബാങ്കിൽ നിന്നു പണം കണ്ടെത്താൻ ശ്രമിക്കുന്നുണ്ട്. സർക്കാർ ഇത് അംഗീകരിച്ചിട്ടുണ്ട്. അടുത്ത ആഴ്ച ശമ്പളം കൊടുക്കാൻ കഴിയുമെന്നാണു പ്രതീക്ഷ.