ശുദ്ധജലവും മുട്ടിച്ച് ക്വാറികൾ: നാടുവിട്ടു പോകാനൊക്കുമോ? നടപടി വേണമെന്ന് നാട്ടുകാർ

Share our post

ഇരിക്കൂർ: ‘ഒന്നുകിൽ ക്വാറികളുടെ പ്രവർത്തനം നിർത്തണം അല്ലെങ്കിൽ കാലവർഷമില്ലാതിരിക്കണം! അനധികൃത ചെങ്കൽ ഖനനത്തിൽ പൊറുതിമുട്ടിയ കല്യാട് നിവാസികളുടെ ദുരിതമാണ് വാക്കുകളിൽ. ചെങ്കൽ ഖനനം മൂലം മഴക്കാലത്ത് വീട്ടുകിണറുകളും പൊതുകിണറുകളും മലിനമാകുന്നതാണ് ദുരിതത്തിനു കാരണം.

മഴക്കാലം തുടങ്ങിയാൽ കല്യാട് തെരുവ്, കുതിരപ്പാറ, കല്യാട് എയുപി സ്കൂൾ പരിസരം എന്നിവിടങ്ങളിലെ 50ലേറെ വീട്ടുകാരുടെ കിണർ വെള്ളമാണ് മലിനമാകുന്നത്. കുന്നിൻ മുകളിലെ ചെങ്കൽ ക്വാറികളിൽ നിന്നു മഴക്കാലത്ത് ചെളിവെള്ളം ഉറവയായി കിണറുകളിലേക്ക് എത്തുന്നതാണ് ദുരിതത്തിനു കാരണം. ജൂൺ മുതൽ സെപ്റ്റംബർ വരെ ഇതുതന്നെയാണ് അവസ്ഥ.

കിണർ വെള്ളം മലിനമായാൽ ദൂരെയുള്ള മറ്റു പ്രദേശങ്ങളിലെ ജല സ്രോതസുകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് വീട്ടുകാർ. കിണർ വെള്ളം മലിനമായതിനെ തുടർന്ന് വീടുമാറി പോയവരും പ്രദേശത്തുണ്ട്.

ജനങ്ങൾക്ക് ദുരിതമായ ക്വാറികൾ നിർത്തലാക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കല്യാട് ജനകീയ സമിതിയുടെ നേതൃത്വത്തിൽ 271 പേർ ഒപ്പിട്ട നിവേദനം ജില്ലാ കളക്ടർ, ജിയോളജി, വില്ലേജ് ഓഫിസർ എന്നിവർക്ക് ഉൾപ്പെടെ കഴിഞ്ഞ ജനുവരിയിൽ നൽകിയിട്ടുണ്ടെങ്കിലും നടപടിയൊന്നുമുണ്ടായിട്ടില്ല. വേനലിൽ പൊടിശല്യവും മഴക്കാലത്ത് ചെളിവെള്ളവും മൂലം എക്കാലവും ദുരിതമനുഭവിക്കേണ്ട അവസ്ഥയിലാണ് കല്യാടുകാർ.

“പടിയൂർ-കല്യാട് മേഖലയിലെ അനധികൃത ചെങ്കൽ ഖനനത്തിനെതിരെ കർശന നടപടി സ്വീകരിക്കും. പ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ റവന്യു സംഘം പരിശോധന നടത്തും. റവന്യു ഭൂമിയും മിച്ചഭൂമിയും കയ്യേറി ഖനനം നടത്തുന്നുണ്ടെങ്കിൽ അത്തരക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കും.” – തഹസിൽദാർ, ഇരിട്ടി


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!