കുയിലൂരിൽ യുവാവിന്റെ സംസ്കാരച്ചടങ്ങിനിടെ സി.പി.എം.-ബി.ജെ.പി. പ്രവർത്തകർ ഏറ്റുമുട്ടി

Share our post

ഇരിട്ടി: മരിച്ച യുവാവിനെ തങ്ങളുടെ അനുഭാവിയാക്കാൻ സി.പി.എമ്മും ബി.ജെ.പി.യും മത്സരിച്ചപ്പോൾ മരണവീട്ടൽ കൂട്ടയടി. പിടിവലിക്കിടയിൽ മൃതദേഹം ഒരുവിഭാഗത്തിന്റെ അധീനതയിലായപ്പോൾ ശ്മശാനത്തിൽ സംസ്കരിക്കാനെത്തിച്ച വിറകുമേന്തി പോർവിളി. ഒടുവിൽ നാല്‌ സ്റ്റേഷനുകളിൽനിന്നുള്ള പോലീസിന്റെ കാവലിൽ ചിത കത്തിയമർന്നു.

കുടുംബത്തിന് നിത്യവേദനയും നാട്ടുകർക്ക് തീരാകളങ്കവുമായ സംഭവം നടന്നത് കുയിലൂരിലാണ്. ഞായറാഴ്ചയാണ് കുയിലൂരിലെ ചന്ത്രോത്ത് വീട്ടിൽ എൻ.വി.പ്രജിത്ത് (40) മരിച്ചത്. പോസ്റ്റ്മോർട്ടത്തിനുശേഷം ഞായറാഴ്ച വൈകിട്ട് അഞ്ചോടെ മൃതദേഹം വീട്ടിലെത്തിച്ചു.

തിരുവനന്തപുരത്തുള്ള സഹോദരന്റെ വരവിനായി വൈകിട്ട് ഏഴുവരെ വീട്ടിൽ പൊതുദർശനത്തിനുവെച്ചു. സഹോദരൻ അന്തിമോപചാരം അർപ്പിച്ച് മൃതദേഹം ദഹിപ്പിക്കാനെടുക്കുന്നതിനിടയിലാണ് സംഘർഷമുണ്ടായത്.

നേരത്തേ ബി.ജെ.പി. ബൂത്ത് പ്രസിഡന്റായിരുന്നു പ്രജിത്ത്. എന്നാൽ പ്രജിത്തിന്റെ കുടുംബം സി.പി.എം. അനുഭാവികളാണ്. മൃതദേഹം വീട്ടിൽനിന്നെടുക്കുമ്പോൾ ശാന്തിമന്ത്രം ചൊല്ലാൻ പ്രജിത്തിന്റെ സുഹൃത്തുക്കളും പാർട്ടിപ്രവർത്തകരും കൈയിൽ പൂക്കൾ കരുതിയിരുന്നു.

ഇവർ ശാന്തിമന്ത്രം ചൊല്ലുന്നതിനിടയിൽ സി.പി.എം. അനുകൂലവിഭാഗം മൃതദേഹം സംസ്കരിക്കാനെടുത്തതോടെ പിടിവലിയായി. പിടിവലിക്കിടയിൽ മൃതദേഹം വരുതിയിലായ വിഭാഗം മൃതദേഹവുമായി ശ്മശാനത്തിലേക്ക് കുതിച്ചു. പിന്നാലെ പോർവിളിയുമായി മറുവിഭാഗവുമെത്തി. ചിതയിൽ കിടത്തിയ മൃതദേഹത്തിനുചുറ്റും സംസ്കരിക്കാനെത്തിച്ച വിറകുമായി പോർവിളിയും ഉന്തും തള്ളുമായി. ഇതിനിടയിൽ ചിലർക്ക് മർദനവുമേറ്റു.

സ്ഥലത്തെത്തിയ ഇരിക്കൂർ എസ്.ഐ. ദിനേശൻ കൊതേരി മൃതദേഹത്തിനടുത്തുനിന്ന് എല്ലാവരെയും മാറ്റി ഐവർമഠം അധികൃതരെയും ബന്ധുക്കളെയും മാത്രം നിർത്തി. ഇതിനിടയിൽ ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ റിപ്പോർട്ടിനെത്തുടർന്ന് ഇരിട്ടി സി.ഐ. കെ.ജെ.ബിനോയിയുടെ നേതൃത്വത്തിൽ ഇരിട്ടി, ഉളിക്കൽ, കരിക്കോട്ടക്കരി പോലീസ് സ്റ്റേഷനുകളിൽനിന്നായി മുപ്പതിലധികം പോലീസുകാരും സ്ഥലത്തെത്തി.

കൂടുതൽ പോലീസെത്തിയതോടെ പലരും ഉൾവലിഞ്ഞു. രാത്രി 10-ഓടെ മൃതദേഹം കത്തിത്തീർന്ന ശേഷമാണ് പോലീസ് പിൻവാങ്ങിയത്. ആർക്കെതിരേയും കേസെടുത്തിട്ടില്ല. സംഘർഷസാധ്യത കണക്കിലെടുത്ത് തിങ്കളാഴ്ച വൈകിട്ട് ഇരിക്കൂർ പോലീസ് സ്റ്റേഷനിൽ ഇരുവിഭാഗത്തിന്റെയും യോഗം വിളിച്ചിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!