കളിച്ചുല്ലസിക്കാം കുട്ടികൾക്ക്‌

Share our post

തലശേരി: കുട്ടികളുടെ ഉല്ലാസകേന്ദ്രമായി ഇനി സെന്റിനറി പാർക്ക്‌ മാറും. ഓപ്പൺ ജിംനേഷ്യം ഉൾപ്പെടെ വിപുലമായ സംവിധാനങ്ങളാണ്‌ പാർക്കിൽ സജ്ജീകരിക്കുക. ഉദ്യാന നവീകരണ പ്രവൃത്തി ബുധനാഴ്‌ച ആരംഭിച്ചു.

ജില്ലാ കോടതിക്ക്‌ മുന്നിൽ അറബിക്കടലിന്റെ തീരത്ത്‌ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായാണ്‌ പാർക്ക്‌ വികസിപ്പിക്കുന്നത്‌. റിക്രിയേഷൻ സെന്റർ, കൾച്ചറൽ സെന്റർ, റീഡേഴ്‌സ്‌ കോർണർ തുടങ്ങിയ സംവിധാനങ്ങളും പാർക്കിലുണ്ടാകും. കുടുംബത്തോടെ പാർക്കിലെത്തിയാൽ ഓരോരുത്തരുടെയും അഭിരുചിക്കനുസരിച്ച്‌ ഇടങ്ങൾ തെരഞ്ഞെടുക്കാം. സാംസ്‌കാരിക പരിപാടിക്കും ഭാവിയിൽ ഇവിടം വേദിയാവും. വായനയോട്‌ താൽപ്പര്യമുള്ളവർക്കായി പുസ്‌തകങ്ങൾ സജ്ജീകരിക്കും.

കടൽകാറ്റേറ്റ്‌ ഈ തീരത്തിരുന്ന്‌ അറിവിന്റെ ആകാശംതേടാം. നേരത്തെ കോടിയേരി ബാലകൃഷ്‌ണൻ ടൂറിസം മന്ത്രിയായിരിക്കെയാണ്‌ ഉദ്യാനം വികസിപ്പിച്ചത്‌. ദേശീയപാതയോരത്തുള്ള സെന്റിനറി പാർക്ക്‌ സംരക്ഷണമില്ലാതെ നശിക്കുകയായിരുന്നു. ആർക്കും ഏതുനേരവും കയറാവുന്ന നിലയിലായിരുന്നു ഇതേവരെ. പലവിധത്തിലുള്ള ആക്ഷേപങ്ങളും സമീപകാലത്ത്‌ ഉയർന്നു.

ഈ സാഹചര്യത്തിലാണ്‌ നടത്തിപ്പിനും സംരക്ഷണത്തിനുമായി തലശേരി കോ–-ഓപ്പറേറ്റീവ്‌ റൂറൽ ബാങ്കിനെ ഏൽപ്പിക്കാൻ നഗരസഭ തീരുമാനിച്ചത്‌. സെന്റിനറി പാർക്കിനോട്‌ ചേർന്ന സ്ഥലത്താണ്‌ കെ .രാഘവൻ മാസ്‌റ്റർ അന്ത്യവിശ്രമം കൊള്ളുന്നത്‌.

സംഗീതാചാര്യന്റെ ഓർമ ഉണരുന്ന ഇടംകൂടിയാവും നവീകരിക്കുന്ന ഉദ്യാനവും അനുബന്ധ സംവിധാനവും. നവീകരണത്തിനുള്ള വിശദമായ രൂപരേഖ തയ്യാറായി.
മികച്ച 
സൗകര്യമൊരുക്കും
സെന്റിനറി പാർക്കിൽ കുട്ടികൾക്കും മുതിർന്നവർക്കും ഉല്ലാസത്തിനും വിശ്രമത്തിനുമുള്ള മികച്ച സൗകര്യമൊരുക്കുമെന്ന്‌ കോ–-ഓപ്പറേറ്റീവ്‌ റൂറൽ ബാങ്ക്‌ പ്രസിഡന്റ്‌ സി വത്സൻ പറഞ്ഞു. പാർക്ക്‌ നവീകരണത്തിന്‌ നഗരസഭയുടെ എല്ലാവിധ പിന്തുണയും സഹായവുമുണ്ടാവുമെന്ന്‌ ചെയർമാൻ കെ എം ജമുനാറാണിയും വൈസ്‌ ചെയർമാൻ വാഴയിൽ ശശിയും പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!