റോബോട്ടുകൾ ഈ വീടിന്റെ ഐശ്വര്യം

കൊച്ചി: പുത്തൻകുരിശുകാരൻ പി എസ് സുബ്രഹ്മണ്യത്തിന്റെ വീട്ടിലെത്തുന്ന അതിഥികളെ സ്വീകരിക്കുന്നത് ഒരു സംഘം റോബോട്ടുകളാണ്. ഹലോ പറഞ്ഞ് വീട്ടിലേക്ക് ആനയിക്കുന്നതും ചായ കൊണ്ടുവരുന്നതുമെല്ലാം റോബോട്ടുകൾതന്നെ. പത്താംക്ലാസ് വിദ്യാഭ്യാസംമാത്രമാണ് സുബ്രഹ്മണ്യത്തിനുള്ളത്.
സ്വർണപ്പണിക്കാരനായ സുബ്രഹ്മണ്യം പുസ്‌തകങ്ങൾ, വ്യവസായപ്രദർശനങ്ങൾ എന്നിവയിൽനിന്നാണ് റോബോട്ട് നിർമാണത്തെക്കുറിച്ച് മനസ്സിലാക്കിയത്. പാഴ്‌വസ്‌തുക്കൾകൊണ്ടാണ് നിർമാണം.
പി.വി.സി പൈപ്പുകളും കസേരയുടെ ബെയറിങ്ങുമെല്ലാം ഇദ്ദേഹത്തിന്റെ കൈയിലെത്തുമ്പോൾ റോബോട്ടുകളായി മാറുന്നു. സംസ്ഥാന വ്യവസായവകുപ്പ് സംഘടിപ്പിച്ച വ്യവസായ യന്ത്ര പ്രദർശനമേളയിലാണ് തന്റെ റോബോട്ടുകളുമായി സുബ്രഹ്മണ്യം എത്തിയത്.
ട്രാഫിക് നിയന്ത്രിക്കാൻ സാധിക്കുന്ന റോബോട്ടിനെയും ഇക്കൂട്ടത്തിൽ കാണാം. അവതാർ സിനിമയുടെ രൂപത്|തിലുള്ളവയും ചിലന്തിയുമെല്ലാമുണ്ട്. കുടക്കമ്പിയും തേങ്ങയുടെ തൊണ്ടുമെല്ലാമാണ് ചിലന്തി റോബോട്ടിന്റെ നിർമാണവസ്‌തുക്കൾ. ചെറുപ്പംമുതലേ റോബോട്ടുകളോട് പ്രത്യേക ഇഷ്ടമായിരുന്നുവെന്ന് സുബ്രഹ്മണ്യം പറഞ്ഞു.
വിദ്യാർഥികൾക്ക് സ്‌കൂൾ പ്രോജക്ടുകൾക്ക് നിലവിൽ റോബോട്ടുകളെ നിർമിച്ചുകൊടുക്കുന്നുണ്ട്. വ്യാവസായികാടിസ്ഥാനത്തിൽ റോബോട്ട് നിർമാണവുമായി മുന്നോട്ടുപോകണമെന്നതാണ് ഇദ്ദേഹത്തിന്റെ സ്വപ്‌നം.